പുല്‍വാമ ഭീകരാക്രമണക്കേസ്; ആഭ്യന്തര മന്ത്രാലയം അന്വേഷണം എന്‍.ഐ.എക്ക് കൈമാറി

പുല്‍വാമ ഭീകരാക്രമണക്കേസ് അന്വേഷണം ആഭ്യന്തര മന്ത്രാലയം എന്‍.ഐ.എക്ക് കൈമാറി. കേസ് അന്വേഷണം എന്‍.ഐ.എക്ക് കൈമാറിക്കൊണ്ടുള്ള ആഭ്യന്തരമന്ത്രാലത്തിന്റെ ഉത്തരവ് ഇന്നലെ വൈകീട്ടോടെയാണ് എന്‍.ഐ.എ ആസ്ഥാനത്ത് ലഭിച്ചത്. അതേസമയം ആക്രമണം നടന്ന ഫെബ്രുവരി 14 മുതല്‍ എന്‍.ഐ.എ, സി.എഫ്.എസ്.എല്‍ സംഘം ശ്രീനഗറില്‍ തുടരുന്നുണ്ട്. എന്‍.ഐ.എ ഇന്നുതന്നെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
പുല്‍വാമ ഭീകരാക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ 10 അംഗ എന്‍.ഐ.എ സംഘം ജമ്മുകശ്മീരില്‍ എത്തിയിരുന്നു. ഫോറന്‍സിക് വിഭാഗമടക്കം സര്‍വ്വം സജ്ജമായാണ് എന്‍.ഐ.എ സംഘം എത്തിയിരുന്നത്. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. കേസ് അന്വേഷിച്ചിരുന്ന ജമ്മുകശ്മീര്‍ പൊലീസിന് വേണ്ട സഹായം ഉറപ്പാക്കിയതും ഈ സംഘമായിരുന്നു. സംഭവ സ്ഥലത്തുനിന്ന് ആവശ്യമായ തെളിവുകളും ശേഖരിച്ചിരുന്നു. കാര്‍ ബംബര്‍, സ്‌ഫോടക വസ്തു കൊണ്ടുവന്നതെന്ന് കരുതുന്ന കാനിന്റെ അവശിഷ്ടങ്ങള്‍, ലോഹ ഭാഗങ്ങള്‍ അടക്കമുള്ളവ എന്‍.ഐ.എ ശേഖരിച്ചവയിലുണ്ട്. ആക്രമണവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ചിലരെ പൊലീസും എന്‍.ഐ.എയും ചോദ്യം ചെയ്ത് വരികയാണ്.
ആക്രമണം സംബന്ധിച്ച ഇന്ത്യ പാക് ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെ ഇന്നലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍, ഐ.ബി അടക്കമുള്ള അന്വേഷണ ഏജന്‍സികളുടെ തലവന്‍മാര്‍, ആഭ്യന്തര മന്ത്രാലയ സെക്രട്ടറി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇതിന് ശേഷമാണ് അന്വേഷണം എന്‍ഐഎക്ക് കൈമാറിയത്.
https://www.facebook.com/Malayalivartha