കെ.എസ്.ആർ.ടി.സി പെൻഷൻ പ്രതിസന്ധി: അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി ;വൈകിട്ട് എട്ടു മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിൽ നടക്കുന്ന യോഗത്തിൽ ഗതാഗതമന്ത്രിയും സമരസമിതിപ്രതിനിധികളും പങ്കെടുക്കും

കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. വൈകിട്ട് എട്ടു മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് അടിയന്തരയോഗം നടക്കുക. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനും സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന സംഘടനകളുടെ പ്രതിനിധികളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണുന്നതിനുള്ള നിർദ്ദേശങ്ങൾ യോഗം ചർച്ച ചെയ്യും.
അഞ്ച് മാസത്തെ പെൻഷൻ കുടിശികയും ഈ മാസത്തെ ശമ്പളവും ഉടനേ നൽകാൻ ഇന്നലെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനമായിരുന്നു. കെ.എസ്.ആർ.ടി.സിയുടെ പെൻഷൻ കുടിശിക തീർക്കാൻ സഹകരണബാങ്കിൽ നിന്ന് സർക്കാർ വായ്പ എടുക്കും. കുടിശികയായ 224 കോടി രൂപ അദ്യഗഡുവായി ഒരാഴ്ചയ്ക്കുള്ളിൽ കൈമാറും. ഈ മാസം തന്നെ പെൻഷൻകാർക്ക് മുഴുവൻ കുടിശികയും നൽകും. പുറമേ ജനുവരിയിലെ ശമ്പളം വിതരണം ചെയ്യാൻ സർക്കാർ 70 കോടി രൂപ കൂടി ധനസഹായം നൽകും. ശമ്പളവും മുഴുവൻ ആനുകൂല്യങ്ങളും നൽകണമെങ്കിൽ 86 കോടി രൂപ വേണ്ടിവരും.സഹകരണബാങ്കുകളിൽ നിന്ന് വായ്പ എടുക്കാൻ സർക്കാർ ഗാരന്റി നൽകുമെന്നാണ് ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നത്. ഗാരന്റിയാണെങ്കിൽ കെ.എസ്.ആർ.ടി.സി കടമെടുക്കേണ്ടി വരുമായിരുന്നു. ഇതിനുപകരം സർക്കാർ തന്നെ നേരിട്ട് വായ്പ എടുക്കാൻ തീരുമാനിച്ചു. വായ്പ ആറുമാസത്തിനുള്ളിൽ സർക്കാർ തിരിച്ചടയ്ക്കും. പെൻഷൻകാരുടെ വിവരങ്ങൾ കെ.എസ്.ആർ.ടി.സി സർക്കാരിനും സഹകരണബാങ്കുകൾക്കും കൈമാറും. പത്തുശതമാനം പലിശയ്ക്കാണ് കടമെടുക്കുന്നത്. ജൂലായ് വരെയുള്ള ബാദ്ധ്യതയാണ് സർക്കാർ ഏറ്റെടുക്കുന്നത്.
https://www.facebook.com/Malayalivartha