ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്നാവശ്യപ്പെട്ട് സിനിമയിലെ വനിതാ പ്രവർത്തകരുടെ സംഘടനയായ ഡബ്ല്യൂസിസി നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്നാവശ്യപ്പെട്ട് സിനിമയിലെ വനിതാ പ്രവർത്തകരുടെ സംഘടനയായ ഡബ്ല്യൂസിസി നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുക. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ 2018 ലാണ് ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചത്. ഡബ്ലൂസിസിയുടെ ആവശ്യം ന്യായമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ജനുവരി 31നാണ് ഹർജിയിൽ കമ്മീഷനെ ഹൈക്കോടതി കക്ഷി ചേർത്തത്. മലയാളസിനിമാ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നിയമനിർമാണം വേണമെന്ന ആവശ്യം ന്യായമാണെന്ന് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ടും, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടും പഠിച്ച് ഉടൻ നിയമനിർമാണമുണ്ടാകുമെന്നും വല്ലാത്ത ചൂഷണമാണ് പലപ്പോഴും സിനിമാരംഗത്ത് സ്ത്രീകൾക്ക് അനുഭവിക്കേണ്ടി വരുന്നതെന്നും അദ്ദേഹം ഇന്നലെ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha