വിഎസ്എസ്സി ഹൈടെക്ക് പരീക്ഷാ തട്ടിപ്പ്... നാലാം പ്രതി ലഖ്വീന്ദര്‍ സിംഗിന് ജില്ലാ കോടതിയും ജാമ്യം നിരസിച്ചു, മജിസ്‌ട്രേട്ട് കോടതി ജാമ്യഹര്‍ജി തള്ളിയ ഉത്തരവില്‍ ഇടപെടാന്‍ കാരണമില്ലെന്നും മജിസ്‌ട്രേട്ട് കോടതി ജാമ്യം നിരസിച്ചപ്പോള്‍ വിലയിരുത്തിയ സാഹചര്യങ്ങളില്‍ മാറ്റമുണ്ടായിട്ടില്ലെന്നും ജില്ലാ കോടതി

രാജ്യത്തിന്റെ പ്രതിരോധ തന്ത്ര പ്രധാന സ്ഥാപനമായ വി എസ് എസ് സി ( വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍) യിലേക്കുള്ള ടെക്‌നിക്കല്‍ ഉദ്യോഗ റിക്രൂട്ട്‌മെന്റ് പരീക്ഷയില്‍ നടന്ന ഹൈടെക്ക് ആള്‍മാറാട്ട കോപ്പിയടി കേസില്‍ ജയിലില്‍ കഴിയുന്ന നാലാം പ്രതി ലഖ്വീന്ദര്‍ സിംഗിന് ജില്ലാ കോടതിയും ജാമ്യം നിരസിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം നിരസിച്ചത്.
മജിസ്‌ട്രേട്ട് കോടതി ജാമ്യഹര്‍ജി തള്ളിയ ഉത്തരവില്‍ ഇടപെടാന്‍ കാരണമില്ലെന്നും മജിസ്‌ട്രേട്ട് കോടതി ജാമ്യം നിരസിച്ചപ്പോള്‍ വിലയിരുത്തിയ സാഹചര്യങ്ങളില്‍ മാറ്റമുണ്ടായിട്ടില്ലെന്നും കണ്ടെത്തിയാണ് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി പി.വി.ബാലകൃഷ്ണന്‍ ജാമ്യാപേക്ഷ തള്ളിയത്.
ബ്ലൂടുത്ത് ഹെഡ്‌സെറ്റും ഗൂഗിള്‍ ലെന്‍സ് മൊബൈല്‍ ക്യാമറയും ക്ലൗഡ് സ്റ്റോറേജും ബെല്‍റ്റും ഉപയോഗിച്ച് ഹൈടെക്ക് കോപ്പിയടിച്ചതിനു ഓരോ ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും പ്രതികള്‍ക്ക് പ്രതിഫലമായി 7 ലക്ഷം രൂപ ലഭിച്ചുവെന്നാണ് പോലീസ് കേസ്.
അഞ്ചു പ്രതികള്‍ക്കും തിരുവനന്തപുരം അഡീ.സി ജെ എം ജാമ്യം നിരസിച്ചിരുന്നു.
മുഖ്യ സൂത്രധാരന്‍ ഹരിയാനയിലെ ജിണ്ട് ജില്ലയിലെ ഗ്രാമത്തലവന്റെ സഹോദരന്‍ ദീപക് ഷോഗന്റടക്കം 5 പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചു. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എല്‍സാ കാതറിന്‍ ജോര്‍ജാണ് പ്രതികള്‍ക്ക് ജാമ്യം നിരസിച്ചത്. ഹരിയാന ഹിസൂര്‍ ജില്ലക്കാരനായ മനോജ് കുമാര്‍ (32), ഹരിയാന ജിണ്ട് ജില്ലക്കാരായ ജഗദീപ് സിംഗ് (29 പരീക്ഷാ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ ദീപക് ഷോഗന്റ് (30) , ഫൂല്‍ സിംഗ് മകന്‍ സോനു സിംഗ് (30), ലാഖ്വീന്ദര്‍ (25) എന്നിവര്‍ക്കാണ് ജാമ്യം നിഷേധിച്ചത്. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ ഗുരുതരവും ഗൗരവമേറിയതുമാണ്.
കൃത്യത്തില്‍ പ്രതികളുടെ ഉള്‍പ്പെടല്‍ കേസ് റെക്കോര്‍ഡില്‍ കാണപ്പെടുന്നുണ്ട്. പ്രതികളെ ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ട്. പ്രോസിക്യൂഷന്‍ നടപടി ഭയന്ന് ഒളിവില്‍ പോകാനും സാധ്യതയുണ്ട്. പോലീസ് റിപ്പോര്‍ട്ട് പ്രകാരം അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. മറ്റ് ഉറവിടങ്ങളില്‍ നിന്ന് പ്രതികള്‍ക്ക് ലഭിച്ച സഹായവും ഗൂഢാലോചന ഉണ്ടെങ്കില്‍ അതും വെളിപ്പെടേണ്ടതായും അന്വേഷിക്കേണ്ടതായുമുണ്ടെന്നും കൃത്യത്തിലുള്‍പ്പെട്ട മറ്റു പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും കൃത്യത്തിനുപയോഗിച്ച ഉപകരണങ്ങളും ഗാഡ്ജറ്റും കണ്ടെത്തേണ്ടതുണ്ടെന്നുമുള്ള പോലീസ് റിപ്പോര്‍ട്ടും പരിഗണിച്ചാണ് ജാമ്യഹര്‍ജികള്‍ കോടതി തള്ളിയത്.
പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വച്ച് 4 ദിവസം ചോദ്യം ചെയ്യാനായി പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ കോടതി നല്‍കിയിരുന്നു. പരീക്ഷാ തട്ടിപ്പ് ഉപകരണങ്ങളുടെയും വ്യാജ ഐഡി കാര്‍ഡുകളുടെയും ഉറവിടം , കൃത്യത്തിലുള്‍പ്പെട്ട കോച്ചിംഗ് സെന്ററുകള്‍ , കൃത്യത്തിലുള്‍പ്പെട്ട കൂടുതല്‍ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യല്‍ , തെളിവു ശേഖരണം എന്നിവക്കായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള പോലീസ് കസ്റ്റഡി അപേക്ഷയിലായിരുന്നു കോടതി ഉത്തരവ്.
2023 ആഗസ്റ്റ് 20 ന് നടന്ന പരീക്ഷയിലാണ് തട്ടിപ്പ് നടന്നത്. തലസ്ഥാന ജില്ലയില്‍ സംഭവം നടന്നത് വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളിലും പട്ടം സെന്റ്. മേരീസ് സ്‌കൂളിലുമായിട്ടായിരുന്നു. സിറ്റി മെഡിക്കല്‍ കോളേജ് , മ്യൂസിയം എന്നീ പോലീസ് സ്റ്റേഷനുകളിലായാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കോപ്പിയടിക്കുള്ള പ്രതിഫലം ഉദ്യോഗാര്‍ത്ഥികള്‍ മുന്‍കൂറായി നല്‍കണമായിരുന്നെന്നും അറസ്റ്റിലായ പ്രതികള്‍ പോലീസിന് നല്‍കിയ കുറ്റസമ്മത മൊഴിയില്‍ സമ്മതിച്ചു. കേരള പൊലീസ് ഹരിയാനയിലെത്തി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളുകളഴിയുന്നത്.
പരീക്ഷാ തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ ദീപക് ഷോഗന്റ്, റിഷിപാല്‍, ലാഖ്വീന്ദര്‍ എന്നിവരാണ് ആഗസ്റ്റ് 28 ന് ഹരിയാനയില്‍ നിന്നും അറസ്റ്റിലായത്.
ഋഷിപാലിനു വേണ്ടി തിരുവനന്തപുരത്ത് എത്തി പരീക്ഷ എഴുതിയത് അമിത്ത് എന്നയാളായിരുന്നു. ഇയാളെ പരീക്ഷ നടന്ന ആഗസ്റ്റ് 20 ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഹരിയാനക്കാരായ സുനില്‍ , സുമിത് കുമാര്‍ , റിഷിപാല്‍ എന്നിവരാണ് ആദ്യഘട്ടത്തില്‍ അറസ്റ്റിലായത്.
"
https://www.facebook.com/Malayalivartha


























