ആ അമ്മയുടെ ഹൃദയം പൊട്ടി... സര്‍ക്കാരിന്റേയും ഉന്നതരുടേയും ഒത്താശയോടെ പോലീസ് ജസീറയെ തോല്‍പ്പിച്ചു, കുട്ടികളെ ശിശുക്ഷേമക്കാര്‍ കൊണ്ടു പോയി

മണല്‍ മാഫിയയ്‌ക്കെതിരെ കുട്ടികളോടൊപ്പം സമരം ചെയ്‌ത് ബിബിസി ചാനലില്‍ വരെ കയറിപ്പറ്റിയ ജസീറ ആദ്യമായി തോറ്റു, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ മുമ്പില്‍ . ഡല്‍ഹിയിലെ നീണ്ട സമരത്തിനു ശേഷം ജസീറ നേരെ വന്നിറങ്ങിയത് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ വീട്ടിലേക്കാണ്. തനിക്ക് പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ കിട്ടാനാണ് ജസീറ മുതലാളിയുടെ വീട്ടില്‍ സമരം നടത്തിയത്. എന്നാല്‍ ജസീറയ്‌ക്ക് കൊടുക്കാമെന്നു പറഞ്ഞ 5 ലക്ഷം കുട്ടികളുടെ പേരിലേ നല്‍കൂ എന്ന് ചിറ്റിലപ്പള്ളിയും വാശി പിടിച്ചു. അത്‌പോര, രൂപ തന്റെ പേരില്‍ കിട്ടണം അല്ലെങ്കില്‍ തരില്ലെന്നു പരസ്യമായി പറയണം എന്നായി ജസീറ.
വീട്ടു പടിക്കലെ സമരം കൊച്ചു മുതലാളിക്ക് ക്ഷീണമായി. ജസീറയുടെ സമര വേദിയില്‍ ചിറ്റിലപ്പള്ളിയെ കളിയാക്കിക്കൊണ്ടുള്ള ബാനറും പ്രത്യക്ഷപ്പെട്ടതോടെ മുതലാളി ഹാലിളകി. ജസീറയുടെ സമരം സ്‌പോണ്‍സേര്‍ഡ് സമരമാണെന്നും അതിന് പിന്നിലാരെന്നും തനിക്കറിയാമെന്ന് മുതലാളി പ്രതികരിച്ചു.
ഇതോടെ തന്നെ അപമാനിച്ച ചിറ്റിലപ്പള്ളിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജസീറ പോലീസിന് പരാതി നല്‍കി. എന്നാല്‍ നമ്മുടെ പോലീസല്ലേ. അവര്‍ ചിറ്റിലപ്പള്ളിക്കെതിരെ കേസെടുക്കാനോ? പോലീസ് കേസെടുക്കുന്നില്ല എന്നു കണ്ട് ജസീറ തന്റെ സമരം പാലാരിവട്ടം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ഇതോടെ പോലീസുകാര്‍ ഉന്നതരുമായി ബന്ധപ്പെട്ടു. കാരണം ഇത് ജസീറയാണ്. അബ്‌ദുള്ളക്കുട്ടിയേയും മണല്‍ മാഫിയയേയും എന്തിന് ചിറ്റിലപ്പള്ളിയേയുപോലും മുള്‍മുനയില്‍ നിര്‍ത്തിയ ആളാണ്. പക്ഷെ പോലീസിന് നാലുപാടു നിന്നും നല്ല സപ്പോര്‍ട്ട് കിട്ടി. എല്ലാവരും ജസീറയുടെ പതനം കാണാന്‍ കാത്തിരുന്നവര്‍ .
അങ്ങനെ ഡല്‍ഹിയില്‍ വച്ച് പറഞ്ഞ് കേട്ട 3 മാസം പ്രയോഗിക്കാതിരുന്ന ജുവനല്‍ ആക്‌ട് കേരള പോലീസ് പ്രയോഗിച്ചു. ജസീറയെ പൊക്കി പോലീസ് സ്റ്റേഷനിലകത്താക്കി. അപ്പോഴാണ് ജസീറയ്‌ക്ക് തോല്‍വിയുടെ മണമറിഞ്ഞത്. കുട്ടികളുടെ മനുഷ്യാവകാശം ലംഘിച്ചെന്ന പരാതിയിന്മേലാണ് കേസെടുത്തതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമ സഭയില്‍ പറഞ്ഞതോടെ സംഗതി ശുഭം. ഇതോടെ ജസീറ പോലീസ് സ്റ്റേഷനില്‍ കൊടുത്ത പരാതി പിന്‍വലിച്ചു.
കാര്യങ്ങള്‍ തന്റെ വഴിക്കാണെന്ന് കണ്ട് ചിറ്റിലപ്പള്ളി ഉടന്‍ പ്രഖ്യാപിച്ചു. ജസീറയ്‌ക്ക് 5 ലക്ഷം പോയിട്ട് അഞ്ചിന്റെ നയാ പൈസ കൊടുക്കില്ല. ആ തുക സര്‍ക്കാരിന്റെ താലോലം പദ്ധതിക്കു നല്‍കും.
5 ലക്ഷം നല്‍കില്ലെന്ന് ചിറ്റിലപ്പള്ളി പരസ്യമായി പറഞ്ഞതോടെ ജസീറ സമരം പിന്‍വലിച്ചു.
ഇതിനിടെ ജസീറയെ ഏറെ വേദനിപ്പിച്ച സംഭവവുമുണ്ടായി. അധികൃതരുടെ ഒത്താശയോടെ ചില്‍ഡ്രന്‍സ് ഹോം പ്രവര്‍ത്തകരെത്തി ജസീറയുടെ കുട്ടികളെ ബലമായി പിടിച്ചു കൊണ്ട് പോയി. കുട്ടികളോടൊപ്പം ജസീറ ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് അവരെ പിടിച്ചിറക്കി കുട്ടികളെ ചില്‍ഡ്രന്‍സ് ഹോം പ്രവര്‍ത്തകര്‍ക്ക് കൈമാറി. ഇപ്പോള്‍ കുട്ടികള്‍ കാക്കനാട്ടെ ചില്‍ഡ്രന്‍സ് ഹോമിലാണ്.ഇതിനിടെ പോലീസ് തന്നെ ആക്രമിച്ചെന്ന് പരാതിപ്പെട്ടതിനാല്‍ ജസീറയ്‌ക്ക് വൈദ്യ പരിശോധനയും നല്‍കി.
ഇപ്പോള്‍ പൊട്ടിച്ചിരിക്കുന്നത് ചിറ്റിലപ്പള്ളിയും മണല്‍ മാഫിയും ജസീറയെ എതിര്‍ക്കുന്നവരുമാണ്. അവരൊക്കെ നന്ദി പറയുന്നത് സാക്ഷാല്‍ കേരള പോലീസിനോടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha