കായിക താരങ്ങള്‍ക്ക് എല്ലാ ഘട്ടത്തിലും വിവിധ തരം സഹായം നല്‍കിയിട്ടുണ്ട്... കായിക മേഖലയില്‍ എല്ലാ സഹായവും ചെയ്ത സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി

കായിക മേഖലയില്‍ എല്ലാ സഹായവും ചെയ്ത സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി. ഒരു ഘട്ടത്തിലും പുറകോട്ട് പോയിട്ടില്ല. കായിക താരങ്ങള്‍ക്ക് എല്ലാ ഘട്ടത്തിലും വിവിധ തരം സഹായം നല്‍കിയിട്ടുണ്ട്. എന്നാല്‍ വ്യാപകമായി സര്‍ക്കാരിനെതിരെ ഒരു പ്രചാരണം നടക്കുന്നുണ്ട്.
കായിക രംഗത്തിന് കരുത്താകുന്ന രീതിയില്‍ കായിക താരങ്ങളുടെ സംഭാവന മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏഷ്യന്‍ ഗെയിംസില്‍ ഒന്‍പത് മലയാളി താരങ്ങള്‍ മെഡല്‍ നേടി. തിരുവനന്തപുരം എല്‍എന്‍സിപിയിലാണ് ഏഷ്യന്‍ ഗെയിംസിന് അത്‌ലറ്റിക്‌സ് താരങ്ങള്‍ പരിശീലനം നടത്തിയത്. ഒളിംപിക്‌സില്‍ പങ്കെടുത്ത മുഴുവന്‍ മലയാളികള്‍ക്കും 10 ലക്ഷം വീതം നല്‍കി.
പിആര്‍ ശ്രീജേഷിന് ഒളിംപിക്‌സ് മെഡല്‍ നേടിയപ്പോള്‍ 2 കോടി രൂപയും ജോലിയില്‍ സ്ഥാനക്കയറ്റവും നല്‍കി. കൃത്യമായ പാരിതോഷികം നല്‍കി വരുന്നുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടുന്നവര്‍ക്ക് 20 ലക്ഷം 10 ലക്ഷം 5 ലക്ഷം എന്ന ക്രമത്തിലാണ് പാരിതോഷികം നല്‍കിവരുന്നത്. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയവര്‍ക്കും ഈ നിലയില്‍ സമ്മാനം നല്‍കി.
ചെസ് ഒളിംപ്യാഡില്‍ മെഡല്‍ നേടിയ നിഹാല്‍ സരിന് പത്ത് ലക്ഷം നല്‍കി. 2022 ല്‍ എച്ച്എസ് പ്രണോയ്ക്കും എംആര്‍ അര്‍ജുനനും അഞ്ച് ലക്ഷം വീതം നല്‍കി. ജിവി രാജ പുരസ്‌കാരത്തിന് പ്രണോയിയെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദേശീയ ഗെയിംസ് പരിശീലനത്തിന് 5 കോടിയും ഇത്തവണ 4.27 കോടി ആദ്യ ഗഡുവായും അനുവദിച്ചു.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 676 താരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ ജോലി നല്‍കി. ഇത് സര്‍വകാല റെക്കോര്‍ഡാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുടങ്ങിക്കിടന്ന 2010-14 സ്‌പോര്‍ട്‌സ് ക്വോട്ട നിയമന റാങ്ക് ലിസ്റ്റിലെ 65 പേര്‍ക്ക് കൂടി എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമനം നല്‍കി. പൊലീസില്‍ 31 പേര്‍ക്കും ജോലി നല്‍കി. 2015-19 കാലത്തിലെ സ്‌പോര്‍ട്‌സ് ക്വോട്ട നിയമനത്തിന് സര്‍ട്ടിഫിക്കറ്റ് പരിശോധന നടക്കുകയാണ്. ഈ വര്‍ഷം തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 249 പേര്‍ക്ക് ഇതുവഴി ജോലി ലഭിക്കും. പ്രത്യേക പരിഗണന പ്രകാരം സികെ വിനീതിന് നേരത്തെ തന്നെ ജോലി നല്‍കിയിരുന്നു. കെഎസ്ഇബിയിലും സ്‌പോര്‍ട്‌സ് ക്വോട്ട നിയമനം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























