സംസ്ഥാനത്തുള്ളത് ഷിഗെല്ല സോണിയേ !! രോഗം സ്ഥിരീകരിച്ചത് 155 പേർക്ക്.. 5 മരണം

സ്വന്തം അടുക്കളയിൽ മുതൽ വഴിയോരക്കടകളിലും കുടിക്കുന്ന വെള്ളത്തിലും വരെ നിങ്ങളെ കാത്തിരിക്കുന്നുണ്ട് ഷിഗെല്ല സോണിയേ എന്ന ബാക്ടീരിയ ...ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഒരു തരം രോഗമാണിത്. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗത്തിനു കാരണമായ ബാക്ടീരിയ പെരുകുന്നതും പടരുന്നതും. ഷിഗെല്ല അണുബാധ തടയാൻ മുൻകൂട്ടി കഴിക്കാവുന്ന പ്രതിരോധ മരുന്നുകളോ അംഗീകൃത വാക്സീനുകളോ നിലവിൽ ലഭ്യമല്ല. എന്നാൽ രോഗം ബാധിച്ചുകഴിഞ്ഞാൽ ചികിത്സിക്കാനുള്ള ഫലപ്രദമായ മരുന്നുകൾ ലഭ്യമാണ്. രോഗകാരണമായ ബാക്ടീരിയകളെ നശിപ്പിക്കാനും രോഗവ്യാപനം തടയാനും ആന്റിബയോട്ടിക്കുകളാണ് പ്രയോഗിക്കുന്നത്. പ്രതിരോധമാണ് ഈ രോഗത്തിനെതിരായി പ്രധാനമായും വേണ്ടത്
സംസ്ഥാനത്ത് ആശങ്ക ഉയർത്തി ഷിഗെല്ല ബാധിതരുടെ വർധന. ഇന്നലെ എട്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം മാത്രം എഴുപത്തിയൊൻപത് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഈ വർഷം ഇതുവരെ 155 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പ് കർശന ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജനുവരി മുതല്‍ ജൂണ്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള മൊത്തം കേസുകള്‍ 146 ആണ്. അഞ്ചുപേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതില്‍ ഒരാള്‍ മാര്‍ച്ചിലാണ് മരിച്ചത്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് ഷിഗെല്ല മരണം സംഭവിച്ചത്. കോഴിക്കോടും മലപ്പുറത്തും രണ്ടു മരണങ്ങളുണ്ടായി
കോഴിക്കോട് ഷിഗെല്ല ബാധിച്ച് ചികിത്സയിലുള്ള കുട്ടിയുടെ നില ഗുരുതരമാണ്. ഞായറാഴ്ച അവലോകനം നടത്തിയപ്പോള്‍ രണ്ടു കുട്ടികളുടെ നില ഗുരുതരമായിരുന്നു. അതിലൊരു കുട്ടിയാണ് ഇന്നലെ മരിച്ചത്.
ഷിഗെല്ല ബാക്ടീരിയ ഉണ്ടാക്കുന്ന, കുടലിലെ ഗുരുതരമായ അണുബാധയാണ് ഷിഗെല്ലോസിസ്. അതിശക്തമായ വയറിളക്കം, പനി, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വെള്ളംപോലെ മലംപോകുന്ന അവസ്ഥയും മലത്തോടൊപ്പം രക്തവും ചേർന്നുപോകുന്ന അവസ്ഥയുമുണ്ടാകാം.
അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും അപകടസാധ്യത കൂടും. ഭൂരിപക്ഷം കേസിലും മരുന്നുകളും ഒ.ആർ.എസുംകൊണ്ട് ചികിത്സിക്കാം. അപൂർവമായി തലച്ചോറിൽ നീർക്കെട്ടുണ്ടായി സങ്കീർണമാവാം. ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം.
രോഗിയുടെ മലം കൾച്ചർചെയ്താണ് രോഗാണുവിനെ കണ്ടെത്തുക. അണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ ഒന്നുരണ്ടുദിവസത്തിനകം ലക്ഷണങ്ങൾ തുടങ്ങും. ഏഴുദിവസംവരെ നീണ്ടുനിൽക്കും.
കടുത്ത വയറിളക്കം (മലത്തിൽ രക്തവും കഫവും കാണപ്പെടുക), കടുത്ത പനി, വയറുവേദന, വയറു കോച്ചിപ്പിടുത്തം, ഓക്കാനം, ഛർദി, കടുത്ത ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം എന്നതാണ് പ്രധാനം. നിർജലീകരണം തടയാൻ ധാരാളം വെള്ളം, ഒആർഎസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം എന്നിവ കുടിക്കണം. ഒആർഎസ് എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭ്യമാണ്. ചെറിയ രീതിയിൽ മാത്രം രോഗലക്ഷണങ്ങളുള്ളവരിൽ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ പൊതുവേ ആവശ്യമായി വരാറില്ല. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ആന്റിബയോട്ടിക് മരുന്നുകൾ കഴിക്കുക. രോഗലക്ഷണങ്ങൾ സാധാരണ നിലയിൽ ഒരാഴ്ചയ്ക്കകം മാറുമെങ്കിലും രോഗബാധിതരായ കുട്ടികളിലും മുതിർന്നവരിലും അതീവശ്രദ്ധ വേണം. നിർജലീകരണം തടയുക എന്നതാണ് ഈ രോഗികളിൽ പ്രധാനം.
രോഗാണുക്കൾ അടങ്ങിയ മലിനജലം കുടിക്കുന്നതിലൂടെയും, മലിനജലം ഉപയോഗിച്ച് പാകം ചെയ്ത ആഹാരം കഴിക്കുന്നതിലൂടെയുമാണ് പ്രധാനമായും രോഗം പടരുന്നത്. രോഗിയുടെ വിസർജ്യത്തിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകൾ കൈകളിലോ ഈച്ചകൾ വഴിയോ ഭക്ഷണത്തിലും കുടിവെള്ളത്തിലും എത്തുമ്പോഴും അണുബാധ ഉണ്ടാകാം.
ഷിഗെല്ല രോഗിയുടെ മലത്തിലൂടെയാണ് രോഗാണു പുറത്തെത്തുന്നത്. ശുചിമുറിയിലല്ലാതെ മലവിസർജനം നടത്തിയാലോ കക്കൂസ് ടാങ്ക് തുറന്നുകിടന്നാലോ Toilet നടുത്തുതന്നെ കിണറുകളോ ജലാശയങ്ങളോ ഉണ്ടെങ്കിലോ രോഗാണുക്കൾ വെള്ളത്തിൽ കലരാം. വയറിളക്കമുള്ളയാൾ മലവിസർജനത്തിനുശേഷം കൈകഴുകാതെ ഭക്ഷണം പാചകംചെയ്താലും കുട്ടികൾക്ക് ഭക്ഷണം വാരിക്കൊടുത്താലും രോഗം പകരാം. ഈച്ചകൾ ഇരുന്ന ഭക്ഷണസാധനങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും രോഗാണുക്കളുണ്ടാകാം.
രോഗം വരാതിരിക്കാൻ
മലവിസർജനത്തിന് ടോയ്ലറ്റ് ഉപയോഗിക്കുക
ഭക്ഷണം കഴിക്കും മുൻപും ശൗചാലയം ഉപയോഗിച്ച ശേഷവും ഭക്ഷണം കഴിക്കും മുൻപും കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിന് മുൻപും സോപ്പുപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം
തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക വെള്ളം അഞ്ചുമിനിറ്റ് വെട്ടിത്തിളയ്ക്കണം. തിളച്ച വെള്ളത്തിൽ പച്ചവെള്ളം ചേർക്കരുത്. ഗുണമേന്മയുള്ള വാട്ടർ ഫിൽറ്റർ ഉപയോഗിച്ച് ഫിൽറ്റർചെയ്ത വെള്ളം ഉപയോഗിക്കാം
പാകംചെയ്ത ഭക്ഷണസാധനങ്ങളിൽ ഈച്ച ഇരിക്കാൻ ഇടവരുത്തരുത്
സാലഡിലും മറ്റും ഉപയോഗിക്കുന്ന പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. കിണറുകൾ സൂപ്പർ ക്ലോറിനേഷൻ നടത്തുക. കടകളിൽനിന്നും മറ്റും ലഭിക്കുന്ന ശീതള പാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസ് ശുദ്ധമായ വെള്ളത്തിൽ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പുവരുത്തുക.
അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിലാണ് രോഗം കൂടുതൽ ഗുരുതരമാകാൻ സാധ്യത. കുട്ടികൾ പുറത്തുപോയി വരുമ്പോഴും മലവിസർജനത്തിനു ശേഷവും സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുന്നുണ്ടെന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്കൂളിലോ മറ്റ് കൂട്ടായ്മകളിലോ വിടരുത്.
നാല് ഉപവിഭാഗങ്ങൾ
ഷിഗെല്ല സോണിയേ, ഷിഗെല്ല ബോയ്ഡി, ഷിഗെല്ല ഫ്ലക്സ്നേരി, ഷിഗെല്ല ഡിസന്റീരിയ എന്നീ നാല് ഉപവിഭാഗങ്ങളുണ്ട്. ഷിഗെല്ല സോണിയേയാണ് ഇത്തവണ സംസ്ഥാനത്ത് കൂടുതലുള്ളത്.
https://www.facebook.com/Malayalivartha


























