അല്‍പം ശ്രദ്ധിച്ചാല്‍ തട്ടിപ്പില്‍ നിന്നും രക്ഷ നേടാം... ഫ്‌ളാറ്റ്, വില്ല: തട്ടിപ്പ് തടയാന്‍ ഹെല്‍പ് ഡസ്‌കുകള്‍

സംസ്ഥാനത്ത് ഫ്‌ളാറ്റുകളും വില്ലകളും നിര്‍മിച്ചു നല്‍കാമെന്ന പേരില്‍ നടക്കുന്ന തട്ടിപ്പ് ഒഴിവാക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഹെല്‍പ്ഡസ്‌കുകള്‍. സംസ്ഥാനത്തെ എല്ലാ ജില്ലാ ടൗണ്‍ പ്ലാനര്‍മാരുടെ ഓഫീസുകളിലും ഹെല്‍പ് ഡസ്‌കുകള്‍ പ്രവര്‍ത്തനനിരതമാകും. എല്ലാ ബുധനാഴ്ചകളിലും രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡസ്‌കുകളില്‍ നിന്നും കെട്ടിട നിര്‍മാണ ചട്ടങ്ങള്‍, ടൗണ്‍ പ്ലാനിംഗ് സ്‌കീമുകള്‍, ഹെറിറ്റേജ് മേഖലയില്‍ ഉള്‍പ്പെട്ട സ്ഥലങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സംശയങ്ങള്‍ക്കുള്ള മറുപടി ലഭിക്കും.
വിമാനത്താവളം, റെയില്‍വേ അതിര്‍ത്തി, സൈനിക കേന്ദ്രങ്ങള്‍, പുരാവസ്തു സംരക്ഷിത സ്മാരകങ്ങള്‍ തുടങ്ങിയവക്ക് ചുറ്റുമുള്ള പ്രദേശങ്ങളിള്‍ നിര്‍മാണ നിയന്ത്രണങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് കെട്ടിടം വാങ്ങുന്നതിന് മുമ്പ് ഉറപ്പുവരുത്തണമെന്ന് തദ്ദേശവകുപ്പിന്റെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളോ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ നടപടി സ്വീകരിച്ചുകൊണ്ടിരിക്കുന്ന കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് അറിയുന്ന പക്ഷം (തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്നും) അവ വാങ്ങരുത്. ഹൈ-ടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ക്ക് സമീപമുള്ള നിര്‍മാണങ്ങള്‍ ആവശ്യമുള്ള ദൂരപരിധി പാലിച്ചു കൊണ്ടാണോയെന്ന് ഉറപ്പുവരുത്തണം. പരസ്യങ്ങള്‍, മോഡലുകള്‍ എന്നിവ മാത്രം കണ്ട് കെട്ടിടം വാങ്ങുന്നതിന് ഉറപ്പു നല്‍കരുത്. രേഖകള്‍ പരിശോധിച്ച് ബോധ്യം വന്നശേഷം മാത്രം മുന്‍കൂര്‍ തുക, ഉടമ്പടി, റജിസ്‌ട്രേഷന്‍ എന്നിവ നടത്തുക. വിഭജനം നടത്തിയിട്ടുള്ള പ്ലോട്ടിലെ കെട്ടിടങ്ങള്‍ വാങ്ങുമ്പോള്‍ ടൗണ്‍ പ്ലാനര്‍/ചീഫ് ടൗണ്‍ പ്ലാനര്‍ എന്നിവരില്‍ നിന്നും ലേ ഔട്ട് അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്നും ഉറപ്പുവരുത്തണമെന്നും തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ഇവയുമായി ബന്ധപ്പെട്ട വിശദീകരണങ്ങള്‍ ജില്ലാ ടൗണ്‍ പ്ലാനര്‍മാരില്‍ നിന്നോ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നോ അറിയാം. ഫ്‌ളാറ്റ്/കെട്ടിടം എന്നിവ വാങ്ങുമ്പോള്‍ റോഡില്‍ നിന്നും ആവശ്യമായ വീതി, കാര്‍പാര്‍ക്കിംഗിന് ആവശ്യമായ സ്ഥലം, വെള്ളം, വൈദ്യുതി, മാലിന്യ നിര്‍മാര്‍ജ്ജനം എന്നിവയ്ക്കാവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കണം. ഫ്‌ളാറ്റുകള്‍ വാങ്ങുമ്പോള്‍ സ്ട്രക്ച്ചറല്‍ ഡിസൈന്‍ അംഗീകരിച്ചിട്ടുണ്ടോയെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും അറിഞ്ഞിരിക്കണം. നിലവിലുള്ള കെട്ടിടത്തിന്റെ മുകളില്‍ വീണ്ടും നിര്‍മിച്ചു നല്‍കുന്ന കെട്ടിടങ്ങള്‍/ഫ്‌ളാറ്റുകള്‍ എന്നിവയുടെ സ്ട്രക്ച്ചറല്‍ സെറ്റബിലിറ്റി പുനഃപരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രം ഇവ വാങ്ങുന്നതിന് തീരുമാനിക്കുക. ഇടനിലക്കാരെ ഒഴിവാക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha