കരുണാകരനെ സ്‌നേഹിക്കുന്നവര്‍ കനകക്കുന്നുവരെ വരണം ഇതു കാണണം, ഇതു നമ്മുടെ ലീഡറാണോ?

കെ. കരുണാകരനെ സ്‌നേഹിക്കുന്നവര്‍ക്ക് സത്യത്തില്‍ ഒരു സംശയം. ഇത് നമ്മുടെ ആ പഴയ കരുണാകരന്റെ പ്രതിമ തന്നെയാണോ? അതോ മറ്റേതെങ്കിലും കണാരന്മാരുടേതാണോ. ഇന്ത്യയുടെ രാഷ്‌ട്രപതി പ്രണവ് കുമാര്‍ മുഖര്‍ജി അനാച്ഛാദനം ചെയ്‌ത ആ പ്രതിമയെ പറ്റി ഉദ്‌ഘാടന സമയത്ത് ആര്‍ക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല. മാത്രമല്ല ശില്‍പിയെ പുകഴ്‌ത്തുകയും ചെയ്‌തു. കരുണാകരന്റെ മക്കള്‍ക്കും സന്തതസഹചാരികളും പിന്നീട് ശത്രുക്കളുമായി മാറിയവര്‍ക്കും ഒരേ അഭിപ്രായം, കൊള്ളാം.
അങ്ങനെ ചാനലുകളായ ചാനലുകളിളെല്ലാം ലൈവായി തന്നെ പ്രതിമ ജനത്തിന് സമ്മാനിച്ചു. തിരുവനന്തപുരത്തെ ഏറ്റവും മനോഹരമായ കനകകുന്നില്‍ കരുണാകരന് സ്ഥാനം നല്‍കിയതില്‍ മക്കള്‍ക്കും ജനങ്ങള്‍ക്കും സന്തോഷം. വാഹനങ്ങളേയും വാട്ടര്‍ഹൗസിനേയും നോക്കി പുറകില്‍ കൈകെട്ടി കരുണാകരന്‍ അങ്ങനെ തലയെടുപ്പോടെ നില്‍ക്കുന്നു. ശത്രുക്കളായ ശിഷ്യന്മാരുടെ ഒത്തുകൂടലില്‍ പാവം മന്ദഹസിക്കുകയാണ്.
അങ്ങനെ ഉദ്‌ഘാടനം കഴിഞ്ഞ് നേതാക്കന്മാര്‍ പോയി. കരുണാകരനെ സ്‌നേഹിക്കുന്ന സാധാരണ ജനം വാഹനത്തില്‍ പോകുമ്പോഴും അല്ലാതെയും ഒക്കെ ആ പ്രതിമയെ ശ്രദ്ധിച്ചു. ലേശം തടി കൂടിയോന്ന് കാണികള്‍ക്ക് പലര്‍ക്കും സംശയം. കരുണാകരനെ അടുത്തറിയാവുന്ന തലസ്ഥാനവാസികള്‍ ഉറക്കെ പറഞ്ഞു. ഇത് ഞങ്ങളുടെ കരുണാകരനല്ല. ഇത് വേറെയേതോ കണാരനാണ്.
ഇത്രയൊക്കെ ആയപ്പോള്‍ മക്കളായ മുരളീധരനും പത്മജയ്‌ക്കും സംശയം. ഇത് തങ്ങളുടെ അച്ഛനല്ല. വിദൂര ഛായ മാത്രമേയുള്ളൂ. അച്ഛന്റെ ചിരിപോലുമില്ല.
തീര്‍ന്നല്ലോ. പെട്ടുപോയത് പ്രതിമ നിര്‍മ്മിക്കാന്‍ ചുക്കാന്‍ പിടിച്ച കെപിസിസിയാണ്. ലക്ഷങ്ങള്‍ മുടക്കിയുള്ള പ്രതിമ ബുക്ക് ചെയ്യാനായി ഓടിയ നേതാവും വെട്ടിലായി. രമേശ് ചെന്നിത്തലയ്‌ക്കും മിണ്ടാന്‍ പറ്റുന്നില്ല. ധൃതി പിടിച്ച് പ്രതിമ പണിതിന് പണി കിട്ടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ.
ബുക്ക് ചെയ്യാന്‍ ആളുണ്ടായി. എന്നാല്‍ ആ പ്രതിമയുടെ നിര്‍മ്മാണത്തിന്റെ ഒരു ഘട്ടത്തില്‍ പോലും മക്കളോ നോതാക്കളോ ആരും തിരിഞ്ഞു നോക്കിയില്ല. കരുണാകരന്റെ പ്രതിമ വേണം. പക്ഷെ പണിതത് കരുണാകരന്റേതാണോ കണാരന്റേതാണോന്ന് നോക്കാതെ രാഷ്‌ട്രപതിയെക്കൊണ്ട് അനാച്ഛാദനവും ചെയ്‌തു.
അപ്പോള്‍ ചിരിക്കുന്നത് ശില്‍പിയായ സിദ്ധനാണ്. സമയം കിട്ടിയില്ലെന്നേ. ഇപ്പം ശരിയാക്കിതരാം. അങ്ങനെ ആ ശില്‍പിയെക്കൊണ്ട് വിഷമിറക്കി വീണ്ടും പ്രതിമയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുകയാണ് കെപിസിസി. നമ്മുടെ കരുണാകരനെ തിരിച്ചുകിട്ടുമോന്ന് കണ്ടറിയാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha