സിനിമാസ്റ്റൈലിൽ ജീപ്പ് കുറുകെയിട്ടു പോലീസ് ഏമാന്മാരുടെ വാഹന പരിശോധന... ഒരാൾ മരിക്കാനിടയായ അപകടത്തില്‍ ഷേബുവിനെ പ്രതിയാക്കി മനഃപൂര്‍വമല്ലാത്ത നരഹത്യയയ്ക്കെടുത്ത കേസ് പോലീസ് പിന്‍വലിക്കുന്നു

കഞ്ഞിക്കുഴിയില്‍ ജീപ്പ് കുറുകെയിട്ടു വാഹന പരിശോധനയ്ക്കിടെ ഒരാൾ മരിക്കാനിടയായ അപകടത്തില്‍ ഷേബുവിനെ പ്രതിയാക്കി മനഃപൂര്‍വമല്ലാത്ത നരഹത്യയയ്ക്കെടുത്ത കേസ് പോലീസ് പിന്‍വലിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ചേര്‍ത്തല ഡിവൈ.എസ്.പി: എ.ജി. ലാലിന് ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്‍കി.
കേസന്വേഷണത്തില്‍നിന്നു മാരാരിക്കുളം എസ്.ഐയെ ഒഴിവാക്കാനും തീരുമാനിച്ചു. അപകടത്തില്‍ ഷേബുവിന്റെ ഭാര്യ മരിക്കുകയും ഷേബുവിനും രണ്ടു മക്കള്‍ക്കും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഷേബു ഓടിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിച്ച മറ്റൊരു ബൈക്കിലുണ്ടായിരുന്ന പാതിരപ്പള്ളി സ്വദേശി വിച്ചു അപകടസ്ഥലത്തുതന്നെ മരിച്ചിരുന്നു. പോലീസ് ജീപ്പ് കുറുകെയിട്ടില്ലായിരുന്നെങ്കില്‍ അപകടവും രണ്ടുമരണവും ഒഴിവാക്കാനാകുമായിരുന്നെന്നും പോലീസ് അന്വേഷണത്തില്‍ പിഴവുണ്ടായിട്ടുണ്ടെന്നും പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞതോടെയാണു കേസ് പിന്‍വലിച്ചതും മാരാരിക്കുളം എസ്.ഐയെ അന്വേഷണ സംഘത്തില്‍നിന്നും ഒഴിവാക്കിയതും. കഴിഞ്ഞ 11-നു ദേശീയപാതയില്‍ കഞ്ഞിക്കുഴി ജങ്ഷനു സമീപം ജീപ്പ് കുറുകെയിട്ട് വാഹനപരിശോധന നടത്തുന്നതിനിടയിലുണ്ടായ അപകടത്തിലാണു കഞ്ഞിക്കുഴി പഞ്ചായത്ത് 12-ാ വാര്‍ഡില്‍ പുത്തക്കരവീട്ടില്‍ ഷേബുവും കുടുംബവും അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ പരുക്കേറ്റ ഷേബുവിന്റെ ഭാര്യ സുമി കഴിഞ്ഞദിവസം മരിച്ചിരുന്നു. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്.ഐ.ആറിന്റെ പകര്‍പ്പ് കഴിഞ്ഞദിവസമാണ് ഷേബുവിന്റെ ബന്ധുക്കള്‍ക്കു കിട്ടിയത്. ഇത് കിട്ടിയപ്പോഴാണു കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിലാണെന്നു മനസിലായത്.
ആശുപത്രിയില്‍ കിടന്നപ്പോള്‍ ഒരുതവണ പോലീസ് മൊഴിയെടുത്തിരുന്നു. പിന്നീട് ബന്ധപ്പെടാന്‍ പോലീസ് ശ്രമിച്ചിരുന്നില്ല. അപകടത്തില്‍പ്പെട്ട് റോഡില്‍ക്കിടന്ന തങ്ങളെ പോലീസുകാര്‍ വലിച്ചിഴച്ചെന്നും ജീപ്പിനകത്തുവച്ച് അസഭ്യം പറഞ്ഞെന്നും ഷേബുവിന്റെ മൂത്ത മകള്‍ ഹര്‍ഷ (10) മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
കനിവില്ലാതെ പെരുമാറിയ പോലീസുകാര്‍ ഇനിയാരോടും ഇത്തരത്തില്‍ പെരുമാറില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കരഞ്ഞുകൊണ്ട് ഇളയമകള്‍ ശ്രീലക്ഷ്മി പറയുന്നു. ശ്രീലക്ഷ്മിക്ക് കാലിന് പൊട്ടലും നെഞ്ചിനും വാരിയെല്ലിനും പരുക്കുണ്ട്. ഒരു ശസ്ത്രക്രിയ ഇതിനകം നടത്തി. ഇനിയും ശസ്ത്രക്രിയ വേണ്ടിവന്നേക്കാമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha