മതവികാരം വ്രണപ്പെടുത്തി; ഒമര്‍ ലുലുവിനെതിരെ കേസ്

മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. പുതിയ ചിത്രമായ ഒരു അഡാര്‍ ലവിലെ മാണിക്യ മലരേ... എന്ന ഗാനം പ്രവാചക നിന്ദയാണെന്ന് ആരോപിച്ച് ഹൈദരാബാദിലെ ഒരു കൂട്ടം യുവാക്കളാണ് ഇന്ന് രാവിലെ പരാതി നല്‍കിയത്. തുടര്‍ന്ന് തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. പാട്ടിന്റെ സി.ഡിയും വരികളുടെ ഇംഗ്ലീഷ് പരിഭാഷയും അടക്കം ഇവര്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഐ.പി.സി 295 എ പ്രകാരം കേസെടുത്തത്. ഒറ്റദിവസം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായ അഡാര്‍ ലവ് എന്ന സിനിമയിലെ ഗാനം വൈറലായിക്കഴിഞ്ഞു.
ഈ ഗാനം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ പ്രവാചകനെ നിന്ദയുണ്ടെന്ന് ഹൈദരാബാദ് സ്വദേശിയായ അദ്‌നാന്‍ ഖമര്‍ ഫേസ്ബുക്ക് ലൈവില്‍ പറയുന്നു. ആളുകള്‍ക്ക് മനസ്സിലാക്കുന്നതിനായി പാട്ടിന്റെ വരികളും അതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനവും അദ്ദേഹം പോസ്റ്റു ചെയ്തിട്ടുണ്ട്. നാല്‍പ്പത് വര്‍ഷം മുമ്പ് പ്രവാസിയായ ഒരാള്‍ എഴുതിയ മാണിക്യമലരേ എന്നഗാനം പുതിയ ട്യൂണില്‍ ഷാന്‍ റഹ്മാനാണ് കമ്പോസ് ചെയ്തത്. വിനീത് ശ്രീനിവാസനാണ് പാടിയത്. ഒറ്റ ദിവസം കൊണ്ട് പാട്ട് വൈറലായി മാറുകയായിരുന്നു. പാട്ട് സീനില്‍ നായിക പ്രിയ പി. വാര്യരുടെ പ്രണയ ഭാവങ്ങള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ അടക്കമുള്ളവരുടെ മനം കവര്‍ന്നിരിക്കുകയാണ്. ഗാനത്തെ നന്നായി ട്രോളുന്നുമുണ്ട്.
വീഡിയോ ഇതിനകം യൂട്യൂബില്‍ ഒരു കോടിയിലേറെ പ്രേക്ഷകരാണ് കണ്ടുകഴിഞ്ഞു. നായിക പ്രിയയ്ക്ക് വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ 19 ലക്ഷം ഫോളോവേഴ്‌സുമായി ഒന്നാമനായിരുന്ന യുവതാരം ദുല്‍ഖറിനെയും പ്രിയ കടത്തിവെട്ടി. 21 ലക്ഷം ഫോളോവേഴ്‌സാണ് പ്രിയയ്ക്കുള്ളത്. ഹാപ്പി വെഡിംഗ് എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഒമര്‍ ലുലു. ചങ്ക്‌സ് എന്ന രണ്ടാമത്തെ ചിത്രം യുവാക്കളുടെ കഥയാണ് പറഞ്ഞത്. മൂന്നാമത്തെ സിനിമ യുവാക്കളുടെ പ്രണയകഥയാണ് ആവിഷ്‌ക്കരിക്കുന്നത്. ഗാനവും ടീസറും വയറലായതോടെ തിരക്കഥയില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ഷൂട്ടിംഗ് ബ്രേക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍
https://www.facebook.com/Malayalivartha