പ്രിയതമന് അന്ത്യ ചുംബനം നൽകാനെത്തിയപ്പോൾ നീനു അലറി വിളിച്ചു... മരണമറിഞ്ഞത് മുതൽ നീനുവിന് ആശ്വാസമായി ഒപ്പമുണ്ടായിരുന്ന കെവിന്റെ പിതാവ് ജോസഫും അന്ത്യനിമിഷങ്ങളിൽ നിയന്ത്രണംവിട്ടതോടെ കോട്ടയം നട്ടാശേരി വട്ടപ്പാറ വീട് കണ്ണീരിലമർന്നു... കെവിന്റെ മൃതദേഹം ഇന്നലെ ആ ചെറിയ വാടകവീട്ടിൽ എത്തിച്ചപ്പോൾ മുതൽ കണാനായത് ഹൃദയ ഭേദകമായ രംഗങ്ങൾ

പ്രണയവിവാഹത്തെ തുടർന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിൻ പി. ജോസഫിന്റെ (23) മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ ആ ചെറിയ വാടകവീട്ടിൽ എത്തിച്ചപ്പോൾ മുതൽ കണാനായത് ഹൃദയ ഭേദകമായ രംഗങ്ങൾ ആയിരുന്നു. കണ്ണുകളെല്ലാം നനഞ്ഞുനിൽക്കെ, അന്ത്യചുംബനമേകാൻ എത്തിയ നീനുവിന്റെ ‘എന്തെങ്കിലും ഒന്ന് മിണ്ടൂചേട്ടായെന്ന’ ചോദ്യത്തിനു മുന്നിൽ ജോസഫിനും പിടിച്ചുനിൽക്കാനായില്ല.
ആ നീല ഷർട്ട് നെഞ്ചോട് ചേർത്ത് നീനു രജിസ്റ്റർ വിവാഹം നടക്കുമ്പോൾ ഇടാൻ വാങ്ങിയ പുതിയ നീല ഷർട്ട് നെഞ്ചോട് ചേർത്തുപിടിച്ചായിരുന്നു നീനു പ്രിയതമന് യാത്രാമൊഴിയേകിയത്. ആ ഷർട്ട് കെവിൻ ധരിച്ചിരുന്നില്ല. കോട്ടയം നട്ടാശേരി വട്ടപ്പാറ വീട്ടിൽനിന്ന് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുന്നതിന് മുന്നോടിയായി അന്ത്യകർമങ്ങൾക്കിടയിൽ കരഞ്ഞുതളർന്ന നീനുവിന്റെ കൈയിൽ ആ ഷർട്ട് കാണാമായിരുന്നു.
മകന്റെ വേർപാട് അറിഞ്ഞത് മുതൽ അടക്കിപ്പിടിച്ച നൊമ്പരമെല്ലാം പിതാവിന്റെ കണ്ണുകളിൽനിന്ന് വാർന്നൊഴുകി. കെവിനുമായുള്ള ജീവിതച്ചുവടുകൾ ബന്ധുക്കളുടെ ദുരഭിമാനത്തിനുമുന്നിൽ പൂർത്തിയാക്കാനാകാതെപോയ ഭാര്യ നീനു ഏവർക്കും ഹൃദയഭേദക കാഴ്ചയായി. മരണമറിഞ്ഞതു മുതൽ നീനുവിന് ആശ്വാസമായി ഒപ്പമുണ്ടായിരുന്ന കെവിന്റെ പിതാവ് ജോസഫും അന്ത്യനിമിഷങ്ങളിൽ നിയന്ത്രണംവിട്ടതോടെ കോട്ടയം നട്ടാശേരി വട്ടപ്പാറ വീട് കണ്ണീരിലമർന്നു.
മൃതദേഹത്തിലേക്ക് വീണുകിടന്ന് കരഞ്ഞ നീനുവിനെ ആശ്വസിപ്പിക്കാൻ ഏറെ പണിപ്പെടേണ്ടിവന്നു. കെവിന്റെ മാതാവ് മേരിയുടെയും സഹോദരി കൃപയുടെയും ശബ്ദം അലമുറകളായി. ഇത് കണ്ടുനിന്ന കണ്ണുകളെല്ലാം നനഞ്ഞു.
https://www.facebook.com/Malayalivartha