കൊച്ചിപോലീസ് വെട്ടില്‍... വിജയ് ബാബു ജോര്‍ജിയയിലാണെന്ന് പറഞ്ഞ അന്വേഷണ സംഘം ഇപ്പോള്‍ പറയുന്നു ദുബായ് വിട്ടിട്ടില്ലെന്ന്; വിജയ് ബാബു ഒളിവിലുള്ളത് ഉന്നതന്റെ സംരക്ഷണയില്‍; നടിയുടെ അമ്മയ്ക്കും വിജയ് ബാബുവിന്റെ ഭീഷണിയെന്ന്; മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതിനാല്‍ വിമാന ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യും

നടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബു ഇപ്പോഴും എവിടെയുണ്ടെന്ന് വ്യക്തമായി പറയാന്‍ പോലീസിനാകുന്നില്ല. വിജയ് ബാബു ജോര്‍ജിയയിലാണെന്ന് പറഞ്ഞ അന്വേഷണ സംഘം ഇപ്പോള്‍ പറയുന്നു ദുബായ് വിട്ടിട്ടില്ലെന്നാണ്. വിജയ്ബാബു ഇപ്പോഴും വിമാന ടിക്കറ്റും എടുത്ത് അത് ക്യാന്‍സലും ചെയ്ത് വിലസുകയാണ്.
അതിനിടെ വിജയ് ബാബു ദുബായിലെ ഉന്നതന്റെ സംരക്ഷണത്തിലാണെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. യാത്രാരേഖകള്‍ ഇല്ലാത്തതിനാല്‍ ദുബായ് പൊലീസിന്റെ സഹകരണത്തോടെ ഇന്റര്‍പോളിനു വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാമെങ്കിലും ഉന്നത സ്വാധീനമുള്ള വ്യക്തിയുടെ സംരക്ഷണമുള്ളതിനാല്‍ അതിനു കഴിഞ്ഞിട്ടില്ലെന്നാണു സൂചന.
30നു നാട്ടിലെത്തുമെന്നാണു വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചതെങ്കിലും വിമാന ടിക്കറ്റ് റദ്ദാക്കി യാത്ര നീട്ടിവയ്ക്കാനാണു നീക്കമെന്നു സംശയമുണ്ട്. അതേസമയം പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു കേസ് റജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പ് നടിയുടെ അമ്മയെയും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു. തുടര്‍ന്നു ഹൈക്കോടതി ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. നടി പൊലീസില്‍ പരാതിപ്പെട്ടതടക്കമുള്ള വിവരങ്ങള്‍ വിജയ് ബാബുവിന് അറിയാമായിരുന്നു. കേസെടുക്കുമെന്ന് അറിഞ്ഞു കൊണ്ടാണു വിദേശത്തേക്കു കടന്നത്.
ഏപ്രില്‍ 19നാണു ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയത്. പ്രതി അതിജീവിതയുടെ പേര് വെളിപ്പെടുത്തി. വിദേശത്തുള്ളയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷനല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാക്കോസ് ഹൈക്കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഉപഹര്‍ജിയില്‍ താന്‍ വിദേശത്താണെന്നതടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അതിനാല്‍ ഹര്‍ജി നിലനില്‍ക്കുമെന്നും വിജയ് ബാബുവിനു വേണ്ടി ഹാജരായ അഡ്വ.എസ്. രാജീവ് വാദിച്ചു.
ഏപ്രില്‍ 22നാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. അതിനു മുന്‍പ് കേരളത്തില്‍നിന്നു പോയിരുന്നു. ഈദ് അവധിക്കു മുന്‍പ് ദുബായ് ഗോള്‍ഡന്‍ വീസയുമായി ബന്ധപ്പെട്ട പേപ്പറുകള്‍ ശരിയാക്കേണ്ടതുണ്ടായിരുന്നു. തുടര്‍ന്നാണു ദുബായിലേക്കു പോയത്. കേസ് റജിസ്റ്റര്‍ ചെയ്തതതും നടപടികള്‍ ആരംഭിച്ചതും ഇന്ത്യയില്‍നിന്നു പോയതിനുശേഷമാണെന്നും തന്റെ ഭാഗം കേള്‍ക്കാന്‍ അനുവദിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായി രേഖകള്‍ നല്‍കുമെന്നും അറിയിച്ചു.
അതേസമയം വിജയ് ബാബുവിനു വേണ്ടി 2 ക്രഡിറ്റ് കാര്‍ഡുകള്‍ ദുബായില്‍ എത്തിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. വിജയ് ബാബുവിന്റെ അടുത്ത സുഹൃത്താണ് ഇത് എത്തിച്ചത്. കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കും വരെ വിദേശത്തു തങ്ങാനുള്ള പണം തീര്‍ന്നതിനെ തുടര്‍ന്നാണു ക്രെഡിറ്റ് കാര്‍ഡുകള്‍ എത്തിച്ചു തരാന്‍ വിജയ് ബാബു സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സുഹൃത്തിനോട് ആവശ്യപ്പെട്ടത്.
തൃശൂര്‍ കൊടുങ്ങല്ലൂരിലെ സിനിമാ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നാണു സുഹൃത്ത് നെടുമ്പാശേരി വഴി ദുബായിലെത്തി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈമാറിയതെന്ന വിവരം പൊലീസിനു ലഭിച്ചിട്ടുണ്ട്.
കേസിലെ പരാതിക്കാരിയായ പുതുമുഖ നടിയെ സ്വാധീനിച്ചു പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ച മലയാളി നടിയെ അടുത്ത ദിവസങ്ങളില്‍ പൊലീസ് ചോദ്യം ചെയ്യും. പീഡനക്കേസില്‍ പ്രതിയായി വിദേശത്തേക്കു മുങ്ങിയതിനു ശേഷം വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്കും സിനിമാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍പിടിക്കുന്നത് ഈ നടിയാണ്.
https://www.facebook.com/Malayalivartha