ആറ്റിങ്ങലിനെ നടുക്കിയ കൊലപാതകത്തിൽ റേഡിയോ ജോക്കി രാജേഷിനെ വെട്ടിനുറുക്കാൻ പ്രതികള്‍ നടത്തിയത് നീണ്ട ആസൂത്രണത്തിന് ശേഷം...

ആറ്റിങ്ങലിനെ നടുക്കിയ കൊലപാതകത്തിൽ റേഡിയോ ജോക്കി രാജേഷിനെ വെട്ടിനുറുക്കാൻ പ്രതികള്‍ നടത്തിയത് നീണ്ട ആസൂത്രണത്തിന് ശേഷമെന്ന് സംശയം. മടവൂര്‍ മുല്ലക്കര ക്ഷേത്രം മുതല്‍ ക്വട്ടേഷന്‍ സംഘം രാജേഷിന് പിന്നാലെ ഉണ്ടായിരുന്നതായും ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് വിവരം കൊടുക്കാന്‍ സഹായി ഉണ്ടായിരുന്നതായും സംശയമുണ്ട്.
ജില്ലയ്ക്ക് പുറത്തു നിന്നുള്ളവരാണ് ക്വട്ടേഷന്‍ സംഘമെന്നാണ് പോലീസ് സംശയിക്കുന്നത്. കഴിഞ്ഞ 26 ാം തീയതിയായിരുന്നു രാജേഷിന്റെ ഗാനമേള മുല്ലക്കര ക്ഷേത്രത്തില്‍ നടന്നത്. രാത്രി 10 മുതല്‍ 11 മണി വരെയായിരുന്നു സംഗീത പരിപാടി. ഇവിടെ പ്രതികള്‍ കാത്തു നിന്നതായും ഒരു മണിക്ക് ശേഷം ഇവിടെ നിന്നും രാജേഷ് വീട്ടിലേക്ക് പോകുകയും ചെയ്തു. പിന്നീട് അവിടെ നിന്നും സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ സംഘം കാത്തു നില്‍ക്കുകയും കൃത്യം നടത്തുകയുമായിരുന്നു.
രാജേഷ് സ്റ്റുഡിയോയില്‍ തിരിച്ചെത്തുമെന്ന് അറിയാവുന്നവരാരോ ക്വട്ടേഷന്‍ സംഘത്തിന് വിവരം നല്‍കിയിരിക്കാമെന്നും പോലീസ് സംശയിക്കുന്നു. കഴിഞ്ഞ ദിവസം അക്രമികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന ചുവപ്പ് മാരുതി സ്വിഫ്റ്റ് കാര്‍ അടൂരില്‍ നിന്നും കണ്ടെത്തിയിരുന്നു. അക്രമികള്‍ പിന്നീട് കാര്‍ ഉപേക്ഷിച്ച രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുകൂടി പലതവണ കടന്നുപോയ ചുവന്ന സ്വിഫ്റ്റ് കാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ സമീപത്തെ സി.സി.ടി.വിയില്‍നിന്നും ലഭിച്ചിട്ടുണ്ട്. കാറിന്റെ നമ്ബര്‍ വ്യാജമാണെന്ന നിലപാടിലാണു പോലീസ്.
കായംകുളം സ്വദേശിയുടെ പേരിലുള്ള വാഹനം വാടകയ്ക്ക് കൊടുക്കുകയും പല കൈമാറ്റത്തിലൂടെ അക്രമിസംഘത്തിന് കിട്ടുകയുമായിരുന്നു. സംഭവത്തില്‍ വ്യാഴാഴ്ച കൊല്ലം സ്വദേശികളായ മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കൊലപാതകം ക്വട്ടേഷന്‍ സംഘമാണ് നടത്തിയതെന്നും ഗള്‍ഫിലുള്ള രാജേഷിന്റെ ഒരു പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ കൊടുത്തതെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ആക്രമണസമയത്ത് ഖത്തറിലുള്ള ഈ പെണ്‍സുഹൃത്തുമായി രാജേഷ് ഫോണില്‍ സംസാരിക്കുകയായിരുന്നു.
ഫോണിലൂടെ രാജേഷിന്റെ നിലവിളി ഈ സ്ത്രീ കേട്ടിരുന്നുവെന്നാണു സൈബര്‍ സെല്ലിന്റെ പരിശോധനയിലൂടെ അന്വേഷണസംഘത്തിന് മനസിലായത്. ഈ സ്ത്രീയുമായി ബന്ധപ്പെട്ട പ്രശ്‌നമാണു കൊലപാതകം എന്ന തരത്തിലാണു രാജേഷിന്റെ സുഹൃത്തുക്കളുടേയും മൊഴി. ഖത്തറില്‍ ജോലി ചെയ്യുന്ന ഘട്ടത്തിലാണ് രാജേഷ് ഈ സ്ത്രീയുമായി പരിചയത്തിലാവുന്നത്.
https://www.facebook.com/Malayalivartha