ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നു... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഏറെ നിര്‍ണായകം... വികസനം, ഐക്യരാഷ്ട്രസഭയുമായി വിവിധ തലങ്ങളിലുള്ള ബന്ധം, അമേരിക്കയുമായുള്ള ഉഭയകക്ഷി വിഷയങ്ങള്‍, വാണിജ്യസമൂഹവുമായി ചര്‍ച്ചകളും സംവാദവും, ലോകനേതാക്കളുമായുള്ള ചര്‍ച്ച എന്നിവ സന്ദര്‍ശനത്തിലെ പ്രധാന അജന്‍ഡകള്‍

ഇത്തവണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഏറെ നിര്‍ണായകമായാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായകമാകുന്ന കൂടികാഴ്ച കൂടിയാകും ഇത്. അതിന് കാരണം നിരവധി ഘടകങ്ങളാണ്. വികസനം, ഐക്യരാഷ്ട്രസഭയുമായി വിവിധ തലങ്ങളിലുള്ള ബന്ധം, അമേരിക്കയുമായുള്ള ഉഭയകക്ഷി വിഷയങ്ങള്‍, വാണിജ്യസമൂഹവുമായി ചര്‍ച്ചകളും സംവാദവും, ലോകനേതാക്കളുമായുള്ള ചര്‍ച്ച എന്നിവയാണ് സന്ദര്‍ശനത്തിലെ പ്രധാന അജന്‍ഡകള്‍ ഇക്കാര്യം വിദേശകാര്യമന്ത്രാലയം തന്നെയാണ് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.
മാത്രവുമല്ല മോദിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി ജമ്മുകശ്മീര്‍ നടപടി ഐക്യരാഷ്ട്രസഭയില്‍ പരാമര്‍ശിക്കില്ലെന്നും 370ാം അനുച്ഛേദം പിന്‍വലിച്ച നടപടി ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ വ്യക്തമാക്കുകയുണ്ടായി. യു.എന്‍. സെക്രട്ടറി ജനറല്‍ സംഘടിപ്പിക്കുന്ന യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കവറേജ് സംബന്ധിച്ച യോഗത്തില്‍ പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരതിന്റെ സവിശേഷതകള്‍ വിശദീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ സംഘടിപ്പിക്കുന്ന 'സമകാലിക അവസ്ഥയില്‍ ഗാന്ധിജിയുടെ പ്രസക്തി' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറാണ് മറ്റൊരു പ്രധാന പരിപാടി. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍, സഹമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കും.ഹൂസ്റ്റണിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യം പുതിയൊരു നാഴികക്കല്ലായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനപരവും സുരക്ഷിതവും സമൃദ്ധവുമായ ലോകം നിര്‍മിക്കുന്നതിന് ഇരുരാജ്യങ്ങള്‍ക്കും സംഭാവന ചെയ്യാനാകുമെന്നും വെള്ളിയാഴ്ച അമേരിക്കയിലേക്കു പുറപ്പെടുന്നതിനുമുമ്പായി അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത ചടങ്ങിയലെ ട്രംപിന്റെ സാനിധ്യം തന്നെയാണ് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം ഒത്തുകൂടുന്ന ഒരു പരിപാടിയില്‍ ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് പങ്കെടുക്കുന്നത്. ഏതാണ്ട് 50,000ത്തോളം പേര്‍ മെഗാ ഹൗഡി മോദി പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപിനെ ഈ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ സാധിച്ചത് ഇന്ത്യയുടെ നയതന്ത്രവിജയമായാണ് കണക്കാക്കപ്പെടുന്നത്. വെള്ളിയാഴ്ച രാത്രിയാണ് മോദി അമേരിക്കയ്ക്ക് തിരിച്ചത്. യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്ന മോദി, ലോകസമാധാനത്തിന് ഇന്ത്യ എന്നും പ്രതിജ്ഞാബദ്ധമാണെന്ന നിലപാട് ആവര്‍ത്തിക്കും.
''ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകള്‍ ട്രംപുമായുള്ള കൂടിക്കാഴ്ചയിലുണ്ടാകും. ഇന്ത്യയുടെ വികസനത്തിന്റെ പങ്കാളിയാണ് എന്നും അമേരിക്ക'', മോദി പറഞ്ഞു. ഇന്ന് ഹൂസ്റ്റണില്‍ മോദി, പ്രധാനപ്പെട്ട ഊര്‍ജകമ്പനികളുടെ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ അമേരിക്ക ഊര്‍ജസഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ഇതിന് ശേഷം ന്യൂയോര്‍ക്കില്‍ യുഎന്‍ സമ്മേളനത്തിന്റെ ഭാഗമായി നിരവധി പ്രധാനപരിപാടികളില്‍ മോദി പങ്കെടുക്കും. 'ദാരിദ്ര്യനിര്‍മാര്‍ജനം, മികച്ച വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം, എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വികസനം' എന്നതാണ് 74ാമത് യുഎന്‍ സമ്മേളനത്തിന്റെ പ്രഖ്യാപിതലക്ഷ്യം. ''അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ നിരവധി വെല്ലുവിളികളുണ്ട്. സാമ്പത്തികമേഖലയിലെ തളര്‍ച്ച, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംഘര്‍ഷങ്ങള്‍, തീവ്രവാദത്തിന്റെ വ്യാപനം, കാലാവസ്ഥാ മാറ്റം, പടര്‍ന്നു കയറുന്ന ദാരിദ്ര്യം. ഇതെല്ലാം മറികടക്കാന്‍ ഒന്നിച്ചു നിന്നേ തീരൂ. എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചുനിര്‍ത്താനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ഒരിക്കല്‍കൂടി ആവര്‍ത്തിക്കുന്നതാകും യുഎന്നിലെ പ്രസംഗം'', മോദി വ്യക്തമാക്കി.
https://www.facebook.com/Malayalivartha