മതമില്ലാത്ത കുട്ടികളുടെ എണ്ണം കൂടിയെന്ന പേരിൽ നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രി അവതരിപ്പിച്ച കണക്ക് തെറ്റാനിടയായതിൽ ഡി പി ഐ യോട് സർക്കാർ കടുത്ത അതൃപ്തിയിൽ; വിശദീകരണം ലഭിച്ച ശേഷം സർക്കാർ കൂടുതൽ നടപടികളിലേക്ക്

മതമില്ലാത്ത കുട്ടികളുടെ എണ്ണം കൂടിയെന്ന പേരിൽ നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രി അവതരിപ്പിച്ച കണക്ക് തെറ്റാനിടയായതിൽ ഡി പി ഐ യോട് സർക്കാർ കടുത്ത അതൃപ്തിപ്തിയിൽ. ശ്രദ്ധിക്കാതെ ഇത്തരം കണക്കുകൾ നൽകിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ മന്ത്രി ഡി പി ഐ ക്ക് നിർദ്ദേശം നൽകി.
വിശദീകരണം ലഭിച്ച ശേഷം സർക്കാർ കൂടുതൽ നടപടികളിലേക്ക് പ്രവേശിക്കും. നിയമസഭയിൽ അപമാനിതരായി എന്ന ധാരണയിലാണ് സർക്കാർ. ആലോചനാ ശൂന്യമായി ഉദ്യോഗസ്ഥർ പ്രവർത്തിച്ചതിന്റെ ഫലമാണ് ഇത്.
വിദ്യാർത്ഥി പ്രവേശനത്തിലെ വിവരങ്ങൾ രേഖപ്പെടുത്തുന്ന സമ്പൂർണ എന്ന സോഫ്റ്റ് വെയറിൽ സംഭവിച്ച പിഴവാണ് കാരണമായത്. സമ്പൂർണയിൽ മതവും ജാതിയും രേഖപ്പെടുത്തണമെന്ന കാര്യം നിർബന്ധമില്ല. എന്നാൽ ചില കോളങ്ങൾ നിർബന്ധമായും പൂരിപ്പിക്കണം. നിർബന്ധമായും പൂരിപ്പിക്കേണ്ട കോളങ്ങൾ അധ്യാപകർ ക്യത്യമായി പൂരിപ്പിക്കും. അതേ സമയം പിന്നാക്ക വിഭാഗങ്ങൾക്കായി സർക്കാർ നൽകുന്ന ഗ്രാന്റുകൾ ലഭിക്കണമെങ്കിൽ കോളം രേഖപ്പെടുത്തണം. പിന്നാക്ക വിഭാഗങ്ങൾ അവരുടെ കോളം രേഖപ്പെടുത്താറുണ്ട്. ഇല്ലെങ്കിൽ സർക്കാർ ധനസഹായം ലഭിക്കില്ല.
സമ്പൂർണയിൽ വിവരങ്ങൾ രേഖപ്പെടുത്തേണ്ടത് അധ്യാപകരാണ്. അതിന് വിദ്യാർത്ഥികളെയോ രക്ഷകർത്താക്കളെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സ്കൂൾ അധികൃതർക്ക് മാത്രമാണ് ഇക്കാര്യത്തിൽ പങ്ക്. ഇത്രയും പ്രധാന തെറ്റ് സർക്കാരിനെ ഡി പി ഐ അറിയിക്കാത്തതിലാണ് സർക്കാരിന് പ്രതിഷേധം. മാത്രവുമല്ല ഗുരുതരമായ പിഴവ് സർക്കാരിന്റെ നേട്ടമായി ഉയർത്തി കാണിക്കാനും ഡി പി ഐ ശ്രമിച്ചു. നിയമസഭയെ തെറ്റിദ്ധരിപ്പിക്കാൻ വകുപ്പ് ശ്രമിച്ചതായി സർക്കാർ കരുതുന്നു.
മതമില്ലാതെ ജീവിക്കാം എന്ന നിലപാടൊന്നും മലയാളികൾക്കില്ല. കേരളം കൂടുതൽ കൂടുതൽ മതാത്മകമായി മാറി കൊണ്ടിരിക്കുകയാണ്.
ഡി പി ഐയെ സർക്കാർ മാറ്റിയേക്കും. കൃത്യമായ വിശദീകരണമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അത് ലഭിക്കാതെ വന്നാൽ നടപടി ഉറപ്പാണ്. വിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ വിദ്യാഭ്യാസ മന്ത്രിയുമായി അടുപ്പം പുലർത്തുന്ന ഉദ്യോഗസ്ഥനാണ്. എന്നാൽ സാങ്കേതിക പിഴവ് അദ്ദേഹത്തെ വെട്ടിലാക്കിയേക്കാം.
https://www.facebook.com/Malayalivartha