കേരളാ പോലീസിലെ രാഷ്ട്രീയവത്കരണം അവസാനിപ്പിക്കാനുള്ള കേരള പോലീസ് ആക്റ്റിലെ വ്യവസ്ഥ സർക്കാർ കീറി കളഞ്ഞു

പോലീസിലെ രാഷ്ട്രീയവത്കരണം അവസാനിപ്പിക്കൂന്നതിനായി കർശനമായ വ്യവസ്ഥകളാണ് കേരള പോലീസ് ആക്റ്റിൽ ഉൾപ്പെടുത്തിയിരുന്നത്. ഏഴു വർഷങ്ങൾക്ക് മുമ്പാണ് ആക്റ്റ് തയ്യാറാക്കിയത്. പോലീസ് അസോസിയേഷനുകളുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം വേണമെന്ന കർശന നിർദ്ദേശമാണ് കരട് ചട്ടത്തിലുള്ളത്. ആക്റ്റ് സർക്കാരിന്റെ പരിഗണനയിലാണുള്ളത്. എന്നാൽ സർക്കാർ നിയമത്തിന്റെ അന്തിമ രൂപത്തിന് അംഗീകാരം നൽകിയില്ല.
പോലീസ് അസോസിയേഷനുകൾ യാതൊരു വിധ രാഷ്ട്രീയ ഇടപെടലും നടത്തരുതെന്നാണ് നിയമത്തിൽ പറയുന്നത്. അസോസിയേഷൻ സമ്മേളനം ഒരു ദിവസത്തിൽ അധികം പാടില്ല. പോലീസ് സേനയിലെ അംഗങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ഇടരുത്. അങ്ങനെ ചെയ്യണമെങ്കിൽ അതിന് ഡിജിപിയുടെ അനുമതി വേണം. എന്നാൽ അതൊന്നുമല്ല സേനയിൽ നടന്നുകൊണ്ടിരിക്കുന്നത്.
വിവരാവകാശ നിയമപ്രകാരം സർക്കാർ തന്നെയാണ് കരടു ചട്ടം പുറത്ത് നൽകിയത്. സേനയുടെ യശസിന് കളങ്കമുണ്ടാക്കുന്ന ഒരു പദ്ധതിയും അനുവദിക്കില്ലെന്നും കരടിൽ പറയുന്നു. 2011 ൽ യു ഡി എഫ് സർക്കാരിന്റെ കാലത്താണ് ആക്റ്റ് എഴുതിയുണ്ടാക്കിയത്. ആഭ്യന്തര മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും ആക്റ്റ് സേഫ് കസ്റ്റഡിയിൽ സൂക്ഷിച്ചു. അക്കാലത്തും പോലീസ് അസോസിയേഷനിൽ രാഷ്ട്രീയമുണ്ടായിരുന്നു. അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ കീഴിലാണ് അസോസിയേഷനുകൾ പ്രവർത്തിക്കുന്നത്. സർക്കാരുകൾ മാറി വരുമ്പോൾ അസോസിയേഷൻ തലപ്പത്തിരിക്കുന്നവർക്ക് പണി കിട്ടാറുള്ളതും പതിവാണ്.
സേനയിൽ സംഘടനാ പ്രവർത്തനം നേരത്തെ അനുവദിച്ചിരുന്നില്ല. യു ഡി എഫ് സർക്കാരാണ് അതിനുള്ള അനുവാദം നൽകിയത്. അത് പിന്നീട് അവർക്ക് തന്നെ പാരയായി മാറി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അസോസിയേഷന്റെ തലപ്പത്തുണ്ടായിരുന്ന നേതാവിനെ സോളാർ കേസിൽ വരെ കുരുക്കി. അദ്ദേഹത്തെ ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിച്ച് സർക്കാർ വാർത്തയുമുണ്ടാക്കി. ഇതേ അസോസിയേഷൻ ഉണ്ടായിരുന്ന കാലത്താണ് കേരള പോലീസ് ആക്റ്റ് ഉണ്ടാക്കിയത്.
വിവരാവകാശ പ്രവർത്തകനായ ഡി ബി ബിനുവിനാണ് കേരള പോലീസ് ആക്റ്റിൻ മേൽ അന്തിമ തീരുമാനം എടുത്തില്ലെന്ന വിവരം സർക്കാർ അറിയിച്ചത്. പോലീസ് ആക്റ്റിൻ മേൽ തീരുമാനമെടുക്കാത്തതിന്റെ കാര്യം സർക്കാർ വ്യക്തമാക്കിയിട്ടില്ല. അക്കാര്യം വിവരാവകാശ നിയമപ്രകാരം വ്യക്തമാക്കണമെന്ന കാര്യം നിർബന്ധവുമല്ല. ഏതായാലും വരും ദിവസങ്ങളിൽ ഇത് വാർത്തയാകും. ഇടതു മുന്നണി അധികാരത്തിലെത്തുമ്പോൾ ചുവപ്പും വലതു മുന്നണി അധികാരത്തിലെത്തുമ്പോൾ ത്രിവർണ പതാകയുമണിയുന്ന അസോസിയേഷനിലെ രാഷ്ട്രീയം സേനയിലെ അച്ചടക്കം ഇല്ലാതാക്കാൻ മാത്രമേ ഉപകരിക്കുകയുള്ളു എന്ന് പറയുന്നവരാണ് ഭരണപരിചയമുള്ളവർ.
https://www.facebook.com/Malayalivartha