കെവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിൽ നീനുവിന്റെ അച്ഛനും അമ്മയ്ക്കും പങ്ക്... മൂന്നു വാഹനങ്ങളിലായി ക്വട്ടേഷന്‍ സംഘം കോട്ടയം മാന്നാനത്തെ വീട്ടില്‍ എത്തുമ്പോൾ സഹോദരനൊപ്പം വാഹനത്തിലുണ്ടായിരുന്നത് അമ്മയും അച്ഛനും

കെവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ നീനുവിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് വെളിപ്പെടുത്തല്‍. കേസില്‍ അറസ്റ്റിലായ നിയാസിന്റ മാതാവാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.. മാതാപിതാക്കളുടെ അറിവോടെയാണ് മൂന്നു വാഹനങ്ങളിലായി ക്വട്ടേഷന്‍ സംഘം കോട്ടയം മാന്നാനത്തെ വീട്ടില്‍ എത്തി കെവിനെ തട്ടിക്കൊണ്ടുപോയത്.
അമ്മയും അച്ഛനും വാഹനത്തിലുണ്ടായിരുന്നു. സഹോദരന് ഷാനു ചാക്കോയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. നാലു ദിവസമായി നീനുവിന്റെ മാതാപിതാക്കള്‍ കോട്ടയത്താണ്. ഇവരില്‍ നിന്ന് മൊഴിയെടുക്കുമെന്നും തുടര്‍ നടപടികളുമായി മുന്നോട്ടുപോകണമോ എന്ന് പിന്നീട് തീരുമാനിക്കുമെന്നും പോലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോകലും കൊലപാതകവും ആസൂത്രണം ചെയ്തത് ഷാനു ചാക്കോ ആണ്.
ഇക്കാര്യം എല്ലാം മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെയാണ് വാഹനം വിളിക്കുന്നതിനായി ഇവര്‍ പോയത്. കഴിഞ്ഞ ദിവസം നീനുവിന്റെ മാതാപിതാക്കള്‍ കോട്ടയത്ത് എത്തി നീനുവിനെ കാണണമെന്ന് ആവശ്യപ്പെട്ട് കെവിന്റെ വീട്ടില്‍ എത്തിയിരുന്നു.
ക്വട്ടേഷന്‍ സംഘത്തിനായി മറ്റു വാഹനങ്ങള്‍ കിട്ടാതെ വന്നപ്പോഴാണ് അവര്‍ നിയാസിന്റെ സഹായം തേടിയത്. പോകാന്‍ വിസമ്മതിച്ച മകനെ നിര്‍ബന്ധിച്ചു വിളിച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് നിയാസിന്റെ അമ്മ പറഞ്ഞു. താനും കെവിനും പ്രണയത്തിലായിരുന്നുവെന്നും വ്യത്യസ്ത ജാതിയിൽപെട്ടതും കെവിന്റെ മോശമായ സാമ്പത്തിക സാഹചര്യവുമാണ് വീട്ടുകാർ എതിർക്കാൻ കാരണമെന്നും നീനു പറഞ്ഞു.
വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് ഒന്നിച്ചുജീവിക്കാൻ തീരുമാനിച്ചത്. വിദേശത്തായിരുന്ന ഒരു സഹോദരന്റെ നേതൃത്വത്തിലാണ് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. വീട്ടുകാരെ എതിർത്ത് താൻ ഇഷ്ടപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ വീട്ടുകാർ അനുവദിച്ചില്ലെന്ന വിതുമ്പലോടെയാണ് നീനു കാര്യങ്ങൾ വിവരിച്ചത്.
https://www.facebook.com/Malayalivartha