യു.പി.യിലെ കരിമ്പ് തോട്ടങ്ങളില്‍ ജോലിക്കിറങ്ങുന്ന കര്‍ഷകര്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന് യുപി വനം വകുപ്പ്
യുപി വനംവകുപ്പ് കരിമ്പിന് തോട്ടങ്ങളില്‍ ജോലിക്കിറങ്ങുന്ന കര്‍ഷകര്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി രംഗത്തെത്തി. കരിമ്പിന് തോട്ടങ്ങളില്‍ ഇറങ്ങുന്ന കര്‍ഷകര്‍ ഹെല്‍മെറ്റും നെക്ക്പാഡും അടക്കമുള്ളവ ധരിക്കണമെന്നാണ് നിര്‍ദ്ദേശം. കര്‍ഷകരുടെ സുരക്ഷ കണക്കിലെടുത്താണ് ഈ നിര്‍ദ്ദേശം. കരിമ്പ് വിളവെടുപ്പുകാലം വരാനിരിക്കെയാണ് യുപി വനംവകുപ്പ് ഈ നിദ്ദേശം മുന്നോട്ട് വെച്ചത്.
ഈ വര്‍ഷം മാത്രം വന്യമൃഗങ്ങളുടെ ആക്രമണം മൂലം ആറ് പേരാണ് മരിച്ചത്. ഇങ്ങനെ ഒരു സാഹചര്യം നില്‍ക്കുന്നതിനാലാണ് സുരക്ഷാ ബോധവത്കരണം വ്യാപകമാക്കാന്‍ വനംവകുപ്പ് തീരുമാനിച്ചത്. തുടര്‍ന്ന് ഇത് സംബന്ധിച്ച് റേഷന്‍ കടകളിലും ഗ്രാമീണ മേഖലകളിലും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു.
ബിജ്നോര്‍ ഡിഎഫ്ഒ വാര്‍ത്താ ഏജന്‍സിയോട് അറിയിച്ച വിവരങ്ങള്‍ ഇപ്രകാരമാണ്; ഹെല്‍മെറ്റും നെക്ക് ഗാര്‍ഡും ധരിക്കുക മാത്രമല്ല പാടത്ത് ജോലി ചെയ്യുന്ന സമയത്ത് ഡ്രം മുഴക്കുകയോ മൊബൈലിലോ റേഡിയോയിലോ ഉറക്കെ പാട്ടുവെക്കുകയോ ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അത് കൂടാതെ പാടത്തേക്ക് പോകുന്നവര്‍ കൂട്ടം ചേര്‍ന്നോ അല്ലെങ്കില്‍ നായയെ ഒപ്പം ചേര്‍ക്കുകയോ വേണം. തോട്ടത്തില്‍ വന്യമൃഗങ്ങളെ കണ്ടാല്‍ ഉടന്‍ വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കണം. അറിയിക്കാനുള്ള ഫോണ്‍ നമ്പറുകള്‍ പോസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ഉടന്‍ സ്ഥലത്തെത്താന്‍ പ്രത്യേക ദൗത്യസേന രൂപവത്കരിച്ചിട്ടുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ പറയുന്നു.
https://www.facebook.com/Malayalivartha