കോവളത്ത് നടന്നത് ഒറ്റപ്പെട്ട സംഭവം! കേരളത്തില്‍ പൊലീസ് കാര്യക്ഷമമായി തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി

കോവളത്ത് ന്യൂ ഇയര്‍ ആഘോഷിക്കുന്നതിന് വേണ്ടി ബെവ്കോയില്‍ നിന്ന് മദ്യം വാങ്ങി വന്ന വിദേശപൗരനോട് മദ്യം ഒഴുക്കികളയാന്‍ ആവശ്യപ്പെട്ട പൊലീസ് നടപടി ഒറ്റപ്പെട്ട സംഭവമെന്ന് മന്ത്രി വി ശിവന്‍കുട്ടി.
തിരുവനന്തപുരത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു സംസ്ഥാന പൊലീസിനെ പിന്തുണച്ച് മന്ത്രി സംസാരിച്ചത്. കേരളത്തില്‍ പൊലീസ് കാര്യക്ഷമമായി തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പൊലീസില്‍ നിന്ന് ദുരനുഭവം നേരിടേണ്ടി വന്ന വിദേശപൗരന്‍ തന്നെ കാണാന്‍ വന്നിരുന്നെന്നും അദ്ദേഹം പോലും ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് സമ്മതിച്ചുവെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ നാട്ടുകാരും മാദ്ധ്യമങ്ങളുമാണ് ഇതിനെ ഒരു വലിയ അതിക്രമം എന്ന രീതിയില്‍ ചിത്രീകരിച്ചതെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
പൊലീസ് നടപടിയെ വിമര്‍ശിച്ച് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ രംഗത്ത് വന്നിരുന്നു. സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളെ അള്ള് വച്ച് പരാജയപ്പെടുത്താന്‍ പൊലീസിലെ തന്നെ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് ഇന്നലെ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. എന്നാല്‍ മന്ത്രിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് പറഞ്ഞ ശിവന്‍കുട്ടി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു.
ന്യൂ ഇയര്‍ ആഘോഷിക്കുന്നതിനായി മദ്യവുമായി യാത്ര ചെയ്യുകയായിരുന്ന സ്റ്റീവ് ആസ് ബര്‍ഗിനാണ് കേരള പൊലീസിന്റെ ഭാഗത്തുനിന്ന് ദുരവസ്ഥ നേരിടേണ്ടി വന്നത്. ഇന്നലെയായിരുന്നു സംഭവം. സ്റ്റീവിനെ വഴിയില്‍ തടഞ്ഞ പൊലീസ് പരിശോധനയ്ക്കിടെ സ്കൂട്ടറില്‍ നിന്ന് മൂന്ന് ഫുള്‍ ബോട്ടില്‍ മദ്യം കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് മദ്യം വാങ്ങിയ ബില്‍ ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. ബിവറേജില്‍ നിന്നും ബില്‍ വാങ്ങാന്‍ മറന്ന സ്റ്റീവ് കാര്യം പറഞ്ഞെങ്കിലും പൊലീസ് ചെവികൊണ്ടില്ല.
കുപ്പിയടക്കം വലിച്ചെറിയാന്‍ പൊലീസ് ആവശ്യപ്പെട്ടു. ഇതോടെ സഹികെട്ട സ്റ്റീവ് തന്റെ കൈവശമുണ്ടായിരുന്ന രണ്ട് ഫുള്ളും പൊട്ടിച്ച് വഴിയില്‍ ഒഴുക്കി കളഞ്ഞു. എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആരോ പകര്‍ത്തുന്നത് കണ്ടതോടെ മദ്യം കളയണ്ട ബില്‍ കൊണ്ടുവന്നാല്‍ മതിയെന്ന് പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെ സ്റ്റീവ് ബിവറേജില്‍ എത്തി ബില്‍ വാങ്ങി തന്റെ നിരപരാധിത്വം തെളിയിക്കുകയായിരുന്നു. തിരുവനന്തപുരം ഡിസിപിയും സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha