പൈതൃക നഗരമായ ഹംപിയിലെ വിഷ്ണു ക്ഷേത്ര സമുച്ചയത്തിലെ പ്രസിദ്ധമായ കല്‍ത്തൂണുകള്‍ തകര്‍ത്തവരെക്കൊണ്ട് തന്നെ പുനഃസ്ഥാപിച്ചു

കര്‍ണാടകയുടെ പൈതൃക നഗരമായ ഹംപിയിലെ വിഷ്ണു ക്ഷേത്ര സമുച്ചയത്തിലെ പ്രസിദ്ധമായ കല്‍ത്തൂണുകള്‍ തകര്‍ത്തവരെക്കൊണ്ട് തന്നെ അത് പുനഃസ്ഥാപിച്ചു. സംഭവത്തില്‍ പിടിയിലായവരില്‍ നിന്ന് 70,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
ബിഹാറില്‍ നിന്നുളളള ബാബു ചൗധരി, രാജ് ആര്യന്, കുമാര്‍ ചൗധരി, മധ്യപ്രദേശില്‍നിന്നുള്ള ആയുഷ് എന്നിവരെയാണ് കല്‍ത്തൂണുകള്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വീണ്ടും ക്ഷേത്രത്തില്‍ എത്തിച്ചാണ് കല്‍ത്തൂണുകള്‍ പൂര്‍വസ്ഥിതിയിലാക്കിയത്. കോടതി ഉത്തരവിന്മേലായിരുന്നു നടപടി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ അധികൃതരും പോലീസുമാണ് നടപടികള്‍ക്കു മേല്‍നോട്ടം വഹിച്ചത്. കേസുമായി ബന്ധപ്പെട്ട് ഈ മാസം എട്ടിനാണ് പ്രതികളെ പിടികൂടിയത്. പതിനാലിന് ഇവരെ ജുഡീഷല്‍ കസ്റ്റഡിയില്‍നിന്നു വിട്ടയച്ചു. കോടതി നിര്‍ദേശിച്ച പിഴ അടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതികള്‍ രണ്ടു വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടിവരും.
വിനോദ യാത്രികരായി ഹംപിയില്‍ എത്തിയ യുവാക്കള്‍ ക്ഷേത്രത്തിന്റെ കല്‍ത്തൂണുകള്‍ മറിച്ചിട്ടു നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ വ്യാപക പ്രതിഷേധത്തിനു കാരണമായിരുന്നു. പ്രതികളില്‍ ഒരാളായ ആയുഷ് തന്നെയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. വിവാദമായതോടെ ഇത് നീക്കിയിരുന്നു.
2019-ല്‍ യാത്ര ചെയ്യേണ്ട 52 സ്ഥലങ്ങളില്‍ ഒന്നായി ന്യുയോര്‍ക്ക് ടൈംസ് ഹംപിയെ തെരഞ്ഞെടുത്തതിനു പിന്നാലെയാണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. പട്ടികയില്‍ ഹംപിക്ക് രണ്ടാം സ്ഥാനമായിരുന്നു.
https://www.facebook.com/Malayalivartha