മുതലപ്പൊഴിയിലെ വിദഗ്ധ സംഘത്തിന്‍റെ റിപ്പോർട്ടിൽ തുടർനടപടി തൊഴിലാളികളുമായി ചർച്ച ചെയ്ത ശേഷം; കേന്ദ്രഫിഷറീസ് മന്ത്രി മുതലപ്പൊഴിയിലെത്തി

മുതലപ്പൊഴി തുറമുഖം അപകടരഹിതമാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് കേന്ദ്രഫിഷറീസ് മന്ത്രി പർഷോത്തം രൂപാല. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരനൊപ്പം മുതലപ്പൊഴി സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കേന്ദ്രമന്ത്രി. അപകടകാരണം പഠിക്കുന്ന വിദഗ്ധ സംഘം ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
റിപ്പോർട്ടിൽ മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. CWRPS സംഘത്തിന്‍റെ റിപ്പോർട്ട് മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ടവർക്കും ജനപ്രതിനിധികൾക്കും സംസ്ഥാന സർക്കാരിനും മുന്നിൽ ചർച്ചയ്ക്ക് വെക്കുമെന്ന് മന്ത്രി വിശദീകരിച്ചു.
ശാശ്വത പരിഹാരമാണ് ലക്ഷ്യമെന്നും ഉടൻ അതിലേക്ക് എത്തിച്ചേരാനാകുമെന്നും പർഷോത്തം രൂപാല കൂട്ടിച്ചേർത്തു. മുതലപ്പൊഴിയിലെ ഡ്രഡ്ജിംഗ് പൂർത്തിയാക്കാൻ അദാനി വിഴിഞ്ഞം പോർട്ട് അധികൃതർക്ക് കേന്ദ്രം നിർദേശം നൽകിയത് കാര്യങ്ങൾ വേഗത്തിലാക്കാനെന്ന് വി.മുരളീധരനും പ്രതികരിച്ചു.
മഴ കാരണമാണ് ഡ്രഡ്ജിംഗ് പൂർത്തിയാക്കാൻ കഴിയാത്തതെന്ന് അദാനിഗ്രൂപ്പ് അറിയിച്ചിട്ടും കല്ലും മണലും അടിയന്തരമായി നീക്കാൻ കർശന നിർദേശം നൽകിയത് പ്രശ്ന പരിഹാരം വേഗത്തിലാക്കാനെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha























