പിണറായി പോലീസിൽ 23 ഏമാന്മാര്‍ കൊലപാതകികള്‍, നേതാക്കളുടെയും ഭരണത്തിലുള്ള പലരുടെയും അടുപ്പക്കാരുടെയും കേസുകള്‍ പോലീസിനെ കൊണ്ട് ഒതുക്കുന്നെന്ന ആരോപണം ശക്തം, സംസ്ഥാനത്ത് പോലീസ് കസ്റ്റഡി മരണങ്ങളും കുറ്റക്കാരായ പോലീസുകാരുടെ എണ്ണവും കൂടിയതായി റിപ്പോര്‍ട്ട്

പിണറായി വിജയൻ ആഭ്യന്തരവകുപ്പിന്റെ ചക്രം തിരിക്കാൻ തുടങ്ങിയ ശേഷം സംസ്ഥാനത്ത് പോലീസ് കസ്റ്റഡി മരണങ്ങളും കുറ്റക്കാരായ പോലീസുകാരുടെ എണ്ണവും കൂടിയതായി റിപ്പോർട്ട്. നേതാക്കളുടെയും ഭരണത്തിലുള്ള പലരുടെയും അവരുടെ അടുപ്പക്കാരുടെയും കേസുകൾ പോലീസിനെ കൊണ്ട് ഒതുക്കുന്നെന്ന ആരോപണം ശക്തമാണ്. ആ സ്ഥിതിക്ക് കുറ്റക്കാരും കുറ്റാരോപിതരുമായ പോലീസുകാരെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയായി മാറിയിരിക്കുകയാണ്.
ക്രിമിനൽ കേസുകളിൽ പെട്ട ചില പോലീസുകാരെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടെങ്കിലും അതിൽ ഭരണത്തിലുള്ളവരുടെ അടുപ്പക്കാരാരും ഇല്ലെന്ന ആക്ഷേപവും ശക്തമാണ്. ഹെൽമറ്റ് പരിശോധനയ്ക്കിടെ തൃപ്പൂണിത്തുറ പോലീസ് കസ്റ്റഡിയിലെടുത്ത ഗൃഹനാഥൻ സ്‌റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചിരുന്നു. പോലീസ് മർദ്ദനമാണ് മരണകാരണമെന്ന് വീട്ടുകാരും ബന്ധുക്കളും ആരോപിച്ചിരുന്നു. സംഭവത്തിൽ കുറ്റക്കാരായ പോലീസുകാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.
2018-19, 2022-23 കാലത്ത് സംസ്ഥാനത്ത് 14 പേരാണ് പോലീസ് കസ്റ്റഡിയിൽ ക്രൂരമായി കൊല്ലപ്പെട്ടതെന്ന് ഈ മാസം ലോക്‌സഭയിൽ ഹാജരാക്കിയ കണക്കുകൾ വ്യക്തമാക്കുന്നു. 2020ലും 21ലും കോവിഡ് കാലമായത് കൊണ്ടാണ് അല്ലെങ്കിൽ പോലീസിന്റെ നരനായാട്ടിന്റെ എണ്ണം ഇതിലും കൂടിയേനെ. പോലീസ്, എക്‌സൈസ്, വനം, ജയിൽ വകുപ്പുകളിലെ 23 ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും അവസാനം മലപ്പുറത്ത് താമിർ ജഫ്രി എന്ന ചെറുപ്പക്കാരനെ പോലീസ് അതിക്രൂരമായാണ് കസ്റ്റഡിയിൽ വെച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഗത്യന്തരമില്ലാതെയാണ് സർക്കാർ കേസ് സി.ബി.ഐയ്ക്ക് വിട്ടത്. ഉന്നത ഉദ്യോഗസ്ഥർക്കെതിരെ എസ്.ഐ തന്നെ രംഗത്തുവരുകയുണ്ടായി. മയക്കുമരുന്നുമായി ജഫ്രിയെ പിടികൂടിയെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ജഫ്രിയെ കുടുക്കിയതാണെന്ന് സഹോദരൻ ആരോപിക്കുന്നു. കസ്റ്റഡി മരണങ്ങളിൽ കൊല്ലപ്പെടുന്നവരിൽ ഭൂരിപക്ഷവും അനധികൃതമായി പോലീസ് പിടികൂടുന്നവരാണെന്ന് മനുഷ്യാവകാശ കമ്മിഷൻ മുൻ അധ്യക്ഷനായ ജസ്റ്റിസ് ജെ.ബി കോശി ചൂണ്ടിക്കാണിക്കുന്നു.
ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോൾ അയാളുടെ വീട്ടുകാരെയോ, ബന്ധുക്കളെയോ വിവരം അറിയിക്കണമെന്നാണ് നിയമം. പലപ്പോഴും പോലീസ് അത് ചെയ്യാറില്ല. താനൂർ കേസിന്റെ അന്വേഷണത്തിൽ എസ്.പി, ഡിവൈ.എസ്.പി, സി.ഐ എന്നിവർ അന്വേഷണത്തിൽ ഇടപെട്ടതായി പോലീസുകാർ തന്നെ വെളിപ്പെടുത്തിയിരുന്നു. സേനയിൽ അച്ചടക്കം ഇല്ലാതായതിന്റെ വ്യക്തമായ സൂചനയാണ് അവർത്തിച്ചുള്ള കസ്റ്റഡിമരണങ്ങളെന്ന് വിരമിച്ച പല പോലീസ് ഉദ്യോഗസ്ഥരും മുമ്പ് ചൂണ്ടിക്കാണിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതനാണ് പോലീസിനെ നിയന്ത്രിക്കുന്നത്. സ്വതന്ത്രമായി ജോലി ചെയ്യാൻ ഇയാൾ അനുവദിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ചില കേസുകളിൽ കോടതിയിൽ പോലീസ് സേനയ്ക്ക് നാണക്കേടുണ്ടായതിന്റെ പ്രധാന കാരണം ഈ ഉന്നതനാണ്. മുഖ്യമന്ത്രി പ്രസംഗിച്ച മൈക്കിന് മൂളലുണ്ടായതിനെ തുടർന്ന് കേസെടുക്കുകയും മൈക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തത് ഈ ഉന്നതന്റെ നിർദ്ദേശപ്രകാരമാണ്. അതിന്റെ നാണക്കേട് സേനയ്ക്ക് മാത്രമല്ല, സർക്കാരിനും ഉണ്ടായി.
ഡിവൈ.എസ്.പി മുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥർ എവിടെ ഏത് കസേരയിൽ ജോലി ചെയ്യണമെന്ന് തീരുമാനിക്കുന്നതും ഉന്നതൻ തന്നെ. പെട്ടിയിൽ വീഴുന്ന പണത്തിന്റെ കനത്തിനനുസരിച്ചാണ് കസേര ലഭിക്കുന്നതെന്ന് ചില പോലീസുകാർ രഹസ്യമായി പറയുന്നു. സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടി എടുക്കുകയും അതീവഗൗരവമായ വീഴ്ചകൾ വരുത്തുന്നവരെ സംരക്ഷിക്കുകയും ചെയ്യുന്നത് സേനയിലെ ഒരു വിഭാഗം ജീവനക്കാരെ അലോസരപ്പെടുത്തുന്നു.
എലത്തൂൽ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെയും കൊണ്ട് മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലേക്ക് വന്ന പോലീസുകാരെ വിളിച്ച എ.ടി.എസ് മേധാവി ഐ.ജി പി.വിജയനെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. കെ.ബി.പി.എസിന്റെ ചുമതലയുണ്ടായിരുന്ന പി.വിജയൻ സർക്കാർ അനുകൂല യൂണിയന്റെ തിട്ടൂരം പൊളിച്ചടുക്കിയതിന്റെ പ്രതികാരമായാണ് സസ്‌പെൻഷൻ എന്ന് ആക്ഷേപമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും അവസാനം സംസ്ഥാനം സന്ദർശിക്കുന്നതിന് തൊട്ട് മുമ്പ് സുരക്ഷാവിവരം മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുകയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിട്ടും ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്റെ രോമത്തിൽ പോലും തൊടാൻ ആഭ്യന്തരവകുപ്പ് ഭരിക്കുന്ന പിണറായി വിജയന് കഴിഞ്ഞില്ല.
ഷാജി കിരൺ എന്ന മാധ്യമപ്രവർത്തകൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം തന്റടുത്ത് ഒത്തുതീർപ്പിനെത്തിയെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ ഒരു ഐ.ജിക്ക് പങ്കുള്ളതായും ആരോപണം ഉയർന്നു. അയാളെ തൽക്കാലം മാറ്റിനിർത്തിയ ശേഷം പ്രമോഷനോടെ തിരിച്ചെടുക്കുകയാണ് ആഭ്യന്തരവകുപ്പ് ചെയ്തത്. പോലീസിനുള്ളിലെ ചേരിതിരിവും രൂക്ഷമാണ്. ഉന്നത ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ ആഭ്യന്തരവകുപ്പിന് കഴിയുന്നില്ല.
ടോമിൻ തച്ചങ്കേരി വിമരിക്കും മുമ്പ് നടത്തിയ അഭിമുഖങ്ങളിൽ പോലീസിലെ തമ്മിലടിയെ കുറിച്ച് വ്യക്തമായ സൂചന നൽകിയിരുന്നു. മോൻസൺ മാവുങ്കൽ കേസിൽ ഐ.ജി ലക്ഷ്മണ, മുൻ ഐ.ജിയും ഭാര്യയും കുറ്റാരോപിതരാണ്. മോൻസണുമായി മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, നിലവിലെ വിജിലൻസ് മേധാവി മനോജ് എബ്രഹാം എന്നിവർക്കും മോൻസണുമായി അടുപ്പമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
കളങ്കിത വ്യക്തിത്വങ്ങളുമായി പോലീസ് തോളിൽ കയ്യിട്ടു നടക്കുമ്പോൾ അതിന് തടയിടണമെങ്കിൽ തലപ്പത്തിരിക്കുന്ന നേതാക്കളും കളങ്കിതരാവരുത്. നിർഭാഗ്യവശാൽ നമ്മുടെ ഭരണനേതൃത്വത്തിലെ പലരും കളങ്കിതരാണെന്ന ആരോപണത്തിന്റെ നിഴലിലാണ്. ആ നിഴലുമാറി സമ്പൂർണ വെളിച്ചം പരന്നാലെ പോലീസിനെ നിയന്ത്രിക്കാനാവൂ.
https://www.facebook.com/Malayalivartha























