രാജ്യത്തെ 91 റെയില്‍വേ സ്റ്റേഷനുകള്‍ ആധുനികരിക്കുന്നു ; എറണാകുളം, ചെങ്ങന്നൂര്‍ സ്റ്റേഷനുകളും ലോകോത്തര നിലവാരത്തിലേക്ക്...

രാജ്യത്തെ 91 റെയില്‍വേ സ്റ്റേഷനുകള്‍ ആധുനികരിക്കുന്നതിന്റെ പട്ടികയിൽ കേരളത്തില്‍ നിന്ന് എറണാകുളത്തെയും ചെങ്ങന്നൂരിനെയും കൂടി ഉള്‍പ്പെടുത്തി. കോട്ടയം, കോഴിക്കോട്, പാലക്കാട് എന്നിവയാണു വികസിപ്പിക്കുന്ന മറ്റു സ്റ്റേഷനുകള്‍. ഇവയെ ലോകോത്തര നിലവാരമുള്ള സ്റ്റേഷനുകളായി വികസിപ്പിക്കും. കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ശബരിമലയിലേക്കു പോകുന്നവര്‍ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സ്റ്റേഷന്‍ എന്ന നിലയ്ക്കാണു ചെങ്ങന്നൂരിനെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 15 മുതല്‍ 20 കോടി വരെ രൂപയാണ് വികസന പ്രവർത്തനങ്ങൾക്കായി അനുവദിക്കുന്നത്. സ്റ്റേഷന്‍ വികസനത്തിനു മേഖലാ റെയില്‍വേ, നാഷനല്‍ ബില്‍ഡിങ്‌സ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍, ഇന്ത്യന്‍ റെയില്‍വേയ്‌സ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍, ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എന്നിവയെ ചുമതലപ്പെടുത്തും.
കേരളത്തിലെ സ്റ്റേഷനുകളില്‍ കോഴിക്കോട്, കോട്ടയം, ചെങ്ങന്നൂര്‍, പാലക്കാട് എന്നീ സ്റ്റേഷനുകളുടെ വികസനത്തിന്റെ ചുമതല സോണല്‍ റെയില്‍വേക്കാണ്, എറണാകുളം സ്റ്റേഷന്റെ ചുമതല എന്‍ബിസിസിയാണ്.
91 റെയില്‍വേ സ്റ്റേഷനുകളുടെ പട്ടികയിൽ കര്‍ണാടകയില്‍ മൂന്നും തമിഴ്‌നാട്ടില്‍ നാലും റെയില്‍വേ സ്റ്റേഷനുകളെയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യശ്വന്ത്പുര്‍, മൈസൂരു, ധാര്‍വാഡ് എന്നിവയാണു കര്‍ണാടകയിലെ സ്റ്റേഷനുകള്‍. തമിഴ്‌നാട്ടില്‍ നിന്ന് മധുര, ചെന്നൈ എഗ്മൂര്‍, തിരുച്ചിറപ്പള്ളി, സേലം എന്നീ സ്റ്റേഷനുകളെയാണു വികസനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha