തീവണ്ടിപ്പാളത്തിലൂടെ നടന്ന് 'ടിക്ടോക്' വീഡിയോ ചിത്രീകരിക്കുന്നതിനിടെ പുറകിലൂടെ വന്ന കോലാര്‍ -ചിക്കബെല്ലാപൂര്‍-ബംഗളൂരു എക്‌സ്പ്രസ് ഇടിച്ച് തെറിപ്പിച്ച് രണ്ട് മരണം; ഇടിയുടെ ആഘാതത്തിൽ 19കാരൻ വൈദ്യുതിത്തൂണില്‍ ഇടിച്ച് പത്തടി അകലേക്ക് തെറിച്ചുവീണു:- 22കാരന്റെ മൃതദേഹം കണ്ടെത്തിയത് മീറ്ററുകള്‍ക്കപ്പുറത്ത് നിന്ന്- കുറ്റിക്കാട്ടിനുള്ളിലേക്ക് തെറിച്ചുവീണ മറ്റൊരു സുഹൃത്ത് ഗുരുതരാവസ്ഥയിൽ

തീവണ്ടി പാളത്തിലൂടെ നടന്ന് ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ തീവണ്ടി തട്ടി രണ്ട് പേര്‍ തല്‍ക്ഷണം മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ബംഗളൂരു ഹെഗ്ഡെ നഗര്‍ സ്വദേശികളായ അബ്സാദ് (19), മുഹമ്മദ് മട്ടി (22) എന്നിവരാണ് മരിച്ചത്.
സുഹൃത്തായ സലീബുള്ള (22)യാണ് ഗുരുതരപരിക്കുകളോടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലുള്ളത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഹെഗ്ഡെ നഗര്‍ റെയില്‍വേ ഗേറ്റിനു സമീപത്താണ് ദാരുണമായ അപകടം നടന്നത്. മൂന്നുപേരും ചേര്‍ന്നു തീവണ്ടിപ്പാളത്തിലൂടെ നടന്ന് 'ടിക്ടോക്' വീഡിയോ ചിത്രീകരിക്കുകയായിരുന്നു. പുറകിലൂടെ വരികയായിരുന്ന കോലാര്‍ -ചിക്കബെല്ലാപൂര്‍-ബംഗളൂരു എക്‌സ്പ്രസ് അടുത്തെത്തുന്നതിനു മുമ്ബ് പാളത്തില്‍നിന്ന് ഓടിമാറുവാനായിരുന്നു മൂവരുടെയും പദ്ധതി.
എന്നാല്‍ എല്ലാ കണക്ക് കൂട്ടലുകളും അസ്ഥാനത്താക്കി തീവണ്ടി അടുത്തെത്തി. മൂവരെയും ഇടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ അബ്സാദ് തൊട്ടടുത്ത വൈദ്യുതിത്തൂണില്‍ ഇടിച്ച് പത്തടി അകലേക്ക് തെറിച്ചുപോയി. മുഹമ്മദ് മട്ടിയുടെ മൃതദേഹവും മീറ്ററുകള്‍ക്കപ്പുറത്ത് നിന്നാണ് കണ്ടെത്തിയത്. തൊട്ടടുത്ത കുറ്റിക്കാട്ടിനുള്ളിലേക്ക് തെറിച്ചുവീണ സലീബുള്ളയ്ക്ക് തലയ്ക്കാണ് പരിക്കേറ്റത്.
https://www.facebook.com/Malayalivartha