ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിൽ നിന്ന് സ്വർണം കവർന്ന കേസ്... പ്രോസിക്യൂഷൻ അനുമതിക്കായി റിപ്പോർട്ട് സമർപ്പിച്ചതായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ

ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിൽ നിന്ന് സ്വർണം കവർന്ന കേസിൽ പ്രോസിക്യൂഷൻ അനുമതിക്കായി റിപ്പോർട്ട് സമർപ്പിച്ചതായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ . ഉണ്ണികൃഷ്ണൻ പോറ്റിയടക്കം 13 പേരാണ് പ്രതികൾ. ഇതിൽ പൊതുപ്രവർത്തകരുടെ പരിധിയിൽ വരുന്ന 10 പേരുടെ കാര്യത്തിലാണ് വിചാരണാനുമതി തേടിയത്.
നാലു പ്രതികളുടെ കാര്യത്തിൽ റവന്യു, ദേവസ്വം സെക്രട്ടറിയും ആറു പേരുടെ കാര്യത്തിൽ ദേവസ്വം ബോർഡുമാണ് പ്രോസിക്യൂഷൻ അനുമതി നൽകേണ്ടത്. അനുമതി ലഭിച്ചാലുടൻ കുറ്റപത്രം സമർപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ എസ്. ശശിധരൻ അറിയിച്ചു. അസി. ലീഗൽ അഡ്വൈസർ കുറ്റപത്രത്തിന്റെ കരട് അംഗീകരിച്ച് നിയമോപദേശം നൽകിയതായി എസ്.ഐ.ടി വിശദീകരിക്കുകയും ചെയ്തു.
കുറ്റം തെളിയിക്കുന്നതിനായി 350 സാക്ഷികളെയും 285 രേഖകളും 12 തൊണ്ടിമുതലുകളും ഹാജരാക്കിയിട്ടുണ്ട്. വിചാരണ വൈകാതെ ആരംഭിക്കാനാകുന്ന വിധം നടപടികൾ വേഗത്തിലാക്കാനായി കേസ് പരിഗണിച്ച ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദ്ദേശിക്കുകയും ചെയ്തു.
ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്വർണം കവർന്ന കേസിൽ അന്വേഷണം അവസാനഘട്ടത്തിലാണ്. അത് ഉടൻ പൂർത്തിയാക്കി പ്രോസിക്യൂഷൻ അനുമതിക്കുള്ള നടപടികൾ തുടങ്ങുമെന്നും ഉറപ്പുനൽകി. ഡിസംബർ 2ന് കേസ് വീണ്ടും പരിഗണനയിലെടുക്കും
"
https://www.facebook.com/Malayalivartha























