കർണാടകത്തിൽ പണം കാണുമ്പോൾ കണ്ണ് മഞ്ഞളിക്കാൻ സാധ്യതയുള്ള കോൺഗ്രസ് -ജനതാദൾ എം എൽ എ മാരെ കുറ്റിയടിക്കാൻ കേരളത്തിലെ സി പി എമ്മും സർക്കാരും കോൺഗ്രസ് വിരോധം മറന്ന് ഒറ്റക്കെട്ടായപ്പോൾ തിളക്കമേറി അരിവാൾ കോൺഗ്രസ്

കർണാടകത്തിൽ പണം കാണുമ്പോൾ കണ്ണ് മഞ്ഞളിക്കാൻ സാധ്യതയുള്ള കോൺഗ്രസ് -ജനതാദൾ എം എൽ എ മാരെ കുറ്റിയടിക്കാൻ കേരളത്തിലെ സി പി എമ്മും സർക്കാരും കോൺഗ്രസ് വിരോധം മറന്ന് സുസജ്ജമായത് ശ്രദ്ധേയയമായി. കോൺഗ്രസ് സഖ്യമെന്ന സീതാറാം യച്ചൂരിയുടെ നിലപാടിനെ പിണറായിയും അദ്ദേഹത്തിന്റെ അനുനായികളും എതിർത്തെങ്കിലും അതിൽ മാറ്റം വന്നിരിക്കുന്നതിന്റെ സൂചനയാണിത്. അങ്ങനെ അരിവാൾ കോൺഗ്രസ് എന്നൊരു മൂന്നാം ലിംഗം പിറന്നു. എംഎൽഎമാർ ഹൈദരാബാദിലേക്കാണ് പോയതെങ്കിലും കേരളത്തിന്റെ സ്വാഗതം ഒരിക്കലും മറക്കാനാവില്ല.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ രാത്രി വൈകി ഫെയ്സ് ബുക്ക് പോസ്റ്റിടുകയും ചെയ്തു. കർണാടക എം എൽ എ മാരെ കുതിര കച്ചവടങ്ങൾക്ക് സാധ്യതയില്ലാത്ത കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നു എന്നായിരുന്നു പോസ്റ്റ്. രാത്രി വൈകി എം എൽ എ മാർ ബസിൽ തിരിച്ചപ്പോഴും കേരളം വാതിൽ തുറന്നിട്ട് കാത്തിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് ചെന്നിത്തല സർക്കാർ ഒരുക്കിയ സംവിധാനങ്ങളിൽ തികച്ചും സന്തുഷ്ടനാണ്.
കൊച്ചിയിലെത്തുന്ന കർണാടക എം എൽ എ മാരെ രക്ഷിക്കാൻ കൊച്ചിയിലെത്തിയത് സംസ്ഥാനത്തെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരാണ്. കൊച്ചിയിലെ ക്രൗൺ പ്ലാസ റിസോർട്ടിലേക്ക് എം എൽ എ മാർ എത്തുന്നുണ്ടെന്ന് അറിഞ്ഞത് മുതൽ സംസ്ഥാനം ഇന്നേ വരെ കണ്ട വൻ സുരക്ഷ ഒരുക്കാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. കൊച്ചിയിലെ ഹോട്ടലിൽ നൂറ് മുറികളാണ് എം എൽ എ മാർക്ക് വേണ്ടി ബുക്ക് ചെയ്തിരുന്നത്. ഹോട്ടലിലെ താമസക്കാരെയെല്ലാം ഒഴിപ്പിച്ചു. ഇതിനെല്ലാം സർക്കാർ പിന്തുണയുണ്ടായിരുന്നു.
കർണാടക പി സി സി അധ്യക്ഷൻ സിപിഎം സംസ്ഥാന സെക്രട്ടറിയുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് സൂചന. കേരളത്തിലേക്ക് പോയാൽ തീരുമാനമെടുക്കുന്നതിന് മുമ്പ് തന്നെ കൊച്ചിയിലെ കാര്യങ്ങൾ തയ്യാറാക്കിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിലൊന്നും ലഭിക്കാത്ത സുരക്ഷിതത്വം കേരളത്തിലുണ്ടെന്നാണ് കർണാടക കോൺഗ്രസും ജനതാദളും കരുതി. കേരളത്തിൽ ബിജെപി യോട് യാതൊരു താൽപര്യവുമില്ലാത്തവരാണ് ഭരിക്കുന്നത്. സുരക്ഷിത താവളം ഒരുക്കാൻ അവരോളം കഴിയുന്ന മറ്റാരുമില്ല.
എം എൽ എ മാരെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനത്തിന് അനുമതി നിഷേധിച്ചതോടെയാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. കേന്ദ്ര സർക്കാർ ഇത്തരമൊരൂ വിമാനത്തിന് അഴിമതി നൽകില്ലെന്ന് മനസിലാക്കാനുള്ള സാമാന്യബുദ്ധി കർണാടകത്തിലെ നേതാക്കൾക്കില്ലാതെ പോയി. കുതിര കച്ചവടത്തിന് തയ്യാറായി നിൽക്കുന്ന എം എൽ എ മാരെ വലയിലാക്കാൻ ചാക്കുമായി കാത്തിരിക്കുന്ന ബിജെപിയെ സംബന്ധിച്ചടത്തോളം അവർ ഏതറ്റം വരെയും പോകും.അക്കാര്യം മനസിലാക്കാതെയായിരുന്നു കോൺഗ്രസ് നീക്കങ്ങൾ.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇക്കാര്യത്തിൽ സി പി എമ്മിനൊപ്പം ചേർന്നു എന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം. കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാലും സംസ്ഥാനത്തെ ഉയർന്ന സി പി എം നേതാക്കളെ ബന്ധപ്പെട്ടിരുന്നു. കൈയ് - മെയ് മറന്ന പ്രവർത്തനങ്ങളാണ് ഇക്കാര്യത്തിലുണ്ടായത്.
ഫലത്തിൽ സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യേ എന്ന അവസ്ഥയിലായത് സീതാറാം യച്ചൂരിയാണ്. അദ്ദേഹത്തെ സംബന്ധിച്ചടത്തോളം അടിച്ചത് മൂന്നു കോടിയുടെ സൂപ്പർ ലോട്ടോയാണ്. രാഹുൽ ഗാന്ധി സിന്ദാബാദ് എന്ന് കോടിയേരി ബാലകൃഷ്ണൻ വിളിക്കുന്ന കാലത്തിനായി കാത്തിരിക്കുകയാണ് സീതാറാം യച്ചൂരി.
https://www.facebook.com/Malayalivartha