അസഫാക് കൊടും ക്രിമിനൽ! പോക്സോ കേസിൽ ദില്ലി ജയിലിൽ കിടന്നു... ജാമ്യത്തിലിറങ്ങി ചെയ്തത്! അന്ന് 10 വയസ്സുകാരി

ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ അസഫാക് ആലം കൊടുക്രിമിനലെന്നു പൊലീസ്. മുമ്പും പീഡനക്കേസിൽ ഇയാൾ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി. പത്ത് വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഇയാൾ ജയിലിൽ കഴിഞ്ഞിരുന്നു. 2018ലാണ് ഈ സംഭവം.
ഉത്തർപ്രദേശിലെ ഗാസിപൂർ പൊലീസാണ് ഇയാളെ അന്ന് അറസ്റ്റ് ചെയ്തത്. ഒരു മാസം തടവിൽ കഴിഞ്ഞ ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഈ കേസ് സംബന്ധിച്ച് അന്വേഷിക്കുമെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.
തിരിച്ചറിയൽ പരേഡിന് ശേഷം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കും. കൊലപാതകം, പോക്‌സോ, മാനഭംഗം, തട്ടിക്കൊണ്ടുപോകൽ എന്നിവയടക്കം ഒമ്പത് വകുപ്പുകളാണ് എഫ്‌ഐആറിലുള്ളത്.
സംഭവത്തില്‍ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി. കേസിലെ 3 സാക്ഷികളെ ആലുവ സബ്ജയിലില്‍ വെച്ച് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. പ്രതിയെ തിരിച്ചറിഞ്ഞെന്ന് പ്രധാന സാക്ഷി താജുദിന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തിന് മുമ്പ് കുഞ്ഞുമായി പ്രതി ആലുവ മാര്‍ക്കറ്റിലെ ഒഴിഞ്ഞ ഭാഗത്തേയ്ക്ക് പോകുന്നത് കണ്ടയാളാണ് താജുദിന്‍.
സംശയം തോന്നി ചോദിച്ചപ്പോള്‍ തന്റെ മകളാണെന്ന് പറഞ്ഞാണ് പ്രതി കുഞ്ഞിനെ കൊണ്ടുപോയത്. പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്ന് താജുദീന്‍ പറഞ്ഞു. ഇയാള്‍ കുഞ്ഞുമായി കയറിയ ബസിലെ കണ്ടക്ടര്‍, ഇതിലുണ്ടായിരുന്ന യാത്രക്കാരി എന്നിവരാണ് മറ്റ് രണ്ട് സാക്ഷികള്‍. തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായതിനാല്‍ കസ്റ്റഡി അപേക്ഷ നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇയാൾ തനിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് ആലുവ റൂറൽ എസ്പി വിവേക് കുമാർ മാധ്യമങ്ങളോട് പറഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത് അസഫാക്കാണെന്നു വ്യക്തമായി. ചോദ്യം ചെയ്യലില്‍ കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടിയെ കൊലപ്പെടുത്തിയതായി സമ്മതിച്ചു.
പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം കൂടുതലായി അറിയാൻ അന്വേഷണ സംഘം ബീഹാറിലേയ്‌ക്ക് പോകും. മലയാളം അത്യാവശ്യം സംസാരിക്കും. നിർമാണത്തൊഴിലാളിയാണെന്നു പറയുന്നുണ്ടെങ്കിലും പണിക്കു പോകുന്നതായി ആർക്കും അറിയില്ല. മോഷ്ടിക്കുന്ന പണം കൊണ്ടു മദ്യപിക്കുകയാണു രീതി. കടകളിലും മറ്റും ജോലി ചെയ്യുന്ന ബിഹാർ സ്വദേശികളുമായി ചങ്ങാത്തമായ ശേഷം അവരുടെ താമസസ്ഥലത്തെത്തി അവിടെ സൂക്ഷിച്ചിട്ടുള്ള പണം മോഷ്ടിക്കുന്നതും പതിവാണ്.
കഴിഞ്ഞ ശനിയാഴ്ചയാണ് അഞ്ചുവയസുകാരിയെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയത്. കുട്ടി പീഡനത്തിന് ഇരയായെന്നും കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന മുക്കത്തു പ്ളാസ കെട്ടിട സമുച്ചയത്തിന്റെ മുറ്റത്ത് നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ അസഫാക് സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
ഒന്നര കിലോമീറ്റർ അകലെ ആലുവ മാർക്കറ്റിന് പിന്നിൽ മാലിന്യങ്ങൾക്കിടയിലാണ് കുട്ടിയെ കുഴിച്ചു മൂടിയത്. സംഭവം നടന്ന് അഞ്ചര മണിക്കൂറിനുള്ളിൽ പൊലീസ് പ്രതിയെ പിടികൂടിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് 18 മണിക്കൂറുകൾക്ക് ശേഷമാണ് ചാക്കിൽ കെട്ടി കുഴിച്ചു മൂടിയ നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
കുഞ്ഞിന്റെ കുടുംബം താമസിക്കുന്ന തായിക്കാട്ടുകരയിലെ കെട്ടിടത്തിൽ പ്രതി എത്തിയതു സംഭവത്തിനു 2 ദിവസം മുൻപാണെങ്കിലും ആലുവയിൽ വന്നിട്ട് 7 മാസമായി. കേരളത്തിൽ വന്നിട്ട് 3 കൊല്ലമായെന്നാണു വിവരം. ഇയാൾ എവിടെയൊക്കെ താമസിച്ചിരുന്നുവെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























