തലസ്ഥാനത്ത് പെട്രോള്‍ വില 80 കടന്നു: കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം പെട്രോളിന് 1.08 രൂപയും ഡീസലിന് 1.30 രൂപയും കൂടി, രൂപയുടെ മൂല്യം ഇടിയുന്നതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം

തലസ്ഥാനത്ത് പെട്രോള്‍ വില ഇന്ന് ലിറ്ററിന് 32 പൈസ കൂടി 80.01 രൂപയാണ്. ഡീസലിന് 26 പൈസ കൂടി 73.82 രൂപയായി. ഇന്നലെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 30 പൈസ ഉയര്‍ന്ന് 79.69 രൂപയും ഡീസലിന് 31 പൈസ വര്‍ദ്ധിച്ച് വില 72.82 രൂപയുമായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം പെട്രോളിന് 1.08 രൂപയും ഡീസലിന് 1.30 രൂപയും കൂടി.
ക്രൂഡോയില്‍ വില നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 80 ഡോളറിലെത്തിയതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം. കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 24 മുതല്‍ മേയ് 15 വരെ എണ്ണക്കമ്ബനികള്‍ പ്രതിദിന വിലവര്‍ദ്ധന നിറുത്തിവച്ചിരുന്നു. പെട്രോളിനും ഡീസലിനും ലിറ്ററിന് നാല് രൂപ വരെ ഇക്കാലയളവില്‍ കൂടേണ്ടതായിരുന്നു. നടപ്പാക്കാനാകാതെ പോയ ഈ വര്‍ദ്ധന കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ എണ്ണക്കമ്ബനികള്‍.
സൗദി അറേബ്യയുടെ നേതൃത്വത്തില്‍ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കും റഷ്യയും ക്രൂഡോയില്‍ ഉത്പാദനം നിയന്ത്രിക്കാന്‍ തീരുമാനിച്ചതാണ് നിലവിലെ വിലക്കയറ്റത്തിന് പ്രധാന കാരണം. പ്രമുഖ എണ്ണ ഉത്പാദക രാജ്യമായ ഇറാനുമേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കയുടെ നീക്കവും തിരിച്ചടിയായി. അമേരിക്കന്‍ ഡോളര്‍ മറ്റു കറന്‍സികള്‍ക്കെതിരെ മുന്നേറുന്നതും വില വര്‍ദ്ധിപ്പിക്കുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്രൂഡോയില്‍ വില ബാരലിന് 80 ഡോളറിലെത്തിയിരുന്നു. ഇന്ത്യ വന്‍തോതില്‍ വാങ്ങുന്ന ബ്രെന്റ് ക്രൂഡ് വില 80 ഡോളര്‍ വരെ ഉയര്‍ന്നശേഷം ഇന്നലെ 79.55 ഡോളറില്‍ ക്‌ളോസ് ചെയ്തു. 71.65 ഡോളറിലാണ് യു.എസ് ക്രൂഡ് വില്പന.
എക്‌സൈസ് നികുതിയില്‍ ഇളവ് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും തയ്യാറായാല്‍ കുറയാവുന്നതേയുള്ളൂ പെട്രോള്‍, ഡീസല്‍ വില. 2014 നവംബറിനും 2016 ജനുവരിക്കും ഇടയിലായി പെട്രോളിന് 11.77 രൂപയും ഡീസലിന് 13.47 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതി കൂട്ടിയത്. അധികവരുമാനമായി സര്‍ക്കാരിന് 2.42 ലക്ഷം കോടി രൂപയും കിട്ടി.
https://www.facebook.com/Malayalivartha