പരിയാരം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികളുടെ ഫീസ്, രോഗികളുടെ ചികിത്സാനിരക്ക് കുറയ്ക്കാനായി അഞ്ചംഗ സമിതിയെ നിയോഗിച്ചു

സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികളുടെ ഫീസ്, രോഗികളുടെ ചികിത്സാ നിരക്ക് എന്നിവ കുറയ്ക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. കോഴിക്കോട് മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍ കണ്‍വീനറായും ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. ഡി. നാരായണ, ചിയാക് കേരള മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.എസ്. രാജു, ധനവകുപ്പ് അഡി. സെക്രട്ടറി കെ.എസ്. ഉഷ, പരിയാരത്തെ ഫിനാന്‍സ് മാനേജര്‍ കൃപേഷ് എന്നിവര്‍ അംഗങ്ങളായുമാണ് സമിതി.
ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ആരോഗ്യസെക്രട്ടറി രാജീവ് സദാനന്ദന്‍ ഇറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടും ബാദ്ധ്യത കുട്ടികളുടെ തലയിലാണെന്നും 25,000 മുതല്‍ 2.50 ലക്ഷം വരെയുള്ള കുറഞ്ഞ ഫീസ് ഇല്ലാതായെന്നുമുള്ള കേരളകൗമുദി റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. മന്ത്രിമാരായ കെ.കെ. ശൈലജ, തോമസ് ഐസക്, സെക്രട്ടറിമാരായ രാജീവ് സദാനന്ദന്‍, മനോജ് ജോഷി, ബി.ജി. ഹരീന്ദ്രനാഥ് എന്നിവരുടെ യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗത്തിലാണ് പഠനത്തിനായി സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്.
റീജണല്‍ ക്യാന്‍സര്‍ സെന്റര്‍ മാതൃകയില്‍ ഭരണസമിതിയുണ്ടാക്കി പരിയാരത്തെ സ്വയംഭരണ സ്ഥാപനമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മൂന്നംഗ ബോര്‍ഡ് ഒഫ് കണ്‍ട്രോളും രണ്ട് ഭരണസമിതികളും ഉണ്ടാവും. പരിയാരത്തിന്റെ കടംതീര്‍ക്കാന്‍ 800 കോടി മുടക്കിയാലും സര്‍ക്കാരിന് പൂര്‍ണ നിയന്ത്രണമുണ്ടാവില്ല. നിയമനങ്ങള്‍ സ്വയംഭരണ സൊസൈറ്റിയാണ് നടത്തുന്നത്.
എം.ബി.ബി.എസിന് 85 സീറ്റില്‍ 4.85 ലക്ഷവും 15 എന്‍.ആര്‍.ഐ സീറ്റില്‍ 20 ലക്ഷവുമാണ് ഫീസ്. ഏറ്റെടുത്തശേഷമുള്ള ഉത്തരവില്‍ ക്ലിനിക്കല്‍ പി.ജിക്ക് 10 ലക്ഷവും നോണ്‍ ക്ലിനിക്കലിന് 6 ലക്ഷവും ക്ലിനിക്കല്‍ ഡിപ്ലോമയ്ക്ക് 8.50 ലക്ഷവും സൂപ്പര്‍ സ്‌പെഷ്യാലിറ്റിക്ക് 15 ലക്ഷവും എന്‍.ആര്‍.ഐക്ക് 35 ലക്ഷവുമാണ് ഫീസ്.
https://www.facebook.com/Malayalivartha