രാജ്യസഭാ സീറ്റ് തനിക്ക് കിട്ടുമെന്ന് സുധീരന്‍ സ്വപ്‌നം കണ്ടിരുന്നു, അത് വഴി രാഹുല്‍ഗാന്ധിയുമായി വീണ്ടും അടുക്കുകയും അടുത്ത തവണ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ക്യാബിനെറ്റ് മന്ത്രിസ്ഥാനം ഉറപ്പിക്കാമെന്നും ആഗ്രഹിച്ചു, എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ കുശാഗ്രബുദ്ധി എല്ലാം തവിടുപൊടിയാക്കി

രാജ്യസഭ വഴി അടുത്ത തവണ കേന്ദ്രക്യാബിനെറ്റില്‍ എത്താമെന്ന വി.എം സുധീരന്റെ മോഹത്തിന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഹസനും തടയിട്ടതോടെയാണ് അദ്ദേഹം മൂന്നാം ദിവസവും ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. വിഴിഞ്ഞം കരാറിലൂടെ ഉമ്മന്‍ചാണ്ടിയേയും കോവളം കൊട്ടാരം വിഷയത്തിലൂടെയും ചെന്നിത്തലയേയും പരസ്യപ്രസ്താവന വിലക്കിയ എം.എം ഹസനേയും വീട്ടില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സുധീരന്‍ അതിരൂക്ഷമായി വിമര്‍ശിച്ചതും വെറുതെയല്ല. ഗ്രൂപ്പിന് അതീതനായി നിന്ന് സ്വന്തം ഇമേജ് കെട്ടിപ്പൊക്കാനുള്ള ശ്രമം മാത്രമാണിതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു.
രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന പി.ജെ കുര്യനുമായി രാഹുല്‍ഗാന്ധി അകന്നതോടെയാണ് സുധീരന്റെ മനസില്‍ ഇന്ദ്രപ്രസ്ഥത്തിലേക്ക് ചേക്കേറാമെന്ന മോഹം ഉദിച്ചത്. ഉപാധ്യക്ഷസ്ഥാനം നിലനിര്‍ത്താന്‍ പി.ജെ കുര്യന്‍ ബി.ജെ.പിയുമായി അടുത്തു. നരേന്ദ്രമോദിയുമായി കുര്യന് നല്ല ബന്ധമാണ് ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കുര്യന്‍ രാഹുലിന് അനഭിമിതനായതെന്ന് കോണ്‍ഗ്രസിലെ ചില വൃത്തങ്ങള്‍ പറയുന്നു. ഇത് മനസിലാക്കിയ വി.എം സുധീരന്‍ രാജ്യസഭയിലെത്താന്‍ ചില കളികള്‍ നടത്തി. കുര്യനെ ഒഴിവാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചതോടെ കേരളത്തില്‍ നിന്ന് വി.എം സുധീരന്റെയും പി.സി ചാക്കോയുടെയും പേരുകളാണ് പരിഗണിച്ചിരുന്നത്. രാഹുല്‍ഗാന്ധി എ.കെ ആന്റണിയോട് ഇക്കാര്യം സംസാരിച്ചാല്‍ അദ്ദേഹം വി.എം സുധീരന്റെ പേര് നിര്‍ദ്ദേശിക്കുമെന്ന് ഉറപ്പായിരുന്നു.
എന്നാല്‍ സുധീരന്റെയും മറ്റ് നേതാക്കളുടെയും കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് ഉമ്മന്‍ചാണ്ടി കളിച്ച കളിയില്‍ പലരുടെയും സ്വപ്‌നങ്ങളാണ് തകര്‍ന്നടിഞ്ഞത്. ബാര്‍ക്കോഴക്കേസ് കെ.എം മാണിക്കെതിരെ ഉയര്‍ത്തിക്കൊണ്ട് വന്നത് രമേശാണ്. രമേശിന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചാണ് കേരളാ കോണ്‍ഗ്രസ് 2016ല്‍ മുന്നണി വിട്ടത്. അതിനാല്‍ കേരളാ കോണ്‍ഗ്രസുമായി അനുരജ്ഞനത്തിലെത്തേണ്ടത് ചെന്നിത്തലയുടെ കൂടി ആവശ്യമായിരുന്നു. ഇത് മനസിലാക്കിയ ഉമ്മന്‍ചാണ്ടി കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കാമെന്ന് അങ്ങോട്ട് ഉറപ്പ് നല്‍കി. എന്നിട്ട് കുഞ്ഞാലിക്കുട്ടിയെ കളത്തിലിറക്കി ജോസ് കെ.മാണി -രാഹുല്‍ഗാന്ധി കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കി. അവിടെ വെച്ച് ജോസ് കെ.മാണി ഇക്കാര്യം ഉന്നയിച്ചപ്പോള്‍ തന്നെ രാഹുല്‍ഗാന്ധി അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്‍പേ ഇതെല്ലാം സെറ്റാക്കിവച്ചിരുന്ന ഉമ്മന്‍ചാണ്ടി കാര്യങ്ങള്‍ രഹസ്യമായി നീക്കി. സീറ്റ് കിട്ടായാല്‍ സ്വീകരിക്കുമോ എന്ന് അടുപ്പമുള്ള പല മാധ്യമപ്രവര്‍ത്തകരും ചോദിച്ചപ്പോള്‍ അപ്പോ നോക്കാം എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. അതിനര്‍ത്ഥം വ്യക്തമാണ്. പരിചയസമ്പന്നനായ തന്നെ ഹൈക്കമാന്‍ഡ് ഡെപ്യൂട്ടി ചെയര്‍മാനാക്കാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ രാജ്യസഭാ സീറ്റ് തനിക്കാണെന്ന് പി.ജെ കുര്യനും പല മാധ്യമപ്രവര്‍ത്തകരോടും സ്വകാര്യസംഭാഷണത്തില്‍ പറഞ്ഞു. എന്നാല്‍ ഒരൊറ്റ നീക്കത്തിലൂടെ ഉമ്മന്‍ചാണ്ടി അതെല്ലാം തകിടംമറിച്ചു.
https://www.facebook.com/Malayalivartha























