ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസും സി.പി.എമ്മും ഒരുപോലെ അവഗണിച്ചു; അതിൽ കുറ്റബോധമുണ്ട്; ആ ശബ്ദം ഇനി ജനങ്ങൾക്ക് വേണ്ടി മുഴങ്ങും; പുതിയ സംരംഭത്തിന് തിരി തെളിച്ച് വി.ഡി സതീശൻ

ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യൂട്യൂബ് ചാനലിന്റെ ഔപചാരിക ഉദ്‌ഘാടനം തിരുവനന്തപുരം പ്രസ്സ് ക്ലബിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിച്ചു. വാർത്തകളുടെ മർമ്മം അറിയാവുന്നയാളാണ് ചെറിയാൻ ഫിലിപ്പ്. യൂട്യൂബ് ചാനലിലൂടെ മാത്രം പ്രതികരിക്കേണ്ടിയിരുന്ന വ്യക്തിയായിരുന്നില്ല അദ്ദേഹം. പാർലമെന്റിലോ നിയമ സഭയിലോ പ്രതികരിക്കേണ്ടിയിരുന്ന ഒരാളായിരുന്നു അദ്ദേഹം. ഒരു രാഷ്ട്രീയ പ്രവർത്തകനെ സംബന്ധിച്ച് നിയമ നിമ്മാണ സഭകൾക്കകത്ത് വരിക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യം തന്നയാണ്. അതിനുള്ള എല്ലാ അർഹതയും ഉണ്ടായിട്ടും രാഷ്ട്രീയ പാർട്ടികൾ അദ്ദേഹത്തെ അവഗണിച്ചു എന്ന് വി.ഡി സതീശൻ തുറന്നടിച്ചു.
കോൺഗ്രസും സി.പി.എമ്മും ഇതിൽ ഒരു പോലെ കുറ്റക്കാരാണ്. ഈ രണ്ട് പാർട്ടികൾക്കും അദ്ദേഹത്തെ നിയമ സഭയിൽ എത്തിക്കാൻ കഴിയുമായിരുന്നു. എന്നാൽ അദ്ദേഹത്തെ വേണ്ട വിധത്തിൽ ഉപയോഗിക്കുന്നതിൽ നേതൃത്വം പരാജയപ്പെടുകയാണ് ഉണ്ടായത്. അതിൽ ഇന്ന് കോൺഗ്രസ് പാർട്ടിക്ക് കുറ്റബോധം ഉണ്ടെന്നും അദ്ദേഹം വ്യതമാക്കി. നിയമ സഭയിലും പാർലമെന്റിലും മുഴങ്ങേണ്ട ആ ശബ്ദമാണ് ഈ യൂട്യൂബ് ചാനലിലൂടെ ജനങ്ങളിൽ എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ വെട്ടി തുറന്നു പറയുക തന്റെ ശീലമായിരുന്നു എന്ന് ചെറിയാൻ ഫിലിപ്പ് പ്രതികരിച്ചു . സത്യം കണ്ടെത്തുക എന്നതാണ് ഈ ചാനലിലൂടെ ലക്‌ഷ്യം വയ്ക്കുന്നത്. സമൂഹത്തിലുണ്ടാകുന്ന പല വിഷയങ്ങൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന സത്യം വെളിച്ചത്ത് കൊണ്ട് വരാനാണ് തന്റെ ചാനലിലൂടെ ഉദ്ദേശിക്കുന്നതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ഏത് പ്രശ്നത്തിത്തിന്റെയും സത്യാവസ്ഥ തെളിവുകളുടെ അടിസ്ഥാനത്തിൽ പുറത്ത് കൊണ്ട് വരാൻ ചാനലിലൂടെ ശ്രമിക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നല്ലത് ചെയ്താൽ നല്ലതെന്നും തെറ്റ് ചെയ്താൽ എതിർക്കുകയും ചെയ്യും. ഇന്ന് മാധ്യമങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ല. പല ശക്തികളും അവരെ നിയന്ത്രിക്കുന്നു. അതുകൊണ്ടാണ് ജനാധിപത്യ വേദിയായ സോഷ്യൽ മീഡിയ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha