പിണറായിക്കെതിരെ എ.കെ. ബാലനും, കെഎസ്എഫ്ഇയിൽ നടക്കുന്നത് പൊള്ളചിട്ടികളടക്കം വൻതിരിമറിയെന്ന്, വിമര്‍ശനം വിവാദമായതോടെ നിലപാട് മയപ്പെടുത്തിയെങ്കിലും ക്രമക്കേടുകള്‍ ഉണ്ടെന്ന കാര്യം പൂര്‍ണമായും തള്ളിക്കളയാതെ ബാലൻ, പടല പിണക്കത്തിൽ ഉലഞ്ഞ് ക്യാപ്റ്റൻ

സി പിഎമ്മിൽ ഒരു വലിയ കലാപത്തിന് തുടക്കമിട്ട് ജി.സുധാകരൻ, തോമസ് ഐസക് എന്നിവർക്ക് പിന്നാലെ എ.കെ. ബാലനും രംഗത്തെത്തി. പിണറായി വിജയൻ എന്ന ടാർഗറ്റിലേക്ക് നീങ്ങുകയാണ് സി പി എമ്മിലെ കലാപം. മുൻ മന്ത്രി എ.കെ.ബാലനെതിരെ ധനമന്ത്രി കെ . എൻ. ബാലഗോപാൽ മുഖ്യമന്ത്രിയെയും സി പി എം സെക്രട്ടറിയെയും പ്രതിഷേധം അറിയിച്ചതായാണ് സൂചന. മുഖ്യമന്ത്രിക്ക് ഒപ്പം നിൽക്കുന്നതിന്റെ പേരിലാണ് താൻ ഇത്രയധികം മാനസിക സമ്മർദ്ദം നേരിടുന്നതെന്നാണ് ധനമന്ത്രിയുടെ പരാതി.
മുൻമന്ത്രിമാരായ തോമസ് ഐസക്, എ.കെ.ബാലൻ, ജി. സുധാകരൻ എന്നിവർ നേരിട്ടാണ് പിണറായിക്കെതിരെ രംഗത്ത് ഇറങ്ങിയിരിക്കുന്നത്. പൊള്ളചിട്ടികളടക്കം വൻതിരിമറിയാണ് കെഎസ്എഫ്ഇ യിൽ നടക്കുന്നതെന്നും ഇഡി നാളെ കെഎസ്എഫ്ഇയിലും വന്നുകൂടെന്നില്ലെന്നുമാണ് എ.കെ ബാലൻ പറഞ്ഞത്. കരുവന്നൂർ തുടങ്ങും മുമ്പേ കെഎസ്എഫ്ഇയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ അതിൽ നടപടി എടുത്തതാണെന്നും എകെ ബാലൻ പറഞ്ഞു. ഇടതുപക്ഷത്തിന്റെ അടിസ്ഥാന അടിത്തറ ശക്തിപ്പെടുത്തുന്നതാണ് സഹകരണ മേഖലയെന്നും അവിടെ മൂന്നാലിടത്ത് പ്രശ്നം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോൺഗ്രസ് സഹകരണ സ്ഥാപനങ്ങളിലാണ് കൂടുതൽ പ്രശ്നമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎസ്എഫ്ഇയിലെ തിരിമറികൾക്കെതിരെ ശക്തമായ നടപടി സംസ്ഥാനം സ്വീകരിച്ചെന്നും കെഎസ്എഫ്ഇ നല്ല മതിപ്പുള്ള സ്ഥാപനമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആ മതിപ്പ് തകരരുതെന്നും തകർന്നാൽ കേന്ദ്ര ഏജൻസി എത്തി അവിടെയും തകർക്കുമെന്നും എകെ ബാലൻ പറഞ്ഞു. കോഴിക്കോട് കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേള്ളനത്തിലാണ് എകെ ബാലന്റെ പ്രതികരണം.
കേരളത്തിലെ സഹകരണ സംഘങ്ങളുടെ അടിത്തറ ശക്തമാണ്. എന്നാൽ ഒന്നുരണ്ട് സ്ഥാപനങ്ങളിൽ ഉണ്ടായ പിഴവിന്റെ അടിസ്ഥാനത്തിൽ പ്രസ്ഥാനം ക്രൂശിക്കപ്പെട്ടു. അവിടെ വരാൻ പാടില്ലാത്ത ഏജൻസി വന്നു. സഹകരണ മേഖലയോട് കേന്ദ്രം സ്വീകരിക്കുന്നത് പ്രതികൂല നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിൽ മാത്രമല്ല നല്ല രീതിയിൽ പ്രവർത്തിക്കുന്ന കെഎസ്എഫ്ഇ പോലുള്ള ധനകാര്യ സ്ഥാപനങ്ങളിലും ഇഡി എത്തുമെന്നും അതിനാൽ ഇപ്പോഴത്തെ മതിപ്പും പ്രവർത്തനവും തുടർന്നും നിലനിർത്തണമെന്നും എകെ ബാലൻ പറഞ്ഞു.
എന്നാൽ വിമർശനം വിവാദമായതോടെ വിശദീകരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ രംഗത്തെത്തി. . കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂനിയൻറെ പതിനേഴാം സംസ്ഥാന സമ്മേളനത്തിൽ നടത്തിയ പരാമർശമാണ് വിവാദമായത്. പിന്നീട് നിലപാട് മയപ്പെടുത്തിയെങ്കിലും ക്രമക്കേടുകൾ ഉണ്ടെന്ന കാര്യം പൂർണമായും അദ്ദേഹം തള്ളിക്കളഞ്ഞില്ല. അധ്യക്ഷ പ്രസംഗത്തിൽ താൻ പറഞ്ഞ ചില കാര്യങ്ങൾ മനസിലാകാതെ തെറ്റായ രൂപത്തിൽ വാർത്ത നൽകുകയായിരുന്നുവെന്നും കഴിഞ്ഞ രണ്ടുവർഷത്തിൽ ശ്രദ്ധേയമായ നേട്ടമാണ് കെഎസ്എഫ്ഇ കൈവരിച്ചതെന്നും അതൊടൊപ്പം തിരുത്തപ്പെടേണ്ട ചില പ്രവണതകളെക്കുറിച്ച് സൂചിപ്പിക്കുക മാത്രമാണ് താൻ ചെയ്തതെന്നും എ.കെ ബാലൻ വിശദീകരിച്ചു.
കമ്പനിയുടെ നിലനിൽപ്പിനെ ബാധിക്കുന്ന ചില തെറ്റായ പ്രവണത എല്ലാവരും ഓർമപ്പെടുത്തുന്നതാണ്. അത് താനും ഇടക്കിടക്ക് പറയാറുണ്ട്. അതാണ് ഇവിടെയും പറഞ്ഞതെന്നും അദ്ദേഹം കൂട്ടിചേർത്തു. ധനമന്ത്രി കെഎൻ ബാലഗോപാൽ, കെഎസ്എഫിഇ ഓഫീസേഴ്സ് യൂണിയൻറെ നേതാക്കൾ എന്നിവരെ വേദിയിലിരുത്തിയായിരുന്നു കെഎസ്എഫ്ഇയിൽ ഗുരുതര ക്രമക്കേട് നടക്കുന്നുവെന്ന് എകെ ബാലൻ വിമർശനം ഉന്നയിച്ചത്. കരുവന്നൂരിന് മുൻപ് കെഎസ്എഫ്ഇ ജീവനക്കാരുടെ സഹകരണ സംഘത്തിൽ നടന്ന ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് ഓഫീസേഴ്സ് യൂണിയൻറെ സംസ്ഥാന പ്രസിഡണ്ട് കൂടിയായ ബാലൻ വിമർശിച്ചത്. പൊള്ളച്ചിട്ടികളടക്കം വൻതിരിമറികളാണ് കെഎസ്എഫിയിൽ നടക്കുന്നത്.
ബാലൻറെ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കാൻ ധനമന്ത്രി തയ്യാറായില്ല.അക്കാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. കോഴിക്കോട്ടെ യോഗം അവസാനിച്ചയുടനെയാണ് ബാലഗോപാൽ മുഖ്യമന്ത്രിയും ഗോവിന്ദൻ മാസ്റ്ററുമായി സംസാരിച്ചതെന്നാണ് മനസിലാക്കുന്നത്. മുഖ്യമന്ത്രിയുടെ മറുപടി പുറത്തുവന്നിട്ടില്ല. എന്നാൽ ഗോവിന്ദൻ മാസ്റ്റർ ബാലനുമായി സംസാരിച്ചുവെന്നാണ് മനസിലാക്കുന്നത്. ഇതിന് ശേഷമാണ് വിമർശനം മയപ്പെടുക്കാൻ അദ്ദേഹം തയ്യാറായത്. എന്നാൽ വിമർശനം അദ്ദേഹം നിഷേധിച്ചിട്ടില്ല.
യഥാർത്ഥത്തിൽ ധനമന്ത്രിയുടെ പ്രസ്റ്റീജ് പ്രസ്ഥാനത്തിനെതിരെ പരാമർശം നടത്തിയത് ബാലന്റെ വീൺവാക്കല്ല. ദീർഘ കാലത്തെ അനുഭവപരിചയമുള്ള നേതാവാണ് ബാലൻ. എന്ത് എപ്പോൾ പറയണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ബാലഗോപാലിനെ വേദിയിലിരുത്തി ബാലൻ അദ്ദേഹത്തിന് കീഴിലെ സ്ഥാപനത്തെ വിമർശിച്ചെങ്കിൽ അതിൽ വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ട്. അത് സീറ്റ് നിഷേധിച്ച് തന്നെ വഴിയാധാരമാക്കിയ പിണറായിയോടുള്ള വിരോധമാണ്. ഒപ്പം തോമസ് ഐസക്കിനോടുളള ആരാധനയും.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്പ്രിംഗ്ലൂർ വിവാദം കത്തി നിന്നപ്പോൾ മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ തോമസ് ഐസക്, എ കെ ബാലൻ, എം എം മണി തുടങ്ങി മന്ത്രിസഭയിലെ ഒട്ടുമിക്ക അംഗങ്ങളും രംഗത്തിറങ്ങുന്നതായിരുന്നു കാഴ്ച. മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മ , കെ കെ ശൈലജ തുടങ്ങിയവർ വിവിധ വിവാദങ്ങളിൽ പെട്ടപ്പോൾ മുഖ്യമന്ത്രി തന്നെ ഇവർക്ക് ശക്തമായ പിന്തുണയുമായി രംഗത്തെത്തിക്കുകയും ചെയ്തു. എന്നാൽ എഐ ക്യാമറ വിവാദം സർക്കാരിനെ വലിയ പ്രതിരോധത്തിലാക്കിയപ്പോഴും വ്യവസായ മന്ത്രി പി രാജീവ് ഒഴികെ മറ്റാരും തന്നെ കാര്യമായ പ്രതികരണം നടത്തിയിരുന്നില്ല.
ഘടകകക്ഷി മന്ത്രിമാരും ഈ വിഷയത്തിൽ മൗനം പാലിച്ചു. എല്ലാവരും അഡ്ജസ്റ്റ് ചെയ്യുന്നു എന്ന അഭിപ്രായമാണ് മുഖ്യമന്ത്രിക്കുള്ളത്. ഐസക്കിനെ പോലുള്ളവർ തന്നെ നശിപ്പിക്കാൻ കാത്തിരിക്കുന്നുവെന്നാണ് പിണറായി കരുതുന്നത്. എന്തിലും അഭിപ്രായം പറഞ്ഞിരുന്ന എം എം മണി പോലും ഇപ്പോൾ ഏറെക്കുറെ നിശബ്ദനാണ്. തന്നെ മന്ത്രിയാക്കാത്തതിൽ അദ്ദേഹത്തിന് വലിയ വിഷമമാണുള്ളത്.തോമസ് ഐസക്കിനെ ഒതുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ എൻ ബാലഗോപാലും ഒരുക്കിയ കെണിയിൽ ഐസക് പലവട്ടം വീണിട്ടുണ്ട്.
തോമസ് ഐസക്ക് തന്നെ പേരിട്ട, അദ്ദേഹത്തിൻ്റെ സ്വന്തം സ്ഥാപനം എന്ന് കരുതുന്ന ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിനെ കൊണ്ടു തന്നെ ഐസക്കിനെ പിണറായി നിലംപരിശാക്കി. കേരളത്തെ ശ്രീലങ്കയാക്കിയത് ഐസക്കാണെന്നായിരുന്നു പിണറായിയുടെ കണ്ടെത്തൽ. സാമ്പത്തിക മാനേജ്മെൻറിൻെറ കാര്യത്തിൽ ഐസക്ക് വട്ടം പൂജ്യമാണെന്ന് വരുത്തേണ്ടത് പിണറായിയുടെ മാത്രമല്ല ബാലഗോപാലിൻ്റെ കൂടി ആവശ്യമായിരുന്നു. ബാലഗോപാൽ മന്ത്രിയാകുമ്പോൾ എല്ലാവരും അദ്ദേഹത്തെ താരതമ്യം ചെയ്തത് ഐസക്കുമായിട്ടായിരുന്നു. ഐസക്കിൻ്റെ സാമ്പത്തിക മാനേജ്മെൻറിനെ പ്രകീർത്തിക്കാത്തവർ ഇന്നും കുറ്റവാണ്. ബാലഗോപാൽ പരാജയമാണെന്ന് പറയുന്നവർ സി പി എമ്മിലെ ഐസക്ക് ആരാധകരാണ്.
ബാലഗോപാൽ മന്ത്രിയായപ്പോൾ തന്നെ സാമ്പത്തിക ഞെരുക്കം സംസ്ഥാനത്തെ കാർന്നു തിന്നാൻ തുടങ്ങിയിരുന്നു.ഇത് ഐസക്കിൻ്റെ സാമ്പത്തിക കെടുകാര്യസ്ഥതതയാണെന്ന് പലരും പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല. ബാലഗോപാൽ ഇതിൽ തീർത്തും നിരാശനാണ്.അങ്ങനെയിരിക്കുമ്പോഴാണ് സംസ്ഥാനത്തിൻ്റെ സാമ്പത്തിക സാഹചര്യം പഠിക്കാൻ ഗുലാത്തി തീരുമാനിച്ചത്. ഇത്തരമൊരു തീരുമാനം ഗുലാത്തി സ്വയം ഏറ്റെടുത്തതല്ല. പിണറായിയും ബാലഗോപാലും ചേർന്ന് അവരെ കൊണ്ട് ഏറ്റെടുപ്പിച്ചതാണ്. പഠനം നടത്തുമ്പോൾ അത് സത്യസന്ധവും സുതാര്യവുമാകണമെന്ന് ബാലഗോപാൽ ഗലാത്തിയെ അറിയിച്ചു. ഇല്ലെങ്കിൽ ഒരു സർക്കാർ സ്ഥാപനത്തിൽ നിന്നും സർക്കാരിനെതിരെ റിപ്പോർട്ട് വരില്ല. അങ്ങനെ വന്നാൽ തന്നെ അത് പ്രസിദ്ധീകരിക്കാൻ അനുവദിക്കുകയില്ല.
പിണറായി സർക്കാരിൻറെ കാലത്ത് ധനകാര്യ രംഗം കുത്തഴിഞ്ഞതിൻറെ കണക്കുകളുമായി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻറ് ടാക്സേഷൻറെ റിപ്പോർട്ട് പുറത്തു വിട്ടതിന് പിന്നിലും തോമസ് ഐസക് സംശയിക്കുന്നത് സർക്കാരിലെ ഉന്നതരെ തന്നെയാണ്. അഞ്ച് വർഷക്കാലം നികുതി വളർച്ചയിൽ കേരളം രാജ്യത്ത് ഏറ്റവും പിന്നിലായെന്നാണ് കണക്ക്. മറ്റ് പ്രധാനപ്പെട്ട സാമ്പത്തിക സൂചകങ്ങളിലും കേരളം ഏറെ പിന്നിലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കി .
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻറ് ടാക്സേഷൻ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത സർക്കാരിൻറെ സാമ്പത്തിക കാര്യങ്ങൾക്കുള്ള ഗവേഷണ സ്ഥാപനമാണ്. ഒന്നാം പിണറായി സർക്കാരിൻറെ കാലത്ത് ധനകാര്യ രംഗം നേരിട്ട തിരിച്ചടികളുടെ കണക്കുകൾ നിരത്തിയാണ് മുപ്പത്തിരണ്ട് പേജുള്ള സംക്ഷിപ്ത റിപ്പോർട്ട് തയ്യാറാക്കിയത്.. സർക്കാരിനും സർക്കാർ ഏജൻസികൾക്കും മാത്രം കൈമാറിയ രഹസ്യ റിപ്പോർട്ടിൽ പ്രധാനപ്പെട്ട 19 സംസ്ഥാനങ്ങളെ താരതമ്യം ചെയ്താണ് പഠനം. ഇതിൽ ഏറ്റവും ഗൗരവതരം നികുതി സമാഹരണത്തിലെ വീഴ്ചയാണ്. 2016മുതൽ 2021വരെ അഞ്ച് കൊല്ലത്തിൽ കേരളം കൈവരിച്ച വളർച്ച രണ്ട് ശതമാനം മാത്രമാണ്.
19 സംസ്ഥാനങ്ങളുടെ ശരാശരിയെടുത്താലും ഇത് 6.3 ശതമാനം ആണ്. നികുതി പിരിവിൽ കേരളം മൂന്നിലൊന്ന് പോലും തൊടാനാകാതെ മൂക്ക് കുത്തിയെന്നും റിപ്പോർട്ട് പറയുന്നു. കേന്ദ്ര ഗ്രാൻറ് അടക്കം എല്ലാ വരുമാനങ്ങളും ഉൾപ്പെടുത്തിയുള്ള റവന്യു വരവിലും കേരളം ദേശീയ ശരാശരിയിലും പിന്നിൽ പോയിരിക്കുകയാണ്. പതിനാറാം സ്ഥാനമാണ് ഇതിൽ കേരളത്തിലുള്ളത്. ഹരിയാനയും,ജാർഖണ്ഡും, ചത്തീസ്ഗഢും, ഗുജറാത്തും വരെ കേരളത്തെക്കാൾ മുന്നിലാണുള്ളത്. മദ്യം,ലോട്ടറി അടക്കം നികുതിയേതര വരുമാനത്തിൽ തോമസ് ഐസക്കിൻറെ കാലയളവിൽ വലിയ തിരിച്ചടിയുണ്ടായില്ല. 22ശതമാനം വളർച്ച നേടിയ കേരളം നാലാം സ്ഥാനത്ത് എത്തി. ഗുലാത്തി റിപ്പോർട്ടിലുള്ള വൈരാഗ്യമാണ് തോമസ് ഐസക് കാണിക്കുന്നത്. ബാലന് പിന്നിൽ ഐസക്കിന്റെ കറുത്ത കരങ്ങളാണെന്ന് ബാലഗോപാൽ വിശ്വസിക്കുന്നു. ഇനി പുറത്തിറങ്ങാനുള്ളത് ജി.സുധാകരനാണെന്നും ബാലഗോപാൽ കരുതുന്നു.
കെ എസ് എഫ് ഇ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നടക്കുന്ന അഴിമതികൾ മുമ്പേ പുറത്തുവന്നിട്ടുള്ളതാണ്. കെ എസ് എഫ് ഇ ജീവനക്കാരുടെ സൊസൈറ്റിയിൽ നടന്ന ക്രമക്കേടുകൾ പുറത്തു വന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.കെ എസ് എഫ് ഇ യിൽ നടക്കുന്ന ചിട്ടികളിൽ അഴിമതി നടക്കുന്നതായും പരാതിയുണ്ട്. കമ്പനിയിലെ ജീവനക്കാരുടെ സ്വന്തക്കാർ ചിട്ടിയും വായ്പയും കരസ്ഥമാക്കുന്നതായും പരാതിയുണ്ട്. തോമസ് ഐസക്കിന്റെ കാലത്ത് പേരെടുത്ത സ്ഥാപനമായിരുന്നു കെ എസ് എഫ് ഇ.
പ്രവാസി ചിട്ടിയും മറ്റും ഒരു കാലത്ത് സർക്കാരിനെ താങ്ങി നിർത്തിയിരുന്നു. കെ എൻ ബാലഗോപാലിനെതിരായ തോമസ് ഐസക്കിന്റെ വികാരങ്ങളാണ് എ.കെ ബാലനിലൂടെ പുറത്തുവരുന്നതെന്ന് വിശ്വസിക്കുന്നയാളാണ് ബാലഗോപാൽ. പിണറായിയുമായി ഏറെ അടുപ്പം പുലർത്തുന്നയാളാണ് ബാലഗോപാൽ. പിണറായിയോടുള്ള വിരോധമാണ് ബാലഗോപാലിനെതിരെ നേതാക്കളിൽ നിന്ന് വരുന്നത്. ഏതായാലും വരും ദിവസങ്ങളിൽ ഐസക്കും സുധാകരനും ബാലനും പിണറായിയിൽ നിന്ന് എന്തെല്ലാം കേൾക്കുമെന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha


























