കോണ്‍ഗ്രസ് ജെഡിഎസ് ക്യാമ്പിനെ ഭീതിയിലാഴ്ത്തി ഒരു എംഎല്‍എ... താജ് കൃഷ്ണ ഹോട്ടലില്‍ നിന്ന് ഒരു കോണ്‍ഗ്രസ് എംഎല്‍എയെ കാണാതായി; ബാറിലും, റെസ്‌റ്റോറന്റിലും, വാഷ്‌റൂമിലും നടത്തിയ തിരച്ചിലിനൊടുവില്‍ സ്വിമ്മിംഗ് പൂളില്‍ നീന്തിത്തുടിച്ച് എംഎല്‍എ

ഇന്ന് ഭൂരിപക്ഷം തെളിയിക്കാനിരിക്കെ ഒരു എംഎല്‍എയെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് കാണാതായത് ഏറെ ദുരൂഹതയുണര്‍ത്തി. ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റത്തിനു പിന്നാലെയാണ് കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ പാര്‍പ്പിച്ചിരുന്ന റിസോര്‍ട്ടിനുള്ള സുരക്ഷ പിന്‍വലിച്ചത്. ഇതേതുടര്‍ന്ന് രാത്രിയോടെ തന്നെ എംഎല്‍എമാരെ റോഡ് മാര്‍ഗം ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലില്‍ എത്തിക്കുകയായിരുന്നു. തങ്ങളുടെ എംഎല്‍എമാരെ ബിജെപി കുതിരക്കച്ചവടത്തിലൂടെ വരുതിയിലാക്കുമോ എന്ന ഭീഷണി നിലനില്‍ക്കെയാണ് കര്‍ണാടകയ്ക്കു പുറത്തേക്ക് ഇവരെ മാറ്റിയത്.
കര്‍ണാടകയ്ക്കു പുറത്ത് സുരക്ഷിത താവളമായി കോണ്‍ഗ്രസ് ജെഡിഎസ് തിരഞ്ഞെടുത്തത് ഹൈദരാബാദ് ആയിരുന്നു. പിന്നാലെയാണ് കര്‍ണാടകയില്‍ വിശ്വാസവോട്ട് നടത്താന്‍ സുപ്രീംകോടതിയുടെ ഉത്തരരവുണ്ടായത്. ഇതോടെ എംഎല്‍എമാരുടെ മൊബൈല്‍ ഫോണുകള്‍ അവരുടെ പക്കല്‍ നിന്ന് വാങ്ങി ഒരു പഴുതുപോലും ഇല്ലാതയാക്കാന്‍ സൂക്ഷിച്ചു. തുടര്‍ന്നാണ് കോണ്‍ഗ്രസ് ജെഡിഎസ് ക്യാമ്പിനെ ഭീതിയിലാഴ്ത്തി ആ വാര്‍ത്ത പരന്നത്. ഇതുവരെ കൂടെ ഉണ്ടാവയിരുന്ന ഒരു കോണ്‍ഗ്രസ് എംഎല്‍എയെ കാണാനില്ല. ഹൈദരാബാദിലെ ബന്‍ജറ ഹില്‍സിലെ ഹോട്ടലില്‍ പരക്കെ തിരച്ചില്‍ നടത്തി.
ബാറിലും, റെസ്‌റ്റോറന്റിലും, വാഷ്‌റൂമിലും കാടടച്ചുള്ള തിരച്ചില്‍ നടത്തിയെങ്കിലും എംഎല്‍എയെ കണ്ടെത്താനാകാതെ ക്യാമ്പ് ടെന്‍ഷനിലായി. എന്നാല്‍ ടെന്‍ഷന്‍ അവസാനിച്ചത് ഹോട്ടലിന്റെ സ്വിമ്മിംഗ് പൂളിലാണ്. ബെംഗളൂരുവില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയുള്ള യാത്രയ്ക്കു പിന്നാലെ മടക്കയാത്രയ്ക്കായി ഒരുങ്ങുന്നതിനു മുന്നോടിയായി സ്വിമ്മിംഗ് പൂളില്‍ നീന്തിത്തുടിക്കുകയായിരുന്നു കാണാതായ എംഎല്‍എ. അതോടെ ചിരിപടര്‍ന്ന ക്യാമ്പില്‍ ആശ്വാസമായി.
അതേസമയം ഇന്നു വിശ്വാസവോട്ടിനായി കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിരികെ ബംഗളൂരുവിലെത്തി. 222 അംഗ അസംബ്ലിയില്‍ 104 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍, 78 സീറ്റുമായി കോണ്‍ഗ്രസ്, 37 സീറ്റുമായി ജെഡിഎസ് മൂന്നു സീറ്റ് മറ്റുള്ളവര്‍ എന്നിങ്ങനെയാണ് സീറ്റ് നില.
https://www.facebook.com/Malayalivartha