പാലിയേക്കര ടോള്‍ പ്‌ളാസ ഓഫീസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്

പാലിയേക്കര ടോള്‍ പ്‌ളാസ ഓഫീസില്‍ ന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതികളിലാണ് പരിശോധന നടന്നത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഏഴ് ഇഡി ഉദ്യോഗസ്ഥര്‍ ടോള്‍ പ്‌ളാസയുടെ ഓഫീസില്‍ എത്തിയത്. പാലിയേക്കര ടോള്‍ പ്‌ളാസയിലെ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ചില ഇടപാടുകളില്‍ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. ടോള്‍ പ്‌ളാസയുമായി ബന്ധപ്പെട്ട ദേശീയപാതയുടെ സര്‍വീസ് റോഡ് നിര്‍മാണം, പരസ്യ ബോര്‍ഡുകള്‍ തുടങ്ങിയവയില്‍ ഒരു കോടിയിലേറെ രൂപയുടെ അനധികൃത ഇടപാടുകള്‍ നടന്നുവെന്നായിരുന്നു പരാതി ഉയര്‍ന്നത്. പരാതിയില്‍ സി ബി ഐ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.
റെയ്ഡിനിടെ ഇ ഡി ഉദ്യോഗസ്ഥര്‍ ടോള്‍ പ്‌ളാസയിലെ ജീവനക്കാരുടെ ഫോണുകള്‍ വാങ്ങിവച്ചു. 50 ജീവനക്കാര്‍ ആ സമയത്ത് ഓഫീസിലുണ്ടായിരുന്നു. അതേസമയം, പരിശോധനയുമായി ബന്ധപ്പെട്ട് ഇ ഡി മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് പ്ലാസയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ജീവനക്കാരെ ചോദ്യം ചെയ്തില്ലെന്നും ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിച്ചില്ലെന്നും പറയുന്നു. ഓഫീസിലെ രേഖകള്‍ പരിശോധിച്ചു.
ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് ആണ് ടോള്‍ പ്‌ളാസയുടെ കരാര്‍ കമ്പനിക്കാര്‍. ടോള്‍ പിരിവിന്റെ കരാറും ഇവര്‍ക്ക് തന്നെയാണ്. കരാറുമായി ബന്ധപ്പെട്ട രേഖകളാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. അഞ്ചുവര്‍ഷമാണ് കമ്പനിയ്ക്ക് കരാര്‍ നല്‍കിയിരിക്കുന്നത്.
2012 ഫെബ്രുവരി ഒന്‍പത് മുതലാണ് ദേശീയപാത അതോറിറ്റി പാലിയേക്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. 62 കിലോമീറ്റര്‍ നാലുവരി പാത നിര്‍മിക്കാന്‍ 721 കോടി രൂപയാണ് നിര്‍മാണ ചെലവ് കണക്കാക്കിയിരുന്നത്. 2023 മേയിലെ കണക്ക് പ്രകാരം 1000 കോടി രൂപയിലേറെ ടോള്‍ പിരിവ് നടത്തിയെന്നാണ് വിവരം.
https://www.facebook.com/Malayalivartha


























