നാമക്കലിൽ എം.കരുണാനിധിയുടെ പേരിൽ മുപ്പതുലക്ഷം രൂപ ചെലവഴിച്ച് ക്ഷേത്രം നിർമിക്കുന്നു

അന്തരിച്ച തമിഴ്‌നാട് മുൻമുഖ്യമന്ത്രി എം.കരുണാനിധിയുടെ പേരിൽ തമിഴ്‌നാട്ടിലെ നാമക്കലിൽ ക്ഷേത്രം ഉയരുന്നു. അരുന്ധതിയാർ സമുദായത്തിൽപ്പെട്ടവരാണ് ക്ഷേത്രം നിർമിക്കുന്നത്. കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തങ്ങൾക്ക് വിദ്യാഭ്യാസത്തിലും സർക്കാർ നിയമനത്തിലും മൂന്നുശതമാനം പ്രത്യേക സംവരണം നൽകിയതിനുള്ള ആദരസൂചകമായാണ് ഇവർ കലൈജ്ഞർക്കായി ക്ഷേത്രം നിർമിക്കുന്നത്. മുപ്പതുലക്ഷം രൂപ ചെലവഴിച്ചാണ് ക്ഷേത്രമുണ്ടാക്കുന്നത്.
ക്ഷേത്രത്തിന്റെ ഭൂമിപൂജ കഴിഞ്ഞ ദിവസം നാമക്കൽ കുച്ചിക്കാട് ഗ്രാമത്തിൽ നടന്നു. കരുണാനിധിയുടെ പൂർണകായ പ്രതിമയാണ് ക്ഷേത്രത്തിൽ സ്ഥാപിക്കുക. വായനശാലയും ക്ഷേത്രത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. ഡി.എം.കെ. വനിതാവിഭാഗവും അരുന്ധതിയാർ വിഭാഗത്തിന് പിന്തുണയുമായെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























