കോഴിക്കോട്-ദുബായ് സ്‌പൈസ് ജെറ്റ് വിമാനവും കൊച്ചി-ദോഹ ഖത്തര്‍ എയര്‍വേയ്‌സും റദ്ദാക്കി

സാങ്കേതിക തകരാറും സര്‍വീസ് പ്രശ്‌നങ്ങളും കാരണം കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ദുബായിലേക്കുള്ള സ്‌പൈസ്‌ജെറ്റ് വിമാനവും കൊച്ചിയില്‍നിന്ന് ദോഹയിലേക്കുള്ള ഖത്തര്‍ എയര്‍വേയ്‌സും റദ്ദാക്കി. വിവരം വൈകിയാണ് അറിയിച്ചതെന്നാരോപിച്ച് ഇരുവിടങ്ങളിലും യാത്രക്കാര്‍ പ്രതിഷേധിച്ചു.
ഇന്ന് വൈകിട്ട് 6.40നുള്ള സ്‌പൈസ്‌ജെറ്റ് വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാര്‍ വിവരമറിഞ്ഞത് വിമാനത്താവളത്തിലെത്തിയശേഷം മാത്രമാണ്. വാക്കുതര്‍ക്കത്തിനു പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായതായാണ് വിവരം. ഇക്കഴിഞ്ഞ തിങ്കളാഴ്ചയും ഇതേ വിമാനം റദ്ദാക്കിയിരുന്നു. അന്നത്തെ യാത്രക്കാരെ ഇന്നലെ കൊണ്ടുപോകുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുമുണ്ടായില്ല. ടിക്കറ്റ് റീഫണ്ട് ചെയ്തു നല്‍കുമെന്നാണ് പിന്നീട് അറിയിച്ചിരുന്നത്. എന്നിട്ടും ഇന്ന് വൈകിട്ടത്തെ വിമാനത്തിനായി മുഴുവന്‍ യാത്രക്കാരും വിമാനത്താവളത്തിലെത്തിയ ശേഷമാണ് റദ്ദാക്കിയ വിവരം അറിയിച്ചതെന്നാണ് പരാതി. സര്‍വീസ് പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി അറിയാമായിരുന്നിട്ടും യാത്രക്കാരെ സ്‌പൈസജെറ്റ് അധികൃതര്‍ പ്രയാസപ്പെടുത്തിയെന്നാണ് ആക്ഷേപം.
കൊച്ചിയില്‍നിന്നു പുലര്‍ച്ചെ ദോഹയിലേക്കുള്ള പോകേണ്ടിയിരുന്ന ഖത്തര്‍ എയര്‍വേയ്‌സ് വിമാനവും സാങ്കേതികത്തകരാറിനെ തുടര്‍ന്നു റദ്ദാക്കി. ഇന്നു പുലര്‍ച്ചെ 4.15 ന് കൊച്ചിയില്‍നിന്നു പുറപ്പെടേണ്ട വിമാനമാണിത്. 290 യാത്രക്കാരാണ് ഈ വിമാനത്തില്‍ പോകാനുണ്ടായിരുന്നത്.
ദോഹയില്‍നിന്നെത്തിയ വിമാനം കൊച്ചിയില്‍നിന്നു യാത്രക്കാരുമായി മടങ്ങും മുന്‍പ് എന്‍ജിനീയറിങ് വിഭാഗം നടത്തിയ പതിവു പരിശോധനയിലാണു വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിമാനത്തിന്റെ യാത്ര റദ്ദാക്കി. ഇതിനിടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. പിന്നീട് ഇവരെ ഹോട്ടലുകളിലേക്ക് മാറ്റി. തകരാര്‍ പരിഹരിച്ച ശേഷം വിമാനം ദോഹയിലേക്ക് സര്‍വീസ് നടത്തും.
https://www.facebook.com/Malayalivartha

























