അറബിക്കടലില്‍ തീപിടിച്ച 'വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും തീ ഉയര്‍ന്നു...

അറബിക്കടലില്‍ തീപിടിച്ച 'വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും തീ ഉയര്‍ന്നു. വെള്ളിയാഴ്ച വീണ്ടും തീ കണ്ടെത്തിയതോടെ കപ്പലിനെ വലിച്ചുകൊണ്ടുപോകുന്ന പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.
തീ പൂര്‍ണമായി അണച്ച ശേഷം ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തേക്ക് കപ്പലിനെ മാറ്റുന്ന കാര്യം ഇതോടെ അനിശ്ചിതത്വത്തിലായി. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഏതെങ്കിലും തുറമുഖത്തേക്ക് കപ്പലിനെ മാറ്റുന്നതിനെക്കുറിച്ചാണ് ഡിജി ഷിപ്പിങ് ഇപ്പോള്‍ ആലോചനയിലുള്ളത്.
അഡ്വാന്റിസ് വിര്‍ഗോ ടഗ്ഗിന്റെ സഹായത്തോടെ ഇതിനകം തീ കെടുത്താനുള്ള രാസമിശ്രിതം 12,000 ലിറ്ററോളം ഉപയോഗിച്ചു. 3000 ലിറ്ററോളം മിശ്രിതമാണ് ഇനി ബാക്കിയുള്ളത്. ആവശ്യമാണെങ്കില്‍ കൂടുതല്‍ രാസമിശ്രിതം സിങ്കപ്പൂരില്‍ നിന്ന് എത്തിക്കാനാണ് അധികൃതരുടെ ശ്രമമുള്ളത്.
കപ്പലിലെ 243 കണ്ടെയ്നറുകളില്‍ വെളിപ്പെടുത്താത്ത വസ്തുക്കള്‍ ഉള്ളതായാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ കണ്ടെത്തല്‍. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടും ഇടയ്ക്കിടെ തീപ്പിടിത്തമുണ്ടാകുന്നത് ഇതു മൂലമാണെന്നാണ് അവരുടെ നിഗമനം.
വാന്‍ ഹായ് കപ്പല്‍ ബുധനാഴ്ച രാത്രി ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖല കടന്നിട്ടുണ്ടായിരുന്നു. ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖലയായ 200 നോട്ടിക്കല്‍ മൈലിന് 3.5 നോട്ടിക്കല്‍ മൈല്‍ തെക്കാണ് ഇപ്പോള്‍ കപ്പലിന്റെ സ്ഥാനമുള്ളത.
https://www.facebook.com/Malayalivartha