പി.എസ്.സി 289 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബര്‍ 30 വരെ നീട്ടി

ജോലി പ്രതീക്ഷിച്ച് കാത്തിരുന്ന ആയിരക്കണക്കിന് പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ക്ക് വലിയ ആശ്വാസമായി റാങ്ക് ലിസ്റ്റുകളുടെ കാലാവധി വീണ്ടും നീട്ടി. മെയ് 25 മുതല്‍ ഓഗസ്റ്റ് 31 വരെ കാലാവധി അവസാനിക്കാനിരുന്ന 289 റാങ്ക് ലിസ്റ്റുകളാണ് ഇനി നവംബര്‍ 30 വരെ പ്രാബല്യത്തില്‍ തുടരുമെന്ന് പി.എസ്.സി അറിയിച്ചു. വിവിധ റാങ്ക് ലിസ്റ്റുകളിലായി ഏകദേശം 30,845 ഉദ്യോഗാര്‍ഥികളാണ് നിയമനത്തിനായി കാത്തിരിക്കുന്നത്.
കാലാവധി അവസാനിക്കാനിരിക്കെ അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് പി.എസ്.സി നിര്‍ണായക തീരുമാനം എടുത്തത്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുകയും പി.എസ്.സിക്ക് പ്രത്യേക ശുപാര്‍ശ നല്‍കുകയും ചെയ്തു. പുതിയ സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് തിങ്കളാഴ്ച ചേര്‍ന്ന പി.എസ്.സി യോഗം ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























