മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യം വീണ്ടും നിരസിച്ച് തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലപാട് മാറ്റാന്‍ തയ്യാറാകാതെ തമിഴ്‌നാട്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിനുള്ള മുഴുവന്‍ ചെലവും കേരളം വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡാം എവിടെ നിര്‍മിക്കണമെന്ന് തീരുമാനിക്കാനുള്ള പൂര്‍ണ അധികാരം തമിഴ്‌നാടിന് വിട്ടുനല്‍കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഡാമില്‍ നിന്നുള്ള വെള്ളം പൂര്‍ണമായും തമിഴ്‌നാടിന് തന്നെ നല്‍കാമെന്നും ഉറപ്പുനല്‍കി. ചെന്നൈയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലാണ് വി ഡി സതീശന്‍ ഇക്കാര്യം ഉന്നയിച്ചത്. വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു.
എന്നാല്‍ നിലപാട് മാറ്റാന്‍ തയ്യാറല്ലെന്ന് യോഗത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് വ്യക്തമാക്കി. ഡാമിന്റെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് വിജയ് പറഞ്ഞു. ജലനിരപ്പ് ഉയര്‍ത്തിയാല്‍ മാത്രമെ തമിഴ്‌നാട്ടിലെ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് അത് പ്രയോജനപ്പെടുകയുള്ളൂവെന്ന് വിജയ് യോഗത്തില്‍ വ്യക്തമാക്കി. അതേസമയം, പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്‌നാട് ഊര്‍ജമന്ത്രി സിടിആര്‍ നിര്‍മല്‍ കുമാര്‍ വ്യക്തമാക്കി. കേരളത്തിന് പലതും പറയാമെന്ന് വിമര്‍ശിച്ച അദ്ദേഹം തമിഴ്‌നാടിന് വെള്ളം കിട്ടിയാല്‍ അതിന്റെ ഗുണം കേരളത്തിന് കൂടിയാണെന്നും കൂട്ടിച്ചേര്‍ത്തു.
നേരത്തെ മുല്ലപെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുന്നതിനെതിരായ കേരളത്തിന്റെ നിലപാടിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ കേരളം സഹകരിച്ചില്ലെന്നും തമിഴ്‌നാട് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ 'തമിഴ്‌നാടിന് വെള്ളം കേരളത്തിന് സുരക്ഷ' എന്നതില്‍ ഉറച്ചുനില്‍ക്കുകയാണ് കേരളം.
https://www.facebook.com/Malayalivartha






















