യുദ്ധത്തിൽ ട്വിസ്റ്റ്, ഇറാനെ വിറപ്പിച്ച് അറബിക്കൂട്ടങ്ങൾ...!ഹോർമൂസിൽ ട്രംപിൻറെ മാസ്റ്റർ പ്ലാൻ ഇറാന്റെ വക മിസൈൽ

പശ്ചിമേഷ്യയിൽ സംഘർഷ സാധ്യതകൾ അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ഇറാനുമായുള്ള എല്ലാവിധ വ്യാപാര ഇടപാടുകളും സാമ്പത്തിക വിനിമയങ്ങളും യുഎഇ അടിയന്തരമായി നിർത്തിവെച്ചു. തുടർ ഉത്തരവ് ഉണ്ടാകുന്നത് വരെ സഹകരണം ഉണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. മേഖലയിലെ കപ്പൽ ഗതാഗതത്തിന് നേരെ ഇറാൻ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കടുത്ത തീരുമാനത്തിലേക്ക് യുഎഇ കടന്നത്. ഒരു മിസൈൽ രാജ്യത്തിന്റെ സമുദ്രാതിർത്തിക്ക് വെളിയിലും രണ്ടാമത്തേത് അതിർത്തിക്കുള്ളിലെ കടലിലും പതിച്ചതായാണ് റിപ്പോർട്ട്.
എത്രകാലത്തേക്ക് വിലക്ക് തുടരുമെന്നോ, നിയന്ത്രണങ്ങളുടെ വ്യാപ്തി എത്രത്തോളമാണെന്നോ ഉള്ള കാര്യങ്ങളിൽ മന്ത്രാലയം തത്കാലം കൂടുതൽ വിശദീകരണങ്ങൾ നൽകിയിട്ടില്ല. പശ്ചിമേഷ്യൻ സുരക്ഷ അപകടത്തിലായതാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഇറാനുമായുള്ള വ്യാപാര രംഗത്ത് കാലങ്ങളായി പ്രധാന കേന്ദ്രമായി പ്രവർത്തിച്ചുപോന്ന യുഎഇയുടെ ഈ തീവ്ര നിലപാട് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെ വരുംദിവസങ്ങളിൽ രൂക്ഷമായി ബാധിക്കുമെന്ന് ഉറപ്പാണ്. റീ-എക്‌സ്‌പോർട്ട് മേഖലയ്ക്കും ഇത് കനത്ത തിരിച്ചടിയാകും. അതേസമയം, യുഎഇയുടെ മിസൈൽ ആക്രമണ ആരോപണം ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മായിൽ ബഖായി പൂർണ്ണമായും തള്ളിപ്പറഞ്ഞു. രാജ്യങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസത്തിനും മേഖലാ സുരക്ഷയ്ക്കും തിരിച്ചടിയാകുന്ന വ്യാജ പ്രചാരണമാണിതെന്ന് ഇറാൻ ആരോപിച്ചു.
അതിനിടെ ഇറാനുമായി ചർച്ചകളോ ആശയവിനിമയമോ നടക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാണെന്നും കടലിടുക്കിൽ സ്ഥാപിക്കപ്പെട്ടിരുന്ന മൈനുകൾ നീക്കംചെയ്യുകയോ നിർവീര്യമാക്കുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിലൂടെ ആയിരുന്നു ട്രംപിന്റെ അവകാശവാദം. 'ഇറാനുമായി ചർച്ചകളോ ആശയവിനിമയമോ നടക്കുന്നില്ല. അത്തരത്തിലൊന്നും നിശ്ചയിച്ചിട്ടുമില്ല. നാവിക ഉപരോധം പൂർണമായ തോതിൽ തുടരുകയാണ്. ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുകയാണ്, പ്രവർത്തിക്കുന്നുമുണ്ട്. കടലിൽ സ്ഥാപിച്ചിരുന്ന മൈനുകൾ എല്ലാം നീക്കം ചെയ്യുകയോ നിർവീര്യമാക്കുകയോ ചെയ്തിട്ടുണ്ട്, ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അതിനിടെ യുഎസുമായി സമാധാന കരാറിലെത്തുന്നത് വരെ പേർഷ്യൻ ഗൾഫിലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎഇ തുറമുഖങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് അന്താരാഷ്ട്ര സമുദ്രത്തിലേക്ക് കടക്കാൻ ഈ വഴി മാത്രമാണ് ഏക ആശ്രയം. മിസൈൽ ഭീഷണിയുണ്ടെന്ന മുന്നറിയിപ്പ് സന്ദേശം യുഎഇയിലെ ജനങ്ങളുടെ മൊബൈൽ ഫോണുകളിൽ അടിയന്തര സന്ദേശമായി എത്തിയതോടെ രാജ്യത്താകെ വമ്പൻ പരിഭ്രാന്തി പടർന്നു. സുരക്ഷിത കെട്ടിടങ്ങളിലേക്ക് മാറാൻ ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























