രാജ്യത്തെ ടാക്‌സികളിലും ക്യാബുകളിലും ചൈല്‍ഡ് ലോക്ക് സംവിധാനം നിര്‍ത്തലാക്കുന്നു

രാജ്യത്തെ ടാക്‌സികളിലും ക്യാബുകളിലും ഏര്‍പ്പെടുത്തിയ ചൈല്‍ഡ് ലോക്ക് സംവിധാനം സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷാര്‍ത്ഥം നിറുത്തലാക്കുന്നു. അടുത്ത വര്‍ഷം മുതല്‍ ഇത് നിലവില്‍ വരും. ചൈല്‍ഡ് ലോക്കിന് പകരം പുതിയൊരു സംവിധാനം ഓട്ടോമൊബൈല്‍ മേഖല വികസിപ്പിച്ചെടുക്കും. ഓട്ടോമൊബൈല്‍ രംഗത്തെ നിലവാരങ്ങള്‍ നിശ്ചയിക്കുന്ന സി.എം.വി.ആര്‍ ടി.എസ്.സി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനത്തിലെത്തിയത്.
സ്ത്രീകളുടെ സുരക്ഷയ്ക്കായാണ് ചൈല്‍ഡ് ലോക്കുകള്‍ കൊണ്ടുവന്നതെങ്കിലും ഡ്രൈവര്‍മാര്‍ ഇത് ദുരുപയോഗം ചെയ്തതോടെയാണ് പുതിയ സംവിധാനം കൊണ്ടുവരാന്‍ തീരുമാനിച്ചത്. സ്ത്രീകളെ മാനസികമായും മറ്റും പീഡിപ്പിച്ചതായുള്ള പരാതികള്‍ മുംബയ്, ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളില്‍ ലഭിച്ചിരുന്നു. ചൈല്‍ഡ് ലോക്ക് ഇട്ടു കഴിഞ്ഞാല്‍ കാറിന്റെ ഡോര്‍ പുറത്ത് നിന്ന് മാത്രമെ തുറക്കാനാകൂ. ടാക്‌സികളിലും ക്യാബുകളിലുമാണ് ഉടനെ ഈ സംവിധാനം കൊണ്ടുവരുന്നത്.
അതേസമയം, നിലവിലുള്ള മറ്റ് കാറുകളില്‍ ചൈല്‍ഡ് ലോക്ക് സംവിധാനം മാറ്റി സ്ഥാപിക്കുന്നതിന് സമയം അനുവദിക്കും. അടുത്ത വര്‍ഷം മുതല്‍ പുറത്തിറങ്ങുന്ന കാറുകളില്‍ പുതിയ സംവിധാനമായിരിക്കും ഉണ്ടാകുക.
https://www.facebook.com/Malayalivartha

























