ഒളിംപിക് അസോസിയേഷനിൽ മലയാളിത്തിളക്കം... 53 വോട്ടുമായി ഒന്നാമതെത്തി മലയാളി താരം അഞ്ജു ബോബി ജോർജ്; പി.ടി. ഉഷയ്ക്ക് ഓടിയെത്താനായില്ല, ഐഒഎയിലെ അധികാരക്കസേരയിൽ ഇനി അനിശ്ചിതത്വം, ഡിസംബർ 5-ലെ തിരഞ്ഞെടുപ്പിൽ നിർണായക പോരാട്ടം

അഞ്ജു ബോബി ജോർജ് പൊളിച്ചു. 53 വോട്ടുകൾ നേടി ഒന്നാമതെത്തി മലയാളി താരം. ഇന്ത്യൻ കായികരംഗത്തെ അതികായയായ പി.ടി. ഉഷയ്ക്ക് പക്ഷേ ഇത്തവണ ഓടിയെത്താനായില്ല. ഒരുകാലത്ത് ട്രാക്കിൽ വേഗത്തിന്റെ പര്യായമായിരുന്ന ഉഷയ്ക്ക് ഇന്ത്യൻ ഒളിംപിക് അസോസിയേഷനിലെ അധികാരപ്പോരാട്ടത്തിൽ അപ്രതീക്ഷിത തിരിച്ചടി. നിലവിലെ ഐഒഎ പ്രസിഡന്റ് കൂടിയായ പി.ടി. ഉഷ വനിതാ പ്രതിനിധികളുടെ തിരഞ്ഞെടുപ്പിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം, മലയാളത്തിന്റെ അഭിമാനമായ അഞ്ജു ബോബി ജോർജ് ഒന്നാം സ്ഥാനത്തെത്തി. ബാഡ്മിന്റൻ താരം സൈന നെഹ്‌വാളും വിജയികളുടെ പട്ടികയിൽ ഇടംപിടിച്ചു. ഇന്ത്യൻ കായികഭരണരംഗത്ത് വലിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ് ഈ തിരഞ്ഞെടുപ്പ് ഫലം.
ഇന്ത്യൻ ഒളിംപിക് അസോസിയേഷനിലെ സ്പോർട്സ്പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് അഥവാ എസ്.ഒ.എം വിഭാഗത്തിലെ വനിതകളുടെ നാല് ഒഴിവുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. പി.ടി. ഉഷ ഉൾപ്പെടെ ആറുപേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ആകെ 80 വോട്ടുകളാണ് രേഖപ്പെടുത്തിയത്. അതിൽ 53 വോട്ടുകൾ നേടിയാണ് അഞ്ജു ബോബി ജോർജ് ഒന്നാമതെത്തിയത്. മുൻ ഇന്ത്യൻ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാൽ 50 വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി. മുൻ അമ്പെയ്ത്ത് താരം ഡോള ബാനർജിക്ക് 45 വോട്ടുകൾ ലഭിച്ചു. ബാഡ്മിന്റൻ താരം സൈന നെഹ്‌വാൾ 43 വോട്ടുകളുമായി നാലാമതെത്തി. എന്നാൽ പി.ടി. ഉഷയ്ക്ക് ലഭിച്ചത് 40 വോട്ടുകൾ മാത്രം. നാലാം സ്ഥാനത്തെത്തിയ സൈനയേക്കാൾ മൂന്ന് വോട്ട് കുറവ്. ഇതോടെ ആറുപേർ മത്സരിച്ച പോരാട്ടത്തിൽ ഉഷയ്ക്ക് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടേണ്ടിവന്നു. അനിത പോൾ ദുരൈക്ക് ആറ് വോട്ടുകളാണ് ലഭിച്ചത്.
അഞ്ജു ബോബി ജോർജിന്റെ വിജയം കേരളത്തിനും അഭിമാനനിമിഷമാണ്. ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടത്തിനുടമയാണ് അഞ്ജു. 2003-ൽ പാരീസിൽ നടന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോങ് ജംപിൽ വെങ്കല മെഡൽ നേടിയ അഞ്ജു, പിന്നീട് ഇന്ത്യൻ കായികരംഗത്തെ ഭരണപരമായ പ്രവർത്തനങ്ങളിലും സജീവമായി. ഇപ്പോഴിതാ ഐഒഎയിലെ നിർണായകമായ എസ്.ഒ.എം തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടി ഒന്നാമതെത്തിയിരിക്കുന്നു. ട്രാക്കിലും ഫീൽഡിലും രാജ്യത്തിന്റെ അഭിമാനമായിരുന്ന താരം കായികഭരണരംഗത്തും നിർണായക സ്ഥാനത്തേക്ക് എത്തുകയാണ്.
അതേസമയം, പി.ടി. ഉഷയുടെ പരാജയം വെറുമൊരു തിരഞ്ഞെടുപ്പ് തോൽവിയായി മാത്രം കാണാനാകില്ല. 2022 ഡിസംബറിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ ആദ്യ വനിതാ പ്രസിഡന്റായി അധികാരമേറ്റത് ഉഷയായിരുന്നു. അന്ന് എസ്.ഒ.എം വിഭാഗത്തിലൂടെ എതിരില്ലാതെയാണ് ഉഷ പ്രസിഡന്റ് സ്ഥാനത്തെത്തിയത്. എന്നാൽ ഇത്തവണ അതേ വിഭാഗത്തിലെ തിരഞ്ഞെടുപ്പിൽ വിജയിക്കാനായില്ല. ഇതോടെ ഐഒഎയിലെ നിലവിലെ ഭരണസമിതിയിൽ ഉഷയ്ക്കുണ്ടായിരുന്ന സ്ഥാനം നഷ്ടപ്പെടുന്ന സാഹചര്യമാണ്. ഡിസംബർ അഞ്ചിന് നടക്കുന്ന ഐഒഎ എക്സിക്യൂട്ടീവ് കൗൺസിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിർണായക തിരിച്ചടിയാണിത്.
തിരഞ്ഞെടുപ്പിനിടെ വിവാദങ്ങളും ഉയർന്നിരുന്നു. വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം നടന്നെന്ന ആരോപണങ്ങളും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതികളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് മുന്നിലെത്തി. ഡോള ബാനർജിയുടെ പേരിലുള്ള വാട്സാപ് അക്കൗണ്ടിൽനിന്ന് ഒരു പാനലിന് അനുകൂലമായി സന്ദേശം പ്രചരിപ്പിച്ചെന്നായിരുന്നു ഉഷയുടെ പരാതി. മറുവശത്ത്, ഐഒഎ സംവിധാനങ്ങൾ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം നടന്നെന്ന ആരോപണവും ഉയർന്നു. ഈ പരാതികൾക്കിടയിലാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്.
എന്നാൽ ഒരു കാര്യം കൂടി ശ്രദ്ധിക്കണം. പി.ടി. ഉഷയ്ക്ക് ഐഒഎ പ്രസിഡന്റ് സ്ഥാനം ഇപ്പോൾ തന്നെ നഷ്ടമായിട്ടില്ല. പക്ഷേ, വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള വഴി ഏറെ ദുഷ്കരമായിരിക്കുകയാണ്. ഐഒഎ ഭരണഘടന പ്രകാരം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നയാൾ എസ്.ഒ.എം അംഗമോ ജനറൽ അസംബ്ലി അംഗമോ ആയിരിക്കണം. ദേശീയ കായിക ഫെഡറേഷന്റെ നാമനിർദേശത്തിലൂടെ ജനറൽ അസംബ്ലിയിൽ അംഗമാകാൻ ഉഷയ്ക്ക് ഇനിയും സാധ്യതയുണ്ടെങ്കിലും അതിനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തൽ.
അതേസമയം, തിരഞ്ഞെടുക്കപ്പെട്ട അഞ്ജു ഉൾപ്പെടെയുള്ള വനിതാ പ്രതിനിധികൾക്ക് ഇനി ഐഒഎ ജനറൽ അസംബ്ലിയിൽ അംഗത്വം ലഭിക്കും. ഡിസംബർ അഞ്ചിന് നടക്കുന്ന 2026–2030 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനും മത്സരിക്കാനും ഇവർക്ക് അവസരമുണ്ടാകും. പുതിയ ഭരണസമിതിയിൽ വനിതാ എസ്.ഒ.എം പ്രതിനിധികളിൽ ഒരാൾക്ക് എക്സിക്യൂട്ടീവ് കൗൺസിലിലും ഇടം ലഭിക്കും.
ട്രാക്കിലെ പോരാട്ടങ്ങളിൽ എതിരാളികളെ പിന്നിലാക്കിയ പി.ടി. ഉഷയ്ക്ക് ഇത്തവണ കായികഭരണരംഗത്തെ പോരാട്ടത്തിൽ കാലിടറിയിരിക്കുന്നു. അതേസമയം, അഞ്ജു ബോബി ജോർജ് ഒന്നാമതെത്തി തന്റെ കരുത്ത് തെളിയിച്ചു. ഇനി എല്ലാവരുടെയും കണ്ണ് ഡിസംബർ അഞ്ചിലേക്കാണ്. ഐഒഎയുടെ അടുത്ത അമരക്കാരൻ ആരായിരിക്കും? ഉഷയ്ക്ക് തിരിച്ചുവരാനാകുമോ? അതോ പുതിയ നേതൃത്വത്തിന് വഴിയൊരുങ്ങുമോ? കാത്തിരുന്ന് കാണാം!
https://www.facebook.com/Malayalivartha






















