പ്രണയം വിവാഹത്തിലെത്തിയപ്പോൾ വ്യത്യസ്ത മതത്തിലുള്ള ഇരുവരും ഒന്നിച്ചു... ആ ദാമ്പത്യത്തിൽ വില്ലനായി രാജേഷ് എത്തിയപ്പോൾ യുവതിയുടെ ജീവിതത്തില്‍ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി; ഡാൻസ് ടീച്ചറുടെ വ്യവസായിയായ ഭര്‍ത്താവ് ലക്ഷ്യം വച്ചത് രാജേഷിന്റെ ജീവൻ... ക്വട്ടേഷന് പിന്നിൽ ഒരു തീവ്രസ്വഭാവമുള്ള ഗ്രൂപ്പില്‍പെട്ടവരാണെന്ന് പോലീസ്; ആറ്റിങ്ങലിനെ നടുക്കിയ രാജേഷിന്റെ കൊലപാതകത്തിൽ പുതിയ വഴിത്തിരിവുകൾ

ആറ്റിങ്ങലിനെ നടുക്കിയ രാജേഷിന്റെ കൊലപാതകത്തിൽ പുതിയ വഴിത്തിരിവുകൾ. കൊലപ്പെടുത്തിയതില്‍ ഒരു തീവ്ര സ്വഭാവമുള്ള ഗ്രൂപ്പിനും പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നു. കൊലപാതകം ക്വട്ടേഷനാണെന്ന് ഏതാണ്ട് ഉറപ്പിച്ച പൊലീസ് ഈ വഴിക്കുള്ള അന്വേഷണം ഊര്‍ജിതമാക്കി. രാജേഷുമായി പരിചയമുള്ള ഖത്തറിലെ നൃത്താദ്ധ്യാപികയായ യുവതിയുടെ ഭര്‍ത്താവിന്റെ ക്വട്ടേഷനാണെന്ന സംശയം തുടക്കം മുതല്‍ ഉണ്ടായിരുന്നു.
ഈ ദമ്പതികളുടേത് പ്രണയ വിവാഹമായിരുന്നു. ഇരുവരും വ്യത്യസ്ത മതസ്ഥര്‍. വിവാഹം കഴിഞ്ഞതോടെ യുവതി മതം മാറിയെന്നും പറയപ്പെടുന്നു. ഖത്തറില്‍ ജോലിയ്ക്കെത്തിയ രാജേഷും യുവതിയും അതിനിടെ പരിചയക്കാരായി. അത് യുവതിയുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്നമുണ്ടാക്കി. അതിനിടെ രാജേഷ് നാട്ടിലേക്ക് മടങ്ങിയെങ്കിലും യുവതിയുമായുള്ള ബന്ധം തുടര്‍ന്നു.
അത് ഇഷ്ടപ്പെടാതിരുന്ന യുവതിയുടെ വ്യവസായിയായ ഭര്‍ത്താവ് നല്‍കിയ ക്വട്ടേഷനാണ് രാജേഷിന്റെ കൊലയ്ക്ക് പിന്നിലെന്നാണ് സംശയം. അത് ഒരു തീവ്രസ്വഭാവമുള്ള ഗ്രൂപ്പില്‍പെട്ടവരെയാണ് ഏല്‍പ്പിച്ചതെന്നാണ് പൊലീസിന് സംശയം. കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്നവരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതെന്നാണ് പൊലീസ് നിഗമനം.
തിരുവനന്തപുരം റൂറല്‍ പൊലീസ് ടീം നേരിട്ടാണ് കേസ് അന്വേഷിക്കുന്നത്. വിവരങ്ങള്‍ ചോരാതിരിക്കാന്‍ സമീപ ജില്ലകളിലെ ജില്ലാ പൊലീസ് മേധാവികളുടെ വിശ്വസ്‌തരുമായി മാത്രമാണ് വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ഗള്‍ഫില്‍ നിന്നുള്ള ക്വട്ടേഷനായതിനാല്‍ കേരളത്തിന് പുറത്ത് നിന്നുള്ള ഏതെങ്കിലും വിമാനത്താവളം വഴി പ്രതികള്‍ ഗള്‍ഫിലേക്ക് കടക്കാന്‍ സാദ്ധ്യതയുള്ളതായി പൊലീസ് സംശയിക്കുന്നു. ഖത്തറിലേക്കുള്ള വിസാ ചട്ടങ്ങള്‍ ലളിതമായതിനാല്‍ യാത്ര അനായാസമായിരിക്കും എന്നും പൊലീസ് കരുതുന്നു.
വിസ ഓണ്‍ അറൈവല്‍ സംവിധാനവും ഇവിടുണ്ട്. അതേസമയം, കേസിന്റെ അന്വേഷണം പൊലീസ് തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. കോയമ്ബത്തൂര്‍, സേലം, ചെന്നൈ എന്നിവിടങ്ങളിലാണ് തെരച്ചില്‍ നടത്തുന്നത്. കൊലയാളി സംഘം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടെന്ന് കരുതുന്ന കാറിനെ പിന്തുടര്‍ന്നാണ് അന്വേഷണം.
തമിഴ്നാട്ടിലെ പ്രധാന റോഡുകളിലും ടോള്‍ പ്ളാസകളിലുമുള്ള സിസിടിവി കാമറകളില്‍ നിന്ന് വാഹനത്തെപ്പറ്റിയുള്ള സൂചന പൊലീസിന് ലഭിച്ചതായാണ് വിവരം. കൊലനടത്തിയ ക്വട്ടേഷന്‍ സംഘാംഗങ്ങളായ നാലുപേരും ഒരുമിച്ച് തന്നെയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നതാണ് ഇവരെ കണ്ടെത്താന്‍ പൊലീസിന് തടസമാകുന്നത്.
ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമായ പലരുടെയും ഫോണുകളും പൊലീസ് നിരീക്ഷണത്തിലാണ്. എന്നാല്‍, കൊലയാളികള്‍ക്ക് പെട്ടെന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞത് പൊലീസിന് പറ്റിയ വീഴ്ചയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
രാജേഷിനൊപ്പം അക്രമത്തിനിരയായ സുഹൃത്ത് കുട്ടന്‍ ചുവപ്പ് നിറത്തിലുള്ള സ്വിഫ്റ്റ് കാറിലെത്തിയവരാണ് അക്രമം നടത്തിയതെന്ന് പൊലീസിനെ അപ്പോള്‍ അറിയിച്ചിരുന്നെങ്കിലും കാര്‍ കൊല്ലം ജില്ല പിന്നിട്ട് കായംകുളത്തെത്തിയിട്ടും ദേശീയപാതയിലോ എംസി റോഡിലോ വാഹനം പരിശോധിക്കാനോ കണ്ടെത്താനോ പൊലീസിന് കഴിഞ്ഞില്ല. ഇതാണ് കായംകുളത്തെ ആളൊഴിഞ്ഞ ഒരുവീട്ടില്‍വാഹനം ഒളിപ്പിച്ചശേഷം രക്ഷപ്പെട്ട് പോകാന്‍ അക്രമികള്‍ക്ക് കഴിഞ്ഞത്.
അതിര്‍ത്തി കടന്നശേഷമാണ് പൊലീസ് പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചത്. കൃത്യത്തിനുപയോഗിച്ച കാര്‍ വ്യാഴാഴ്ച രാത്രി പൊലീസ് പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ പൊലീസ് പിടിയിലായ കാറുടമയടക്കം അഞ്ച് പേര് ഇപ്പോഴും കസ്റ്റഡിയിലാണ്.
ചവറ സ്വദേശിയുടെ കാര്‍ ഓച്ചിറ സ്വദേശികളായ യുവാക്കളാണ് വാടകയ്ക്കെടുത്തത്. ഇവരില്‍ നിന്ന് വിവാഹ ആവശ്യത്തിനെന്ന പേരില്‍ കൈക്കലാക്കിയ സംഘമാണ് കൊലപാതകത്തിനുപയോഗിച്ചശേഷം കായംകുളത്ത് ഉപേക്ഷിച്ച് കടന്നത്. കാറുടമയുള്‍പ്പെടെ പിടിയിലായവരെ കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് മാറിയും തിരിഞ്ഞും ചോദ്യം ചെയ്തെങ്കിലും കൃത്യവുമായി ഇവര്‍ക്ക് മറ്റ് ബന്ധമുള്ളതായ സൂചനയൊന്നും ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha