തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്സിങ് അസിസ്റ്റന്റ് വിരലുകള്‍ ഞെരിച്ചൊടിച്ച രോഗിയുടെ തുടര്‍ന്നുള്ള ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്സിങ് അസിസ്റ്റന്റ് വിരലുകള്‍ ഞെരിച്ചൊടിച്ച രോഗിയുടെ തുടര്‍ന്നുള്ള ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. തെങ്ങുകയറ്റ തൊഴിലാളിയായ വാസുവിന് അര്‍ഹമായ നഷ്ടപരിഹാരം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് പറഞ്ഞ മന്ത്രി ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അടക്കമുള്ളവരും മന്ത്രിക്കൊപ്പമെത്തി. 15 മിനിറ്റോളം സമയം വീട്ടില്‍ ചെലവഴിച്ചാണ് മന്ത്രി മടങ്ങിയത്.
ഉച്ചക്ക് 12 മണിയോടെയാണ് കൊല്ലം ചണ്ണപ്പേട്ടക്ക് സമീപം ആനക്കുളത്തുള്ള വീട്ടില്‍ ആരോഗ്യമന്ത്രി എത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ ശേഷം വാസു ഇവിടെയുള്ള മകന്റെ വീട്ടിലാണ്. വീട്ടിലെത്തിയ മന്ത്രി എന്താണ് സംഭവിച്ചതെന്നും അസുഖവിവരങ്ങളും വിശദമായി ചോദിച്ചറിഞ്ഞു. തെങ്ങില്‍ നിന്ന് വീണതിന് ശേഷം വാസുവിന് കാര്യങ്ങള്‍ ഓര്‍മിച്ചെടുക്കാന്‍ കഴിയുന്നില്ലെന്ന് ബന്ധുക്കള്‍ മന്ത്രിയെ അറിയിച്ചു.
തെങ്ങില്‍നിന്ന് വീണതിനെ തുടര്‍ന്ന് കാലൊടിഞ്ഞ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വാസുവിന് നേരെയാണ് നഴ്‌സിങ് അസിസ്റ്റന്റിന്റെ ക്രൂരമായ പെരുമാറ്റം ഉണ്ടായത്. ഏതാനും ദിവസം മുമ്പ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പതിനഞ്ചാം വാര്‍ഡില്‍ നടന്ന സംഭവം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ചര്‍ച്ചയായി. സംഭവം ശ്രദ്ധയില്‍പെട്ടതോടെ നഴ്‌സിങ് അസിസ്റ്റന്റ് ആര്‍. സുനില്‍കുമാറിനെ മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യാഴാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha