ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം: നിനോയ്ക്ക് വധശിക്ഷ; അനുശാന്തിക്ക് ജീവപര്യന്തം

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകക്കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷയും രണ്ടാം പ്രതി അനുശാന്തിക്ക് ജീവപര്യന്തം തടവും ശിക്ഷ വിധിച്ചു. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി.ഷെര്‍സാണ് വിധി പ്രസ്താവിച്ചത്. സ്വന്തം കുഞ്ഞിനേക്കാള്‍ പ്രായം കുറഞ്ഞ കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. അനുശാന്തി മാതൃത്വത്തിന് അപമാനമാണെന്നും കോടതി നിരീക്ഷിച്ചു. ഇരുവരും അന്‍പത് ലക്ഷം രൂപ വീതം പിഴയൊടുക്കണം.
ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥരായ പ്രതികള്‍ നിനോ മാത്യു, അനുശാന്തി എന്നിവര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, കൊലപാതകശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്. വാട്‌സ്ആപ് അടക്കം സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിച്ചാണ് ഗൂഢാലോചന നടത്തിയതെന്നും കോടതി കണ്ടെത്തിയിരുന്നു.
പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന പ്രതികളില്‍ നിന്ന് കനത്ത പിഴ ഈടാക്കണമെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വി.എസ്. വിനീത്കുമാര്‍ വാദിച്ചു. എന്നാല്‍, കൊലപാതകത്തിന് നേരിട്ട് തെളിവില്ലെന്നും സാഹചര്യതെളിവ് മാത്രം വച്ച് തൂക്കുകയര്‍ വിധിക്കരുതെന്നും പ്രതിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെട്ടു.
2014 ഏപ്രില്‍ പതിനാറിനായിരുന്നു നാടിനെ നടുക്കിയ ഈ കൊലപാതകം നടന്നത്്്. അനുശാന്തിയുമായി ഒരുമിച്ച് ജീവിക്കാനാണ് നിനോ മാത്യു കൊലപാതകത്തിന് പുറപ്പെട്ടത്. അനുശാന്തിയുടെ ഭര്‍തൃമാതാവ് ഓമനയെയും മകള്‍ മൂന്നുവയസുകാരി സ്വസ്തികയെയും ക്രൂരമായി കൊലപ്പെടുത്തി. അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
നിനോ മാത്യുവും അനുശാന്തിയും തമ്മിലുള്ള വഴിവിട്ട പ്രണയവും ഭര്‍ത്താവിനെയും മകളെയും ഒഴിവാക്കി ഒരുമിച്ചു ജീവിക്കാനുളള തീരുമാനവുമാണ് അരുംകൊലകളിലേക്കു നയിച്ചതെന്നാണു പൊലീസ് വിശദീകരണം. നേരത്തെ തന്നെ നിനോ മാത്യുവിനെ പരിചയമുണ്ടായിരുന്ന ലിജീഷില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാലാണു കരമണലിലെ വീട്ടിലെത്തി വസ്ത്രം മാറി രക്ഷപ്പെടാനുള്ള നീക്കത്തിനിടയില്‍ തന്നെ ഇയാളെ അന്നു പിടികൂടാനായത്. സമീപ ജില്ലകളുടെ അതിര്‍ത്തികള്‍ അടച്ചു പൊലീസ് വാഹനപരിശോധന നടത്തുകയും നിനോ മാത്യു എത്തിച്ചേരാനിടയുള്ള എല്ലാ സ്ഥലങ്ങളിലും ഒരേസമയം പരിശോധനകള്‍ സംഘടിപ്പിച്ചുമാണു പൊലീസ് ഇയാളെ കുടുക്കിയത്.
പിന്നാലെ അനുശാന്തിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അനുശാന്തിയുടെയും നിനോ മാത്യുവിന്റെയും മൊബൈല്‍ ഫോണില്‍ നിന്ന് ഇരുവരും തമ്മിലുള്ള അരുതാത്ത ബന്ധത്തിന്റെയും കൊലയില്‍ ഇരുവരുടെയും പങ്കിന്റെയും അനവധി തെളിവുകളും പൊലീസിനു ലഭിച്ചിരുന്നു.
അന്നത്തെ റൂറല്‍ എസ്പി രാജ്പാല്‍ മീണ, ആറ്റിങ്ങല്‍ ഡിവൈഎസ്പി: ആര്‍. പ്രതാപന്‍നായര്‍, സിഐ: എം. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണു കേസ് അന്വേഷിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha