ഇ. അഹമ്മദിനു നാടിന്റെ യാത്രാമൊഴി; ജന്മനാടായ കണ്ണൂരില്‍ കബറടക്കം ഇന്നു രാവിലെ 11ന്, ആദരസൂചകമായി കണ്ണൂരിലും മാഹിയിലും ഇന്നു സര്‍വകക്ഷി ഹര്‍ത്താല്‍

അന്തരിച്ച മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ.അഹമ്മദിന്റെ ഭൗതികദേഹം ഇന്നു കബറടക്കും. ജന്മനാടായ കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ രാവിലെ പതിനൊന്നു മണിയോടെയാണ് ചടങ്ങുകള്‍. അറയ്ക്കല്‍ രാജവംശത്തിന്റെ കബര്‍സ്ഥാനിലാണ് പ്രത്യേക അനുമതിയോടെ കബറടക്കം നടത്തുക.
ഇ. അഹമ്മദിനോടുള്ള ആദരസൂചകമായി കണ്ണൂരിലും മാഹിയിലും ഇന്നു സര്‍വകക്ഷി ഹര്‍ത്താല്‍ ആചരിക്കും. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി കോഴിക്കോടു നിന്നു കണ്ണൂര്‍ താണയിലെ വസതിയിലെത്തിച്ച ഭൗതികദേഹം ഇന്നു രാവിലെ 8.30നു കണ്ണൂര്‍ കോര്‍പറേഷന്‍ ഗ്രൗണ്ടിലും 10.30നു സിറ്റി ദീനുല്‍ ഇസ്!ലാം സഭ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തിലും പൊതുദര്‍ശനത്തിനു വയ്ക്കും. 11നു മയ്യിത്ത് നമസ്‌കാരത്തിനു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും.
തുടര്‍ന്നു ഔദ്യോഗിക ബഹുമതികളോടെ സിറ്റി ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കം. സിറ്റി ദീനുല്‍ ഇസ്!ലാം സഭ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ചേരുന്ന അനുശോചന യോഗത്തില്‍ പ്രമുഖര്‍ പങ്കെടുക്കും.
ചൊവ്വാഴ്ച രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പാര്‍ലമെന്റില്‍ കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 2.15നാണു മരണം സ്ഥിരീകരിച്ചത്. എയിംസ് ആശുപത്രിയില്‍ എംബാം ചെയ്ത ശേഷം രാവിലെ ഏഴരയോടെ തീന്‍മൂര്‍ത്തി മാര്‍ഗിലെ വസതിയിലെത്തിച്ച മൃതദേഹം 12 വരെ അവിടെ പൊതുദര്‍ശനത്തിനു വച്ചു.
https://www.facebook.com/Malayalivartha