കാക്കിയിട്ടവരുടെ സ്നേഹകൂട്ടായ്മ രോഗിയായ അമ്മയ്ക്കും മകൾക്കും തണലായി; നന്ദ മോൾക്കും അമ്മയ്ക്കും ഇനി ആരെയും പേടിക്കാതെ സുരക്ഷിതമായി ഉറങ്ങാം

കാക്കിയുടെ സ്‌നേഹക്കൂട്ടായ്‌മയൊരുക്കിയ കൊച്ചുവീട്ടിലേക്കു നന്ദുമോളും അമ്മയും. നന്ദുമോള്‍ക്കിനി മഴവെള്ളം ഇരച്ചുകയറാത്ത അടച്ചുറപ്പുള്ള വീട്ടിലിരുന്നു പഠിക്കാം. അടിമാലി ഇരുന്നൂറേക്കര്‍ താഴത്തുകുടിയില്‍ ഓമനയുടെയും മകള്‍ നന്ദുവിന്റെയും ദുരിത ജീവിതത്തിനു കൈത്താങ്ങായത് ഒരുകൂട്ടം പോലീസുകാരാണ്. ടാര്‍പോളിന്‍ ഷീറ്റുകൊണ്ടു മറച്ച, ഇടിഞ്ഞുപൊളിഞ്ഞ ഭിത്തികളും മേല്‍ക്കൂരയുമുള്ള കൂരയിലാണ് ഇവര്‍ കഴിഞ്ഞുവന്നത്. നന്ദുവിനു നാല് വയസുള്ളപ്പോള്‍ അച്‌ഛന്‍ ഉപേക്ഷിച്ചു പോയി. അന്നു മുതല്‍ തുടങ്ങിയതാണ് ഓമനയുടെ ദുരിതം. ഹോട്ടലിലും മറ്റും ജോലി ചെയ്‌തുണ്ടാക്കുന്ന തുച്‌ഛമായ വരുമാനം ഹൃദ്രോഗിയായ ഓമനയ്‌ക്കു മരുന്നിനു പോലും തികയാറില്ല.
നെടുങ്കണ്ടം ഗവണ്‍മെന്റ് പോളിടെക്‌നിക്കില്‍ രണ്ടാം വര്‍ഷ ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറിങ് വിദ്യാര്‍ഥിനിയാണു നന്ദുമോള്‍. വണ്ടിക്കൂലിക്ക് മാത്രം ദിവസം നൂറു രൂപ വേണം. കുടുംബത്തിന്റെ ദുരവസ്‌ഥ മനസിലാക്കിയ പോലീസ് അസോസിയേഷന്‍ ഭാരവാഹികളായ തോമസ് ജോസഫ്, ശ്രീജു പി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വീടു നിര്‍മിച്ചു നല്‍കിയത്. ആറുമാസം കൊണ്ട് പണി പൂര്‍ത്തിയാക്കി. പോലീസുകാര്‍ ശമ്ബളത്തില്‍ നിന്നും മിച്ചം പിടിച്ച രണ്ടര ലക്ഷം രൂപ ഉപയോഗിച്ചാണ് മൂന്ന് മുറികളും സിറ്റൗട്ടും അടുക്കളയുമുള്ള കൊച്ചു വീടൊരുക്കിയത്.
സമയം കിട്ടുന്നതനുസരിച്ച് പോലീസുകാര്‍ തന്നെ കല്ലും ചുടുകട്ടയും ടൈല്‍സും ഉള്‍പ്പെടെ ചുമന്നെത്തിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തോമസ് ജോസഫ്, ശ്രീജു, പ്രദീപ്, ദിനൂപ് തുടങ്ങിയവര്‍ ഏറ്റെടുത്തപ്പോള്‍ വയറിങ് സജി രാജ്, ബിനുകുമാര്‍, വിപിന്‍ എന്നിവരും പെയിന്റിങ് ജൂബിന്‍, സജി, തോമസ് ജോസഫ് എന്നിവരും ചേര്‍ന്ന് പൂര്‍ത്തിയാക്കി. മേല്‍ക്കൂരയുടെ ജോലി പ്രദേശവാസിയായ ബിജു കൂലിയൊന്നും വാങ്ങാതെ ചെയ്‌തു. വീടിന്റെ താക്കോല്‍ ഇന്നു രാവിലെ 11 ന് ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍ കൈമാറുമെന്ന് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ബിജു പി.കെ അറിയിച്ചു.
https://www.facebook.com/Malayalivartha