പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയ്ക്ക് ദാരുണാന്ത്യം... സ്വകാര്യ ആശുപത്രി ഡോക്ടറുടെയും അധികൃതരുടെയും അലംഭാവമെന്നാരോപിച്ച് പ്രതിഷേധ പ്രകടനങ്ങളുമായി ബന്ധുക്കളും നാട്ടുകാരും

പ്രസവശസ്ത്രക്രിയയെത്തുടര്‍ന്നുണ്ടായ അമിതമായുണ്ടായ രക്തസ്രാവം മൂലം യുവതി മരിച്ചു. സ്വകാര്യ ആശുപത്രി ഡോക്ടറുടെയും അധികൃതരുടെയും അലംഭാവമെന്നാരോപിച്ച് മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിലേക്കു പ്രതിഷേധ പ്രകടനം നടത്തി. പോലീസില്‍ പരാതിയും നല്‍കി.
താമല്ലാക്കല്‍ വടക്ക് കാട്ടില്‍ മാര്‍ക്കറ്റ് മംഗലശേരില്‍ പീതാംബരന്‍കോമളവല്ലി ദമ്പതികളുടെ മകള്‍ നീതു(അശ്വതി27)വാണ് ഇന്നലെ പുലര്‍ച്ചെ 5.30 ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് യുവതിയെ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടത്തെ ഗൈനക്കോളജിസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു തുടക്കം മുതല്‍ ചികിത്സ.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 നു സിസേറിയന്‍ ശസ്ത്രക്രിയ ആരംഭിച്ചു. 12.56 ന് പെണ്‍കുഞ്ഞ് ജനിച്ചു. ഡോക്ടര്‍ ആവശ്യപ്പെട്ടതനുസരിച്ച് രക്തം കൊടുക്കുന്നതിന് ആളുകളെ കരുതിയിരുന്നു. നീതുവിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി അന്വേഷിച്ച ബന്ധുക്കളോട് കുഴപ്പമില്ലെന്ന മറുപടിയാണ് ഡോക്ടര്‍ നല്‍കിയത്. എന്നാല്‍, ഡോക്ടറുടെയും ജീവനക്കാരുടെയും പരിഭ്രമം ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍, വിദഗ്ധ ചികിത്സയ്ക്കായി വേറെ ആശുപത്രിയില്‍ കൊണ്ടുപോകണോയെന്ന് ചോദിച്ചെങ്കിലും അതിന്റെ ആവശ്യമില്ലെന്നു ഡോക്ടര്‍ പറഞ്ഞു. ഇതിനിടയില്‍ തങ്ങളെക്കൊണ്ട് പേപ്പറുകളില്‍ ഒപ്പിടുവിച്ചെന്നും മുന്‍കൂട്ടി പറയാതെ ഗര്‍ഭപാത്രം നീക്കിയതായും അവര്‍ ആരോപിച്ചു.
രക്തസ്രാവം നിലയ്ക്കാതെ വന്നതിനാല്‍ ആശുപത്രിയിലെ മൂന്നു ജീവനക്കാരുടെയും മറ്റു രണ്ടു പേരുടെയും രക്തം കൊടുത്തെങ്കിലും ഫലമുണ്ടായില്ല. രാത്രി 12 ഓടെ വീണ്ടും ഒരു ഓപ്പറേഷന്‍ കൂടി നടത്തുകയാണെന്ന് ഡോക്ടര്‍ അറിയിച്ചു. പരുമല ആശുപത്രിയിലെ ഡോക്ടറുടെ സഹായം തേടിയെങ്കിലും അതുകൊണ്ടും ഫലമുണ്ടായില്ല. തങ്ങള്‍ പരമാവധി ശ്രമിച്ചെങ്കിലും രോഗിയുടെ നില വഷളായെന്നും അതുകൊണ്ട് കാര്‍ഡിയോളജിസ്റ്റും ഗൈനക്കോളജിസ്റ്റുമുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകണമെന്നും അവിടെ സജ്ജീകരണം ഏര്‍െപ്പടുത്തിയിട്ടുണ്ടന്നും പുലര്‍ച്ചെ ഒരു മണിയോടെ ബന്ധുക്കളെ വിളിച്ച് അറിയിച്ചു.
തുടര്‍ന്നു കത്തു നല്‍കി വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സില്‍ അങ്ങോട്ട് അയച്ചു. പക്ഷേ, രോഗിയെ ചികിത്സിക്കാന്‍ നടപടിയെടുത്തിരുന്നില്ല. വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നില്ല. ഒടുവില്‍ സുഖംപ്രാപിച്ചു വരുന്ന ഒരു രോഗിയെ മാറ്റിയശേഷം നീതുവിനെ വെന്റിലേറ്ററിലാക്കി. യുവതിയുടെ നില വളരെ പരിതാപകരമാണെന്നും എത്തിക്കാന്‍ വൈകിയെന്നുമായിരുന്നു മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്. അവര്‍ പരിശ്രമിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ നീതു മരണത്തിന് കീഴടങ്ങി. ഈ സാഹചര്യത്തിലായിരുന്നു മൃതദേഹവുമായി സ്വകാര്യആശുപത്രിയിലേക്കു പ്രതിഷേധപ്രകടനം നടത്തിയത്. എന്നാല്‍, ചികിത്സാപ്പിഴവുണ്ടായിട്ടില്ലെന്ന് ആശുപത്രി ഡയറക്ടര്‍ അറിയിച്ചു. നീതുവിന്റെ രണ്ടാമത്തെ പ്രസവമായിരുന്നു ഇത്. ഭര്‍ത്താവ്: സുധീഷ്. മകള്‍: വിസ്മയ
https://www.facebook.com/Malayalivartha