ആഞ്ഞടിച്ച് സമസ്ത തങ്ങള്‍... മുസ്ലീം ലീഗ് - സമസ്ത തര്‍ക്കം മറ്റൊരു തലത്തിലേക്ക്; പിഎംഎ സലാമിനെ പോലുള്ളവരെ ഒന്നുകില്‍ കടിഞ്ഞാണിടുക, അല്ലെങ്കില്‍ കെട്ടിയിടുക, അതുമല്ലെങ്കില്‍ എവിടെയാണോ ആക്കേണ്ടത് അതുപോലുള്ള സ്ഥലങ്ങളില്‍ കൊണ്ട് ചെന്നാക്കണമെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങള്‍

മുസ്ലീം ലീഗ് - സമസ്ത തര്‍ക്കം ഇത്രമേല്‍ എത്തുമെന്ന് ആരും കരുതിയില്ല. അവസാനം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെ പികെ കുഞ്ഞാലിക്കുട്ടി കൈവിട്ടെങ്കിലും, ആക്ഷേപങ്ങള്‍ ഉന്നയിച്ച വരെ ആദ്യമേ തടയണമായിരുവെന്നാണ് സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളുടെ പ്രതികരണം.
പിഎംഎ സലാമിനെ പോലുള്ളവരെ ഒന്നുകില്‍ കടിഞ്ഞാണിടുക, അല്ലെങ്കില്‍ കെട്ടിയിടുക, അതുമല്ലെങ്കില്‍ എവിടെയാണോ ആക്കേണ്ടത് അതുപോലുള്ള സ്ഥലങ്ങളില്‍ കൊണ്ട് ചെന്നാക്കുകയെന്നായിരുന്നു കാസര്‍ഗോഡ് നീലേശ്വരത്ത് എസ് വൈ എസ് പരിപാടിയില്‍ ജിഫ്രി തങ്ങളുടെ പ്രതികരണം.
പരസ്യ പ്രസ്താവന അവസാനിപ്പിച്ചുവെന്ന കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശത്തോടാണ് ജിഫ്രി തങ്ങളുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. ആരെയും ഇരുത്തേണ്ടിടത്ത് ഇരുത്താന്‍ സമസ്തക്കറിയാമെന്നായിരുന്നു സാദിഖ് അലി തങ്ങള്‍ക്കുള്ള മറുപടി. സമസ്തക്ക് അതിനുള്ള ശക്തിയുണ്ട്. സമസ്തയില്‍ ആരോക്കെ വേണമെന്ന് തീരുമാനിക്കാന്‍ ആരെയും ഗേറ്റ് കീപ്പറാക്കിയിട്ടില്ല. എസ് വൈ എസ് സമസ്തയുടെ ഊന്നുവടി മാത്രമല്ല. ഉപയോഗിക്കേണ്ടിടത്ത് ഉപയോഗിക്കാന്‍ കൂടിയുള്ളതാണെന്നും ജിഫ്രി തങ്ങള്‍ തിരിച്ചടിച്ചു.
സമസ്തയുമായുള്ള തര്‍ക്കത്തില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയെ കൈവിടുന്ന പ്രസ്താവനയാണ് പികെ കുഞ്ഞാലിക്കുട്ടി അവസാനഘട്ടത്തില്‍ നടത്തിയത്. സലാമിന്റെ പരാമര്‍ശങ്ങള്‍ അറിവില്ലായ്മാണെന്ന് കുറ്റപ്പെടുത്തിയ കുഞ്ഞാലിക്കുട്ടി, ലീഗില്‍ പരസ്യപ്രസ്താവനകള്‍ വിലക്കിയതായും അറിയിച്ചു. ജിഫ്രി തങ്ങള്‍ക്ക് പിന്നാലെ എസ്‌കെഎസ്എസ്എഫ് അധ്യക്ഷനും പാണക്കാട് കുടുംബാംഗവുമായ ഹമീദലി ശിഹാബ് തങ്ങളെ ഇകഴ്ത്തി പറഞ്ഞതാണ് ലീഗ് ജനറല്‍ സെക്രട്ടറി സലാമിന് വിനയായത്.
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലും പിന്നീട് ഇംഗ്ലീഷ് ദിനപത്രത്തോട് സംസാരിച്ചപ്പോഴും സലാം സമസ്തയ്ക്കും പോഷക സംഘടനകള്‍ക്കുമെതിരെ തുറന്നടിച്ചിരുന്നു. ഇതോടെ സമസ്ത അനൂകൂലികള്‍ ഒന്നാകെ ഇളകി. തര്‍ക്കം പരസ്യമായ ഏറ്റുമുട്ടലിലേക്ക് എത്തുമെന്ന് ഭയന്നാണിപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയെ കൈവിട്ട് പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്.
പ്രശ്‌നത്തില്‍ ഹമീദലി തങ്ങളെ നേരിട്ട് വിളിച്ച് സലാം ഖേദം പ്രകടിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. സലാമിന്റേത് അറിവില്ലായ്മയെന്ന് പരസ്യമായി കുഞ്ഞാലിക്കുട്ടിക്ക് പറയേണ്ടി വന്നത് പാര്‍ട്ടിക്കുള്ളിലും തര്‍ക്കം രൂക്ഷമായതിന്റെ സൂചനയാണ്. അതേ സമയം സമസ്ത ആവശ്യപ്പെട്ട ചര്‍ച്ചയ്ക്ക് ഇനിയും ലീഗ് തയ്യാറായിട്ടില്ല. സലാമിന്റെ പരാമര്‍ശങ്ങള്‍ സലാം തന്നെ തിരുത്തണമെന്ന ആവശ്യമാണ് സമസ്ത ഉന്നയിക്കുന്നത്.
എസ് കെ എസ് എസ് എഫ് അധ്യക്ഷന്‍ ഹമീദലി തങ്ങള്‍ക്കെതിരായ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് അനുനയ നീക്കവുമായി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം രംഗത്തെത്തിയിരുന്നു. വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. ഉദ്ദേശിച്ച കാര്യങ്ങളല്ല വാര്‍ത്തയായി വന്നത്. തങ്ങള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും പിഎംഎ സലാം പറഞ്ഞു. ഹമീദലി തങ്ങളെ ഫോണില്‍ ബന്ധപ്പെട്ടാണ് സലാം കാര്യങ്ങള്‍ വിശദീകരിച്ചത്. തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ മുസ്ലിംലീഗില്‍ നിന്നുള്‍പ്പെടെ സലാമിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് അനുനയത്തിനായി പിഎംഎ സലാം മുന്നിട്ടിറങ്ങിയത്.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എസ് കെ എസ് എസ് എഫിന്റെ അധ്യക്ഷനായിരുന്ന കാലത്തെ പ്രാധാന്യം നിലവിലെ അധ്യക്ഷനായ ഹമീദലി തങ്ങള്‍ക്കില്ലെന്നതായിരുന്നു സലാമിന്റെ പരാമര്‍ശം. സലാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫേഡറേഷന്‍ (എസ്.കെ.എസ്.എസ്.എഫ്) സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്തെത്തിയിരുന്നു. പി എം എ സലാം സമുദായത്തില്‍ ഛിദ്രതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ ബന്ധപ്പെട്ടവര്‍ അടിയന്തിരമായി നിയന്ത്രിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























